മുന്നോക്ക സംവരണം: കോണ്‍ഗ്രസ് നിലപാടില്‍ അവ്യക്തതയില്ലെന്ന് ഉമ്മന്‍ചാണ്ടി
കോട്ടയം: മുന്നോക്ക സംവരണ വിഷയത്തില്‍ കോണ്‍ഗ്രസിന് രണ്ടു നിലപാടില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസ് നിലപാടില്‍ അവ്യക്തതയില്ല. മുന്നോക്ക സംവരണത്തെക്കുറിച്ച് പഠിക്കാന്‍ സിന്‍ഹു കമ്മിഷനെ നിയമിച്ചത് യു.പി.എ സര്‍ക്കാരാണ്. ദൗര്‍ഭാഗ്യവശാല്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് സംവരണം നടപ്പാക്കാനായില്ല. നിലവില്‍ സംവരണം ലഭിക്കുന്ന പിന്നോക്ക വിഭാഗങ്ങളുടെ സംവരണതോതില്‍ കുറവുവരുത്താതെ മുന്നോക്ക വിഭാഗത്തിന് സംവരണം നല്‍കണമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.
മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ തങ്ങള്‍ക്ക് ഈ വിഷയത്തിലുള്ള ആശങ്ക അറിയിച്ചിട്ടുണ്ടെങ്കിലും അവരും യാഥാര്‍ഥ്യം മനസിലാക്കുമെന്നാണ് പ്രതീക്ഷ. പിന്നോക്ക വിഭാഗങ്ങളുടെ സംവരണത്തെ ബാധിക്കാതെ പൊതുവിഭാഗത്തില്‍ നിന്നാണ് മുന്നോക്ക വിഭാഗത്തിലെ പാവപ്പെട്ടവര്‍ക്ക് സംവരണം നല്‍കുന്നത്. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തോട് കോണ്‍ഗ്രസ് നീതി ചെയ്തിട്ടുണ്ട്. ഒരിക്കല്‍ മുന്നണിവിട്ട കേരള കോണ്‍ഗ്രസ് (എം) നെ തിരികെ ഘടകകക്ഷി ആക്കണമെന്ന ഉദ്ദേശത്തിലാണ് കോണ്‍ഗ്രസ് നഷ്ടംസഹിച്ചിട്ടും രാജ്യസഭാ സീറ്റ് വിട്ടുനല്‍കിയത്.
കെ.എം മാണിയോടുള്ള കടപ്പാടുകൊണ്ടാണ് ഇത് ചെയ്തത്. കോണ്‍ഗ്രസുകാര്‍ പിന്നില്‍നിന്ന് കുത്തിയെന്ന് കേരള കോണ്‍ഗ്രസില്‍ ഉള്ളവര്‍ പോലും വിശ്വസിക്കില്ല. ദേശീയതലത്തില്‍ ഇടതുപക്ഷവുമായി ഉണ്ടാക്കിയിട്ടുള്ള സഹകരണം ഇന്ത്യന്‍ ജനാധിപത്യത്തില്‍ അനിവാര്യമായ തീരുമാനമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."