പരക്കുനി പാടത്ത് വെള്ളം കിട്ടാക്കനി
പനമരം: മഴക്കാലം കഴിഞ്ഞതോടെ വയലുകളില്‍ കര്‍ഷകര്‍ വിയര്‍പ്പൊഴുക്കി തുടങ്ങി. എന്നാല്‍ ആഴ്ചകള്‍ക്ക് മുമ്പ് ആള്‍പൊക്കത്തില്‍ വെള്ളമുണ്ടായിരുന്ന വയലേലകളില്‍ പേരിന് പോലും വെള്ളമില്ലാത്തത് കര്‍ഷകരെ ആശങ്കയിലാക്കുന്നു. ജലസേചന സൗകര്യമുണ്ടായിരുന്ന വയനാടിന്റെ പ്രധാന നെല്ലറകളില്‍ ഒന്നായ പനമരം പരക്കുനിയിലെ വയലേലകളും വരണ്ടുണങ്ങിയ നിലയിലാണ്. നേരത്തെ ജലസേചന സൗകര്യം കണക്കിലേടുത്ത് വിവിധ പഞ്ചായത്തുകളിലുള്ള നിരവധി കര്‍ഷകര്‍ പാട്ടവ്യവസ്ഥയില്‍ പരക്കുനിയില്‍ നെല്‍കൃഷി ചെയ്തിരുന്നത്. ചങ്ങാടക്കടവ് പമ്പ് ഹൗസില്‍ നിന്നും 50 എച്ച്.പി ശക്തിയുള്ള രണ്ടു മോട്ടോറുകള്‍ ഉപയോഗിച്ചായിരുന്നു ഇവിടേക്ക് വെള്ളമെത്തിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിത പ്രളയം എല്ലാം തകര്‍ത്തെറിഞ്ഞു. പമ്പ് ഹൗസില്‍ വെള്ളവും ചളിയും കയറി രണ്ടു മോട്ടോറുകളും പ്രവര്‍ത്തന രഹിതമായി. ജലസേചന സൗകര്യം കാര്യക്ഷമമാക്കിയില്ലെങ്കില്‍ 200 ഏക്കര്‍ വയല്‍ തരിശിടേണ്ട സ്ഥിതിയാണുള്ളത്. എന്നാല്‍ പ്രതിസന്ധികളിലും ഉഴലാതെ കര്‍ഷകര്‍ വീണ്ടും പാടെത്തിയിട്ടുണ്ട്. നിലവില്‍ മണ്ണെണ്ണ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് വരണ്ടുണങ്ങിയ വയലില്‍ വെള്ളമെത്തിച്ചാണ് കര്‍ഷകര്‍ പ്രതിസന്ധി അതിജീവിക്കുന്നത്. പുഴയോരത്ത് വിശാലമായി പരന്ന് കിടക്കുന്ന വയലില്‍ കൃഷി ചെയ്യാന്‍ കര്‍ഷകര്‍ തയാറാണെങ്കിലും അധികാരികളുടെ ഭാഗത്ത് നിന്നും വേണ്ടത്ര പിന്തുണ കിട്ടുന്നില്ലെന്ന പരാതി കര്‍ഷകര്‍ക്കുണ്ട്. പരക്കുനി പാടശേഖര സമിതിയുടെ കീഴില്‍ 100ഓളം കര്‍ഷകരാണുള്ളത്. വരള്‍ച്ച മുന്നില്‍ കണ്ട് അധികൃതര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ ഇത്തവണയും കൃഷിയിറക്കാന്‍ പ്രയാസമുണ്ടാകില്ലെന്ന് സമിതി പ്രസിഡന്റ് സി.കെ അബു പറയുന്നു.മുമ്പ് 300 ഏക്കറിലേറെ വരുന്ന വയലിലാണ് പരക്കുനിയില്‍ നെല്‍കൃഷിയുണ്ടായിരുന്നത്. ജലസേചനം വെല്ലുവിളിയായതോടെ ഇത് 200 ഏക്കറിലേക്ക് ചുരുങ്ങി. നിശ്ചലമായ മോട്ടോറുകള്‍ അടിയന്തരമായി ഉപയോഗ്യ യോഗ്യമാക്കിയില്ലെങ്കില്‍ തരിശു പാടങ്ങളുടെ കണക്കിലേക്ക് മുന്‍കാലങ്ങലില്‍ പച്ചവിരിച്ചു കിടന്നിരുന്ന ഈ പാടവും ചേര്‍ക്കപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."