കെ.എസ്.ആര്‍.ടി.സിയില്‍ ചട്ടം ലംഘിച്ച് അവധി; രാജമാണിക്യത്തിന് ശാസന
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ചട്ടം ലഘിച്ച് അവധി അനുവദിച്ചതിന് എം.ഡി എം.ജി രാജമാണിക്യത്തിന് ഗതാഗത സെക്രട്ടറിയുടെ ശാസന. മാനദണ്ഡങ്ങള്‍ മറികടന്ന് അവധി അനുവദിച്ചതിനാല്‍ അത്യാവശ്യ സര്‍വിസുകള്‍ മുടങ്ങുന്ന സാഹചര്യമുണ്ടായെന്നും ഭാവിയില്‍ ഇത്തരത്തിലുള്ള ഉത്തരവുകള്‍ പുറപ്പെടുവിക്കരുതെന്നും ഗതാഗത സെക്രട്ടറിയുടെ ഓഫിസില്‍ നിന്ന് എം.ഡിക്ക് നല്‍കിയ കത്തില്‍ നിര്‍ദേശിക്കുന്നു.
ഡിസംബറില്‍ ക്യാഷ്വല്‍ ലീവ് ഒന്നിച്ചെടുക്കാന്‍ ജീവനക്കാര്‍ക്ക് അനുവാദം നല്‍കിയ ഉത്തരവാണ് വിനയായത്. ജീവനക്കാര്‍ക്ക് അധിക ഡ്യൂട്ടിക്ക് ഓണറേറിയം നല്‍കാറുണ്ട്. ഒന്നിച്ചു ഡ്യൂട്ടിചെയ്യുന്നവര്‍ക്ക് ചട്ടവിരുദ്ധമായി ക്യാഷ്വല്‍ ലീവ് നല്‍കരുതെന്നും കത്തിലുണ്ട്.
കഴിഞ്ഞ മകരവിളക്കിന് ശബരിമല ദര്‍ശനം കഴിഞ്ഞെത്തിയ ലക്ഷക്കണക്കിനു ഭക്തരെ പെരുവഴിയിലാക്കിയത് ഇത്തരത്തിലുള്ള നടപടിയാണെന്ന് ഒരുവിഭാഗം ജീവനക്കാര്‍ ആരോപിക്കുന്നു. ദീര്‍ഘദൂര സര്‍വിസ് നടത്താതിരുന്നതോടെ അയ്യപ്പഭക്തര്‍ ക്ഷുഭിതരാകുകയും ബസുകളുടെ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു.
എം.ഡി അറിയാതെ ഉത്തരവുകളിറക്കുന്ന ഉദ്യോഗസ്ഥര്‍വരെ കെ.എസ്.ആര്‍.ടി.സിയിലുണ്ടെന്നാണ് തൊഴിലാളി യൂനിയന്‍ പ്രതിനിധികള്‍ പറയുന്നത്. മുന്‍പ് ഇത്തരത്തില്‍ എം.ഡിയറിയാതെ അദ്ദേഹത്തിന്റെ കൈയൊപ്പോടെ ഇറങ്ങിയ ഉത്തരവ് കണ്ടെത്തിയിരുന്നു.
യൂനിറ്റ് അധികാരിക്ക് അനുവദിക്കാവുന്ന പരമാവധി അവധി 89 ദിവസത്തില്‍നിന്ന് 15 ദിവസമായി വെട്ടിക്കുറച്ചത് രാജമാണിക്യമായിരുന്നെന്നും 15 ദിവസത്തില്‍ കൂടുതല്‍ അവധി ആവശ്യമുള്ള ജീവനക്കാര്‍ ചീഫ് ഓഫിസില്‍നിന്ന് അനുമതിവാങ്ങണമെന്ന് അദ്ദേഹം നിബന്ധനവച്ചിരുന്നതായും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."