ബെഹ്‌റയുടെ പെയിന്റടി ഉത്തരവ് മരവിപ്പിച്ചു
തിരുവനന്തപുരം: മുന്‍ പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇറക്കിയ പൊലിസ് സ്റ്റേഷനുകളില്‍ പെയിന്റടിക്കണമെന്ന ഉത്തരവ് ഡി.ജി.പി സെന്‍കുമാര്‍ മരവിപ്പിച്ചു. വിവാദ ഉത്തരവില്‍ എ.ഐ.ജി അന്വേഷണവും തുടങ്ങി. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ഉത്തരവ് മരവിപ്പിച്ചതെന്നറിയുന്നു.
ബെഹ്‌റയുടെ അഴിമതി അന്വേഷിക്കണമെന്നും ഉത്തരവ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ഗിരീഷ് കുമാര്‍ എന്നയാള്‍ ടി.പി സെന്‍കുമാറിനും വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റയ്ക്കും പരാതി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് എ.ഐ.ജിയെ ചുമതലപ്പെടുത്തിയത്. കൂടാതെ പെയിന്റ് വിവാദം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയില്‍ ഹരജിയും എത്തിയിട്ടുണ്ട്. ഈ മാസം 20ന് കേസ് പരിഗണിക്കുമ്പോള്‍ കോടതിയില്‍ നിന്ന് പരാമര്‍ശമുണ്ടായാല്‍ മറുപടി നല്‍കാനാണ് ഉത്തരവ് മരവിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് നിര്‍ദേശം നല്‍കിയതെന്നാണ് സൂചന.
ബെഹ്‌റയുടെ ഉത്തരവുപ്രകാരം പൊലിസ് ഹൗസിങ്ങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ഒരു കോടി 75 ലക്ഷം രൂപ നല്‍കുകയും 45 പൊലിസ് സ്റ്റേഷനുകളില്‍ പെയിന്റടിക്കുകയും ചെയ്തിരുന്നു. മറ്റു ചില സ്റ്റേഷനുകളില്‍ പെയിന്റ് വാങ്ങുകയും ചെയ്തു.
ഇവിടെയെല്ലാം ബെഹ്‌റ നിര്‍ദേശിച്ചപ്രകാരം ഉത്തരവില്‍ പറഞ്ഞിരുന്ന സ്വകാര്യ കമ്പനിയുടെ പെയിന്റാണ് വാങ്ങിയിരിക്കുന്നത്. വിവാദ ഉത്തരവ് സംബന്ധിച്ച് പൊതുപ്രവര്‍ത്തകനായ പായ്ച്ചിറ നവാസ് നല്‍കിയ ഹരജിയില്‍ 20നകം വിശദീകരണം നല്‍കാന്‍ വിജിലന്‍സ് കോടതി ബെഹ്‌റയോട് നിര്‍ദേശിച്ചിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ലീഗല്‍ അഡൈ്വസറോട് ബെഹ്‌റ നിയമോപദേശം തേടി. നിയമോപദേശം കിട്ടിയതിനുശേഷം സത്യവാങ്മൂലം തയാറാക്കി നിയമ സെക്രട്ടറി ബി.ജി ഹരീന്ദ്ര നാഥിനോട് അഭിപ്രായം ചോദിച്ചതിനുശേഷം തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ സമര്‍പ്പിക്കും.
ടെന്‍ഡര്‍ നടപടികളടക്കം പാലിക്കാതെയാണ് പെയിന്റടിക്കാനുള്ള ഉത്തരവ് ബൈഹ്‌റ ഇറക്കിയത്. എസ്റ്റിമേറ്റ്, ടെന്‍ഡര്‍, കരാര്‍ എന്നിവയൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല. ബെഹ്‌റ ഇറക്കിയ ഉത്തരവില്‍ സംശയിക്കേണ്ട കാര്യമുണ്ടെന്ന് ഹരജി ഫയലില്‍ സ്വീകരിച്ച വിജിലന്‍സ് കോടതി പറഞ്ഞിരുന്നു.
പേരെടുത്തുപറഞ്ഞ് ഉത്തരവിറക്കിയ പെയിന്റ് കമ്പനിയുമായി ബെഹ്‌റയ്ക്ക് എന്താണ് ബന്ധമെന്നും പെയിന്റ് വാങ്ങാന്‍ ടെന്‍ഡര്‍ നടപടി പാലിക്കേണ്ടതല്ലേയെന്നും കോടതി ചോദിച്ചിരുന്നു. ബെഹ്‌റയുടെ ഉത്തരവ് സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്. നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ ബെഹ്‌റയുടെ പെയിന്റടി വിവാദം ചര്‍ച്ച ചെയ്യും. വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടാല്‍ ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു നീക്കേണ്ടിയും വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."