തമിഴ്‌നാട്ടില്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ് സമരം: ചര്‍ച്ചക്ക് തയാറെന്ന് സര്‍ക്കാര്‍
ചെന്നൈ: തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ജീവനക്കാര്‍ നടത്തുന്ന സമരം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളേയും നിശ്ചലമാക്കി. ഞായറാഴ്ച മുതലാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജീവനക്കാര്‍ സമരം തുടങ്ങിയത്. അതേസമയം ജീവനക്കാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ തയാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.
സമരത്തെത്തുടര്‍ന്ന് ചെന്നൈ, തിരുച്ചിറപ്പള്ളി, തഞ്ചാവൂര്‍ തുടങ്ങിയ നഗരങ്ങളിലെ യാത്രക്കാരാണ് കൂടുതല്‍ ദുരിതത്തിലായത്. ഇവിടങ്ങളില്‍ സ്വകാര്യ ബസ് സര്‍വിസുകള്‍പോലും തടഞ്ഞതോടെ മറ്റ് വാഹനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലായിരുന്നു ജനങ്ങള്‍.
വിരമിക്കല്‍ ആനുകൂല്യം അടക്കമുള്ള ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജീവനക്കാര്‍ സമരം തുടങ്ങിയത്. ഇക്കാര്യത്തില്‍ തങ്ങള്‍ നല്‍കിയ നിവേദനങ്ങളോട് സര്‍ക്കാര്‍ അനുഭാവപൂര്‍ണമായ നടപടികള്‍ സ്വീകരിക്കാന്‍ തയാറാകാത്തതാണ് സമരം നടത്താന്‍ കാരണമെന്ന് ജീവനക്കാരുടെ സംഘടനകള്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ ഡി.എം.കെയിലെയും ചില ഇടതു സംഘടനകളിലെയും തൊഴിലാഴികള്‍ മാത്രമാണ് സമരത്തിലുള്ളതെന്ന് ഗതാഗത മന്ത്രി എം.ആര്‍ വിജയഭാസ്‌കര്‍ അറിയിച്ചു. വലിയൊരു വിഭാഗം തൊഴിലാളികളും സര്‍ക്കാരിനെ അനുകൂലിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാതിരിക്കാന്‍ 2000 സ്വകാര്യ ബസുകളുടെ സേവനം ചെന്നൈ നഗരത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
ചില ബസുകള്‍ പൊലിസ് സംരക്ഷണയോടെ സര്‍വിസ് നടത്തുന്നുണ്ട്. സമരം തുടരുന്നപക്ഷം വിരമിച്ചവരെയും സ്വകാര്യ ഡ്രൈവര്‍മാരെയും ഉപയോഗിച്ച് ബസ് സര്‍വിസ് നടത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."