എസ്.എന്‍ ട്രസ്റ്റ് തെരഞ്ഞെടുപ്പ്; കൊല്ലത്ത് വെള്ളാപ്പള്ളിക്ക് തിരിച്ചടി
കൊല്ലം: എസ്.എന്‍.ഡി.പി ആസ്ഥാനം സ്ഥിതിചെയ്യുന്ന കൊല്ലത്ത് നടന്ന എസ്.എന്‍ ട്രസ്റ്റ് തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി വിഭാഗത്തിന് തിരിച്ചടി.
ആകെയുള്ള 97ല്‍ പത്തു സീറ്റ് നേടി വിമത വിഭാഗമായ എസ്.എന്‍ ട്രസ്റ്റ് സംരക്ഷണസമിതി കരുത്തുകാട്ടി.
21 വര്‍ഷത്തിനിടെ ആദ്യമായാണ് വെള്ളാപ്പള്ളിയുടേതല്ലാത്ത പാനലിലെ അംഗങ്ങള്‍ കൊല്ലത്ത് വിജയിക്കുന്നത്. ഏറെനാളത്തെ നിയമ പോരാട്ടത്തിനൊടുവില്‍ ഹൈക്കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
കൊല്ലം, തിരുവനന്തപുരം, വര്‍ക്കല എന്നിവിടങ്ങളില്‍ മാത്രമാണ് തെരഞ്ഞെടുപ്പ് നടന്നത്. മറ്റിടങ്ങളില്‍ സമവായത്തിലൂടെ അംഗങ്ങളെ തെരഞ്ഞെടുക്കുകയായിരുന്നു.
പ്രൊഫ. അനിരുദ്ധന്, ഡി. പുരുഷോത്തമന്, പ്രൊഫ. ചിത്രാംഗദന്‍, ഡോ. ശ്രീനിവാസന്, ഡോ. എസ്. അശോക്, ഡോ. ഉണ്ണികൃഷ്ണന്, പ്രൊഫ. കെ. സത്യദാസ്, പ്രൊഫ. വെളിയം രാജന്, രാജ്മോഹന്‍, ഡി. അമൃതലാല്‍ എന്നിവരാണ് സംരക്ഷണസമിതിയില്‍ നിന്ന് വിജയിച്ചത്.
ഇവരില്‍ പ്രൊഫ. വെളിയം രാജന് സി.പി.ഐ സംസ്ഥാന കണ്ട്രോള് സമിതിയംഗവും കൊല്ലം കോര്പറേഷന് മുന്‍ ഡെപ്യൂട്ടി മേയറുമാണ്. രാജ്മോഹന്‍ കൊല്ലം കോര്പറേഷന് കൗണ്‍സിലറാണ്. ഇടതുപക്ഷത്തിന്റെ പിന്തുണ സംരക്ഷണസമിതിക്കായിരുന്നു. 10,000 വോട്ടര്‍മാരില്‍ 4,383 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."