ആസിഫലി സര്‍ദാരി വീണ്ടും ജയിലിലേക്ക്
ഇസ്‌ലാമാബാദ്: വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിക്കല്‍, സാമ്പത്തിക തട്ടിപ്പ് എന്നീ കേസുകളില്‍ പാകിസ്താന്‍ മുന്‍ പ്രസിഡന്റ് ആസിഫലി സര്‍ദാരി വീണ്ടും ജയിലിലേക്ക്. പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി) നേതാവുകൂടിയായ സര്‍ദാരിയെ നാഷനല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയാണ് (എന്‍.എ.ബി) ഇന്നലെ അറസ്റ്റ് ചെയ്തത്. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ ഭര്‍ത്താവുകൂടിയായ സര്‍ദാരി അഴിമതി, കൊലപാതക കേസുകളില്‍ 11 വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
സര്‍ദാരിക്കും സഹോദരി ഫര്‍യാല്‍ തല്‍പൂരിനുമുള്ള ജാമ്യം നീട്ടാന്‍ ഇസ്‌ലാമാബാദ് ഹൈക്കോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. കൂടാതെ സര്‍ദാരിക്കെതിരേ എന്‍.എ.ബി ഇന്നലെ അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിച്ചിരുന്നു. സര്‍ദാരിയുടെ സഹോദരിയെ അറസ്റ്റ് ചെയ്തിട്ടില്ല.
അറസ്റ്റിനുള്ള എന്‍.എ.ബിയുടെ ശ്രമം പി.പി.പി പ്രവര്‍ത്തകര്‍ ആദ്യം തടഞ്ഞെങ്കിലും പിന്നീട് അനുവദിക്കുകയായിരുന്നു. ഇളയ മകള്‍ അസീഫയെ ആശ്ലേഷിച്ച് അധികൃതരുടെ കൂടെ സര്‍ദാരി ഇറങ്ങുന്ന ദൃശ്യങ്ങള്‍ പാക് മാധ്യമങ്ങള്‍ പുറത്തുവിട്ടു.
വ്യാജ ബാങ്ക് അക്കൗണ്ട് നിര്‍മിച്ച് വിദേശത്തേക്ക് പണം കടത്തിയതുമായി ബന്ധപ്പെട്ട് സര്‍ദാരിക്കും സഹോദരിക്കും പുറമെ പീപ്പിള്‍സ് പാര്‍ട്ടിയിലെ നിരവധി പേര്‍ക്കെതിരേയും എന്‍.എ.ബി അന്വേഷണം നടത്തുന്നുണ്ട് . കേസുമായി ബന്ധപ്പെട്ട് സര്‍ദാരിയുടെ അടുത്ത സഹായിയായ ഹുസൈന്‍ ലവായയിയെ കഴിഞ്ഞ ജൂലൈയില്‍ അറസ്റ്റ് ചെയ്തിരുന്നു.
പാര്‍ട്ടി പ്രവര്‍ത്തകര്‍ സമാധാനം കൈക്കൊള്ളണമെന്ന് പി.പി.പി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ, സര്‍ദാരിയുടെ വക്താവ് മുസ്തഫ നവാസ് കോഘര്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.
ഇസ്‌ലാമാബാദ് ഹൈക്കോടതിയുടെ രേഖാമൂലമുള്ള ഉത്തരവിനായി കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് യോഗം നടക്കുന്നതിനിടെയാണ് സര്‍ദാരിയെ അറസ്റ്റ് ചെയ്തതെന്നും അതിനാല്‍ അദ്ദേഹത്തെ വിട്ടയക്കാന്‍ സ്പീക്കര്‍ ഉത്തരവിറക്കണമെന്നും മുന്‍ പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി ആവശ്യപ്പെട്ടു.
പാകിസ്താന്‍ പ്രധാനമന്ത്രിയായി ഇമ്രാന്‍ഖാന്‍ അധികാരമേറ്റെടുത്തതിന് പിന്നാലെ നിരവധി രാഷ്ട്രീയക്കാരെ അറസ്റ്റ് ചെയ്തിരുന്നു. സര്‍ദാരി 2008ല്‍ പാകിസ്താന്റെ പ്രസിഡന്റാവുന്നതിന്റെ മുന്‍പായിരുന്നു ജയില്‍വാസം. 2008 മുതല്‍ 2013വരെയാണ് അദ്ദേഹം പാകിസ്താന്റെ പ്രസിഡന്റായത്. കഴിഞ്ഞ വര്‍ഷം നടന്ന പൊതു തെരഞ്ഞെടുപ്പില്‍ സിന്ധ് പ്രവിശ്യയിലെ എന്‍.എ 213 നവാബ് ഷാ സീറ്റില്‍നിന്ന് ദേശീയ അസംബ്ലിയിലേക്ക് സര്‍ദാരിയെ തെരഞ്ഞെടുത്തിരുന്നു.
വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ നിര്‍മിച്ച് പാകിസ്താനില്‍നിന്ന് സര്‍ദാരിയും സഹോദരിയും 15 കോടി രൂപയുടെ ഇടപാട് നടത്തിയെന്ന് എന്‍.എ.ബി അധികൃതര്‍ പറഞ്ഞു.
2013 മുതല്‍ 2015 വരെയുള്ള കാലയളവില്‍ സ്വകാര്യ ബാങ്കുകളില്‍ 20ല്‍ കൂടുതല്‍ ബിനാമി അക്കൗണ്ടുകളാണ് തുറന്നത്. എട്ട് കേസുകളില്‍ സര്‍ദാരിക്ക് പങ്കുണ്ടെന്നാണ് കണ്ടെത്തിയതെന്നും അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."