തളിപ്പറമ്പില്‍ കന്നുകാലി ശല്യം രൂക്ഷം;ദേശീയപാതയില്‍ ലോറിയിടിച്ച് പശു ചത്തു
തളിപ്പറമ്പ്: ദേശീയപാതയില്‍ കോഫി ഹൗസിന് മുന്നില്‍ പശു ലോറിയിടിച്ച് ചത്തു. വാഹനം ഇടിച്ച് ഏറെ നേരം റോഡില്‍ കിടന്ന് പിടഞ്ഞ ശേഷം ഇന്നലെ രാവിലെയോടെയാണ് പശു ചത്തത്. ഇതിനെ പിന്നീട് നഗരസഭ ശുചീകരണ തൊഴിലാളികള്‍ മറവു ചെയ്തു. നഗരത്തില്‍ അലഞ്ഞുതിരിയുന്ന പശുക്കളെ നിയന്ത്രിക്കാന്‍ നഗരസഭ കാണിക്കുന്ന അലംഭാവത്തിന്റെ രക്തസാക്ഷിയാണ് പശുവെന്ന് മൃഗക്ഷേമ പ്രവര്‍ത്തകര്‍ പറഞ്ഞു. അടുത്ത കാലത്തായി യാതൊരു നിയന്ത്രണവുമില്ലാതെയാണ് ദേശീയപാതയിലും നഗരത്തിലെ മറ്റു റോഡുകളിലും പശുക്കള്‍ വിഹരിക്കുന്നത്. നിരവധി തവണ ഇക്കാര്യം നഗരസഭയുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
രണ്ട് വര്‍ഷം മുമ്പ് അലഞ്ഞു തിരിയുന്ന പശുക്കളെ പിടികൂടി നഗരസഭാ ഓഫിസിലെത്തിച്ചാല്‍ പ്രതിഫലം കൊടുക്കാന്‍ നഗരസഭ തയാറായിട്ടും പദ്ധതി വിജയിച്ചില്ല. അലഞ്ഞു തിരിയുന്ന പശുക്കള്‍ റോഡരികിലും കുറ്റിക്കാട്ടിലും പ്രസവിക്കുന്നതും മരണപ്പെടുന്നതും നിത്യസംഭവമാണ്. അലഞ്ഞു തിരിയുന്ന അഞ്ഞൂറിലേറെ പശുക്കള്‍ നഗരത്തിലുണ്ടെന്നാണ് മൃഗക്ഷേമ സംഘടനയായ ആനിമല്‍ ആന്റ് ബേര്‍ഡ്‌സ് വെല്‍ഫേര്‍ ട്രസ്റ്റ് പറയുന്നത്. ഇവയെ ഏറ്റെടുത്ത് സംരക്ഷിക്കാനുള്ള പദ്ധതി റിപ്പോര്‍ട്ട് അധികൃതര്‍ക്ക് മുന്നില്‍ സമര്‍പ്പിച്ച് വര്‍ഷങ്ങളായിട്ടും നടപടിയായില്ലെന്ന് ട്രസ്റ്റ് സെക്രട്ടറി കെ. രഞ്ജിത്ത് പറഞ്ഞു.
രാത്രിയില്‍ റോഡില്‍ കിടക്കുന്ന പശുക്കളെ തട്ടി ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് പരുക്കേല്‍ക്കുന്നതും മരണത്തിനു വരെ കാരണമായിട്ടും നഗരസഭ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്. നഗരസഭക്ക് കാറ്റില്‍പൗണ്ടും പൗണ്ട് കീപ്പറുമൊക്കെ ഉണ്ടെങ്കിലും പ്രവര്‍ത്തനരഹിതമാണ്.
പൗണ്ടിലേക്ക് കയറുന്ന വഴിപോലും തെരുവ് കച്ചവടക്കാര്‍ കൈയേറിയ നിലയിലാണ്. കാറ്റില്‍ പൗണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."