കേരളപ്പിറവി ദിനത്തില്‍ സമര പരിപാടിയുമായി യു.ഡി.എഫും ബി.ജെ.പിയും
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേരളപ്പിറവി ദിനത്തില്‍ സര്‍ക്കാരിനെതിരായ സമരപരിപാടിയുമായി യു.ഡി.എഫും ബി.ജെ.പിയും. യു.ഡി.എഫ് വഞ്ചനാദിനം ആചരിച്ചും ബി.ജെ.പി സമര ശൃംഖല തീര്‍ത്തും പ്രതിഷേധം പ്രകടിപ്പിച്ചപ്പോള്‍ ഇടത് വനിതാ സംഘടനകള്‍ സര്‍ക്കാരിനോടുള്ള ഐക്യദാര്‍ഢ്യ സൂചകമായി 'ഐക്യനിര' തീര്‍ത്ത് രംഗത്തെത്തി.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ സ്പീക്ക്അപ്പ് കേരള സമരപരമ്പരയുടെ അഞ്ചാം ഘട്ടമായാണ് യു.ഡി.എഫ് വഞ്ചനാദിനം ആചരിച്ചത്. ഓരോ വാര്‍ഡില്‍ നിന്ന് പത്തു പേര്‍ വീതം വഞ്ചനാദിന സത്യഗ്രഹത്തില്‍ പങ്കെടുത്തു. സത്യഗ്രഹത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സെക്രട്ടേറിയറ്റിനു മുന്നില്‍ നിര്‍വഹിച്ചു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോട്ടയത്തും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍ കോഴിക്കോട്ടും സത്യഗ്രഹത്തില്‍ പങ്കെടുത്തു.
ബി.ജെ.പി സംഘടിപ്പിച്ച സമരശൃംഖലയില്‍ ഓരോ പാതയോരത്തും 50 മീറ്റര്‍ അകലത്തില്‍ അഞ്ചു പേര്‍ വീതം പങ്കെടുത്തു. സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റിനു മുന്നില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ നിര്‍വഹിച്ചു. 'ഇടതുപക്ഷ കേരളം സുരക്ഷിത കേരളം' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇടതു വനിതാ സംഘടനകള്‍ ഐക്യനിര സംഘടിപ്പിച്ചത്. എല്ലാ യൂനിറ്റ്, വില്ലേജ്, ഏരിയ, ജില്ലാ കേന്ദ്രങ്ങളിലും അഞ്ചു പേര്‍ വീതം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."