തെറ്റിയില്ല വഴി; ജീവിതവെളിച്ചം കെടാതെ രജിന
കൂത്തുപറമ്പ്: വൈദ്യുത വകുപ്പിലെ രണ്ട് ലൈന്‍മാന്‍മാര്‍ക്ക് വഴിതെറ്റിയപ്പോള്‍ വീട്ടമ്മയ്ക്ക് തിരികെ ലഭിച്ചത് സ്വന്തം ജീവന്‍. കെ.എസ്.ഇ.ബി വേങ്ങാട് സെക്ഷനിലെ ലൈന്‍മാന്‍മാരായ രാജന്‍ കുന്നുമ്മലും വി. സുനിലുമാണ് വട്ടിപ്രത്തെ രജിന(35)യെന്ന വീട്ടമ്മയുടെ രക്ഷകരായത്. രണ്ടാഴ്ച മുന്‍പാണ് സംഭവം. പുതിയ വീടിന്റെ നിര്‍മാണത്തിനിടെ മോട്ടോറിന്റെ ഇലക്ട്രിക് വയര്‍ പ്ലഗില്‍ കുത്തുന്നതിനിടെ രജിനയ്ക്ക് ഷോക്കേല്‍ക്കുകയായിരുന്നു. വീടു നിര്‍മാണത്തിലേര്‍പ്പെട്ട ഒരു തൊഴിലാളി ഉടന്‍ ഓടിയെത്തി രജിനയുടെ ദേഹത്ത് നിന്നു കറന്റ് വയര്‍ നീക്കം ചെയ്‌തെങ്കിലും രജിന ബോധരഹിതയായിരുന്നു. എന്തു ചെയ്യണമെന്നറിയാതെ നിസഹായാവസ്ഥയിലായിരുന്നു സംഭവമറിഞ്ഞെത്തിയ നാട്ടുകാരും ബന്ധുക്കളും. ചിലര്‍ നിലവിളിക്കാനും തുടങ്ങി. ഈ സമയത്താണ് ലൈന്‍മാന്‍മാരായ രാജ നും സുനിലും എത്തിപ്പെടുന്നത്.
വേങ്ങാട് നമ്പ്യാര്‍ പീടികയില്‍ വൈദ്യുത ലൈനിലെ തകരാര്‍ പരിഹരിക്കാനിറങ്ങിയതായിരുന്നു ഇരുവരും. എന്നാല്‍ ഇവര്‍ വഴിതെറ്റി വട്ടിപ്രത്തെത്തിപ്പെടുകയായിരുന്നു. ലൈനില്‍ പ്രശ്‌നമുള്ളത് കൃത്യമായി എവിടെയാണെന്ന് അറിയാന്‍ ഓഫിസിലേക്ക് ഫോണ്‍ ചെയ്യുന്നതിനിടെ നിലവിളികേട്ടാണ് ഇവര്‍ രജിനയുടെ വീട്ടിലേക്ക് ഓടിയെത്തിയത്. പിന്നെ ഒട്ടും വൈകിയില്ല, അപകടം മനസിലാക്കിയ ഇവര്‍ രജിനക്ക് അവിടെ വച്ച് തന്നെ പ്രാഥമിക ശുശ്രൂഷ നല്‍കി. ഏതാനും സമയത്തിനകം രജിനയ്ക്ക് ബോധം തിരിച്ചു കിട്ടി.
തുടര്‍ന്ന് രജിനയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഏതാനും ദിവസം കൊണ്ട് പൂര്‍ണ സുഖം പ്രാപിച്ച് വീട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. തങ്ങള്‍ക്ക് ലഭിച്ച പരിശീലനത്തിലൂടെ വിലപ്പെട്ട ഒരു ജീവന്‍ രക്ഷിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് രജിനയുടെ രക്ഷകരായി എത്തിയ മട്ടന്നൂര്‍ സ്വദേശി രാജനും മാങ്ങാട്ടിടം വെള്ളപ്പന്തല്‍ സ്വദേശിയായ സുനിലും പറഞ്ഞു. ഇരുവരേയും കഴിഞ്ഞ ദിവസം വട്ടിപ്രം പൗരാവലിയും മാങ്ങാട്ടിടം പഞ്ചായത്ത് പത്തൊമ്പതാം വാര്‍ഡ് വികസന സമിതിയും ചേര്‍ന്ന് അനുമോദിച്ചു. മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് കെ. പ്രസീത ഉപഹാരം നല്‍കി. സി.പി ദാമോധരന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."