മണ്ണ് വേണ്ടാത്ത കൃഷികള്‍
കൃഷിയും മണ്ണും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നാം പഠിച്ചിട്ടുണ്ട്. മണ്ണിലാണ് സസ്യങ്ങള്‍ മുളയ്ക്കുന്നത്. മണ്ണിലെ പോഷകഗുണങ്ങള്‍ക്കനുസൃതമായിട്ടാണ് സസ്യങ്ങളുടെ വളര്‍ച്ച. എന്നാല്‍ മണ്ണ് തന്നെ ആവശ്യമില്ലാത്ത കൃഷി രീതികളും ലോകത്തുണ്ട്. അവയെക്കുറിച്ച് പഠിക്കാം
ബാബിലോണിയന്‍
പൂന്തോട്ടവും ചിനാംപയും
ഷാജഹാന്‍ ചക്രവര്‍ത്തി പ്രിയതമയ്ക്കായി നിര്‍മിച്ച വെണ്ണക്കല്‍ കുടീരം പോലെ ലോകാത്ഭുത പട്ടം നേടിയ വിസ്മയ നിര്‍മിതിയാണ് ബാബിലോണിയയിലെ തൂക്ക് പൂന്തോട്ടം (ഹാങിങ് ഗാര്‍ഡന്‍സ്). പ്രിയതമ അമിറ്റിസിന് വേണ്ടി ഫിലൊനെബുക്കാദ്‌നെസര്‍ രണ്ടാമന്‍ നിര്‍മിച്ച ഈ പൂന്തോട്ടം അന്നത്തെ ലോകാത്ഭുതമായതിന് പിന്നിലൊരു കാരണമുണ്ട്. അന്നേ വരെ മനുഷ്യന്‍വച്ചു പുലര്‍ത്തിയിരുന്ന പ്രകൃതി നിയമങ്ങളെ തകിടം മറിക്കുന്ന തരത്തിലായിരുന്നു പൂന്തോട്ടത്തിന്റെ നിര്‍മ്മാണം. സസ്യങ്ങള്‍ ദീര്‍ഘകാലം മണ്ണില്‍ മാത്രമേ വളരുകയുള്ളൂ എന്ന് വിശ്വസിച്ചിരുന്ന പ്രാചീന മനുഷ്യന് മുന്നില്‍ ജലത്തില്‍ ലയിപ്പിച്ച പോഷക മൂലകങ്ങള്‍ കൊണ്ട് ജീവിക്കുന്ന സസ്യങ്ങള്‍ അത്ഭുതങ്ങള്‍ തന്നെ സൃഷ്ടിച്ചു. തൂക്ക് പൂന്തോട്ടം പോലെ തന്നെ വിസ്മയകരമാണ് മെക്‌സിക്കോയിലെ അസ്‌ടെക് വര്‍ഗക്കാര്‍ നിര്‍മിച്ചിരുന്ന ഒഴുകുന്ന പൂന്തോട്ടം അഥവാ ചിനാംപ. തടാകങ്ങളാല്‍ സമൃദ്ധമായ മെക്‌സിക്കോയുടെ വടക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളിലെ ചതുപ്പുകളിലാണ് അസ്‌ടെക് വര്‍ഗക്കാര്‍ തങ്ങളുടെ കൃഷി രീതികള്‍ പരീക്ഷിച്ചത്. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ചെടികള്‍, വേരുകള്‍ എന്നിവയിലായിരുന്നു ചിനാംപയുടെ നിര്‍മിതി. നായാടികളായ അസ്‌ടെക് വര്‍ഗക്കാര്‍ രണ്ട് നൂറ്റാണ്ടോളം ഈ കൃഷി രീതി പിന്തുടര്‍ന്നിരുന്നു.
ഹൈഡ്രോപോണിക്‌സ്
മണ്ണിന്റെ സഹായമില്ലാതെ സസ്യങ്ങള്‍ വളര്‍ത്തുന്നതിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖയാണ് ഹൈഡ്രോപോണിക്‌സ്. മണ്ണിനു പകരം ജലം, മറ്റു പോഷക ലായനികള്‍ എന്നിവയിലാണ് ഹൈഡ്രോപോണിക്‌സില്‍ കൃഷി ചെയ്യുന്നത്. മണ്ണിന് പകരം ജലത്തിലോ പോഷകലായനിയിലോ അടങ്ങുന്ന ഘടകങ്ങള്‍ വലിച്ചെടുത്താണ് ഈ കൃഷി രീതിയില്‍ സസ്യങ്ങള്‍ വളരുന്നത്. കളശല്യവും കീടശല്യവും ഈ കൃഷി രീതിയില്‍ കുറവാണ്. മണ്ണിനേക്കാള്‍ വേഗത്തിലാണ് ഹൈഡ്രോപോണിക്‌സില്‍ സസ്യങ്ങള്‍ വളരുന്നത്. സസ്യങ്ങള്‍ തമ്മില്‍ വളരെ അടുത്തായി നടുന്നതിനും ജലം ലാഭിക്കുന്നതിനും ഈ കൃഷി രീതി അനുയോജ്യമാണ്.
അക്വാപോണിക്‌സ്
ഒരു സംയോജിത കൃഷി രീതിയാണ് അക്വാപോണിക്‌സ്. മത്സ്യം പോലെയുള്ള ജലജീവികളുടെ അവശിഷ്ടങ്ങള്‍ സസ്യവളര്‍ച്ചയ്ക്ക് ഉപയോഗപ്പെടുത്തുന്നതാണ് ഈ കൃഷി രീതിയുടെ അടിസ്ഥാന തത്വം. അക്വാപോണിക്‌സില്‍ മത്സ്യങ്ങളെ ഉപയോഗപ്പെടുത്തുകയാണെങ്കില്‍ നല്ല മത്സ്യങ്ങളേയും അതുവഴി മികച്ച പച്ചക്കറികളും ലഭിക്കും.
എയ്‌റോപോണിക്‌സ്
വായുവിനെ മാധ്യമമാക്കി കൃഷി ചെയ്യുന്ന രീതിയാണിത്. മൂടല്‍ മഞ്ഞ് നിറഞ്ഞ പ്രദേശങ്ങളില്‍ ഈ കൃഷി അനുയോജ്യമാണ്. അന്തരീക്ഷത്തില്‍ ഭാഗീകമായോ പൂര്‍ണമായോ തൂക്കിയിടുന്ന ചെടികള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍, സസ്യങ്ങളില്‍ തളിച്ചു കൊടുക്കുന്ന പോഷക ലായനി വഴിയാണ് ലഭിക്കുന്നത്. ഇത്തരം കൃഷി രീതികള്‍ക്ക് രോഗബാധ കുറവാണെങ്കിലും പ്രാഥമികമായുള്ള നിര്‍മാണ ചെലവ് കൂടുതലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."