നിര്‍മാണം പൂര്‍ത്തിയാക്കിയിട്ട് മാസങ്ങള്‍ മാത്രം; പെരിഞ്ഞാംകടവില്‍ പാലത്തില്‍ വിള്ളല്‍
കാട്ടാക്കട : നിര്‍മാണം പൂര്‍ത്തിയാക്കി മാസങ്ങള്‍ പിന്നിട്ടപ്പോഴേക്കും കള്ളിക്കാട് പഞ്ചായത്തിലെ പെരിഞ്ഞാംകടവില്‍ പാലത്തില്‍ വിള്ളല്‍.
പഞ്ചായത്തിന്റെ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒന്നരകോടി രൂപ ചിലവഴിച്ചു പണിത പാലത്തിലാണ് വിള്ളല്‍ വീണത് . പാലത്തിന്റെ മുകളില്‍ പലഭാഗത്തായും പാലത്തിനടിയില്‍ രണ്ടു തൂണുകളിലും വിള്ളലുണ്ട്. നിര്‍മാണത്തിലെ പിഴവാണ് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
പാലം പണി തുടങ്ങിയപ്പോള്‍ തന്നെ നിര്‍മാണത്തിനുപയോഗിക്കുന്ന കമ്പികള്‍ക്കു കനം കുറവാണെന്നും മറ്റും നാട്ടുകാര്‍ ഓവര്‍സിയറെയും എ. ഇ യെയും കണ്ട് പറഞ്ഞിരുന്നു. എന്നാല്‍ മുന്‍ പഞ്ചായത്തംഗവും ഇപ്പോഴത്തെ പഞ്ചായത്തു വൈസ് പ്രസിഡന്റും ആയ ആളുടെ ബന്ധുവിനാണ് കാരാര്‍ പണി നല്‍കിയിരുന്നത്. അതിനാല്‍ പരാതികള്‍ക്കൊന്നും ഫലമുണ്ടായില്ലെന്നു നാട്ടുകാര്‍ പറയുന്നു.
മഴ പെയ്താല്‍ വിള്ളലുകളില്‍ വെള്ളമിറങ്ങി പാലം അപകടാവസ്ഥയിലാകാന്‍ സാധ്യതയുണ്ട്. മാസങ്ങള്‍ക്കു മുന്‍പ് അന്നത്തെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനാണ് പാലം ഉദ്ഘാടനം ചെയ്തത്. തൊഴിലുറപ്പു തൊഴിലാളികളാണ് പാലം നിര്മിച്ചതെന്നറിഞ്ഞ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നടക്കം നിരവധി പേര് പാലം കാണുന്നതിനെത്തിയിരുന്നു. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയാക്കി മാസങ്ങള്‍ക്കകം തന്നെയുണ്ടായ വിള്ളല്‍ പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."