ഗില്‍ഗിത്-ബാള്‍ട്ടിസ്താന് പ്രവിശ്യാ പദവി; പാക് പ്രഖ്യാപനത്തിനെതിരേ ഇന്ത്യ
ന്യൂഡല്‍ഹി: ഗില്‍ഗിത്-ബാള്‍ട്ടിസ്താന്‍ എന്നു വിളിക്കപ്പെടുന്ന പ്രദേശത്തിനു പ്രവിശ്യാ പദവി നല്‍കിയുള്ള പാക് പ്രഖ്യാപനത്തെ തള്ളിയും ചോദ്യം ചെയ്തും ഇന്ത്യ. ഗില്‍ഗിത്-ബാള്‍ട്ടിസ്താന്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നു വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി. ഈ പ്രദേശം നിയമവിരുദ്ധമായി പാകിസ്താന്‍ പിടിച്ചുവച്ചിരിക്കുകയാണെന്നും ഇതു മറയ്ക്കാനാണ് പ്രവിശ്യാ പദവി നല്‍കുന്നതെന്നും ആരോപിച്ച ഇന്ത്യ, നിയമവിരുദ്ധമായി കൈവശംവച്ചിരിക്കുന്ന പ്രദേശങ്ങളില്‍നിന്നു പാകിസ്താന്‍ ഒഴിയണമെന്നും ആവശ്യപ്പെട്ടു.
ജമ്മു കശ്മിര്‍, ലഡാക്ക് എന്നിവ പോലെത്തന്നെ ഇന്ത്യയ്ക്കു പ്രധാനപ്പെട്ടതാണ് ജമ്മു കശ്മിരിന്റെ ഭാഗമായ ഗില്‍ഗിത്-ബാള്‍ട്ടിസ്താനെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഗില്‍ഗിത്-ബാള്‍ട്ടിസ്താനില്‍ താമസിക്കുന്നവര്‍ പതിറ്റാണ്ടുകളായി ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളും ചൂഷണവും നേരിടുന്നതു മറക്കാനാകില്ലെന്നും ഇന്ത്യ വ്യക്തമാക്കി.
2009 മുതല്‍ സ്വയംഭരണാധികാരമുള്ള പ്രദേശമായാണ് ഗില്‍ഗിത്-ബാള്‍ട്ടിസ്താന്‍ പ്രവര്‍ത്തിക്കുന്നത്. ഈ പ്രദേശത്തിന് താല്‍ക്കാലിക പ്രവിശ്യാ പദവി നല്‍കുന്നതായി പാകിസ്താന്‍ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തോടെ പ്രദേശത്തിന്റെ സ്വയംഭരണാധികാരം നഷ്ടപ്പെടും.
1947ലെ വിഭജനത്തിനു ശേഷം പാകിസ്താന്‍ പിടിച്ചടക്കിയതാണ് ഈ പ്രദേശം. ഇവിടെ പൊതുതെരഞ്ഞെടുപ്പ് നടത്താന്‍ ഈ വര്‍ഷം ആദ്യത്തില്‍ പാകിസ്താന്‍ സുപ്രിംകോടതി സര്‍ക്കാരിന് അനുവാദം നല്‍കിയിരുന്നു. ഈ മാസം 15ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് പ്രദേശത്തിന് പ്രവിശ്യാ പദവി നല്‍കുന്നതായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."