വൈകല്യങ്ങള്‍ മറന്നും അവര്‍ ഒന്നിച്ചു; നവകേരള നിര്‍മാണത്തിനായി
കോട്ടയം : അച്ഛന് ഇരു കൈകളിലും കോരിയെടുത്താണ് അനുമോളെ സ്റ്റേജിലെത്തിച്ചതെങ്കില് അഫ്സലിനെ ധനമന്ത്രി നേരിട്ട് കൈ പിടിച്ച് സ്റ്റേജിലേക്ക് കയറ്റുകയായിരുന്നു.
കെ.പി എസ് മേനോന് ഹാളില്‍ വച്ച് നടന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണ പരിപാടിയിലേക്ക് മൂവായിരം രൂപ സംഭാവന നല്‍കാനെത്തിയതായിരുന്നു ഇരുവരും.ജന്മനാ കാലിനു ശേഷിയില്ലാത്ത അനുമോളെ പിതാവ് സലി എടുത്തു കൊണ്ടാണ് നടക്കുന്നത്. വേളൂര്‍ പാണന് പടി സ്വദേശിനിയാണ്.ശാരീരിക വെല്ലുവിളികള്‍ക്കിടയിലും എം കോം വരെ പഠിച്ചിട്ടുണ്ട് 26 കാരിയായ അനുമോള്‍. മാനസികമായി വെല്ലുവിളി നേരിടുന്ന അഫ്സല് ഉമ്മ റസീനയ്ക്ക് ഒപ്പമാണെത്തിയത്.16 വയസ്സുള്ള അഫ്സലിന്റെ പിതാവ് അനസ് ഓട്ടോ ഡ്രൈവറാണ്.
അഫ്സലും അനുമോളും അനുഗ്രഹ ചാരിറ്റബിള്‍ സൊസൈറ്റിയിലെ 40ഓളം ഭിന്നശേഷിക്കാരായ അംഗങ്ങളുടെ പ്രതിനിധികളായാണ് സംഭാവന നല്‍കാനെത്തിയത്. ട്രസ്റ്റിലെ അംഗങ്ങള്‍ എല്ലാം തന്നെ നിര്‍ധന കുടുംബങ്ങളിലെ അംഗങ്ങളാണ് .ഓണാഘോഷത്തിനായി ഓരോ അംഗങ്ങളില്‍ നിന്നും 100 രൂപ വെച്ച് പിരിവെടുത്തിരുന്നു. പ്രളയത്തെ തുടര്‍ന്ന് ആലോഷങ്ങള്‍ മാറ്റി വെച്ച്.
ചെറുതെങ്കിലും ആ തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നത് അംഗങ്ങളുടെ കൂട്ടായ തീരുമാനമായിരുന്നെന്ന് അനുമോള്‍ പറഞ്ഞു. പരിപാടിക്ക് ശേഷം അനുമോളേയും അഫ്സലിനേയും കണ്ട് കാര്യങ്ങള്‍ അന്വേഷിച്ചതിനു ശേഷമാണ് ധനമന്ത്രി മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."