കനത്ത ചൂടില്‍ വെന്തുരുകി ഉത്തരേന്ത്യ: 2010 മുതല്‍ ചൂടില്‍ പൊലിഞ്ഞത് 6000 പേര്‍
ഝാന്‍സി(ഉത്തര്‍ പ്രദേശ്): ഉത്തരേന്ത്യയില്‍ കനത്ത ചൂടില്‍ നാട് വെന്തുരുകുന്നു.
കൊടുംചൂടില്‍ ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ യാത്രക്കാരായ നാല് തമിഴ്‌നാട് സ്വദേശികള്‍ മരിച്ചതാണ് ഏറ്റവും ദാരുണമായ സംഭവം. ട്രെയിന്‍ യാത്രയ്ക്കിടെ ചൂടു താങ്ങാനാവാതെ ഇത്രയധികം മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമാണ്. രണ്ടാഴ്ചയായി ഉത്തരേന്ത്യയില്‍ തുടരുന്ന ഉഷ്ണ തരംഗമാണ് ദുരന്തത്തിന് കാരണമെന്നാണ് റെയില്‍വേ അറിയിച്ചത്.
2004 മുതല്‍ ലോകത്തേറ്റവും ചൂടേറിയ 15 സ്ഥലങ്ങളില്‍ 11 ഉം ഇന്ത്യയിലാണ്. ശേഷിക്കുന്നവ പാകിസ്താനിലും. കാലാവസ്ഥാ മാറ്റമാണ് ഉഷ്ണ തരംഗത്തിന് കാരണമെന്നാണ് ശാസ്ത്ര ലോകം പറയുന്നത്.
2010 മുതല്‍ ഏതാണ്ട് 6000 പേരാണ് ചൂടുകാരണം മരിച്ചതെന്ന് കഴിഞ്ഞ വര്‍ഷം കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ ലോക്‌സഭയെ അറിയിച്ചിരുന്നു.
ദക്ഷിണേന്ത്യയില്‍ കാലവര്‍ഷം എത്തിനില്‍ക്കേ ഉത്തരേന്ത്യ കൊടുംചൂടില്‍ കത്തിയാളുകയാണ്. ഡല്‍ഹി, രാജസ്ഥാനിലെ ചുരു, ഉത്തര്‍പ്രദേശിലെ ബന്ദ, അലഹബാദ് എന്നിവിടങ്ങളില്‍ ചൂട് 48 ഡിഗ്രിക്ക് മുകളിലാണ്. കഴിഞ്ഞയാഴ്ച ചുരുവില്‍ 50 ഡിഗ്രിക്ക് മുകളില്‍ ചൂടെത്തി. ബന്ദയില്‍ 49.2 ഡിഗ്രിയും അലഹബാദില്‍ 48.9 ഡിഗ്രിയുമാണ് അടുത്ത ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്.
45 ഡിഗ്രിക്ക് മുകളില്‍ ചൂട് ഉയര്‍ന്നതോടെ ഉഷ്ണതരംഗ മുന്നറിയിപ്പുണ്ട്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഉത്തരേന്ത്യയില്‍ ചൂടേറുകയാണ്.
ന്യൂഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള കേരള എക്‌സ്പ്രസില്‍ കോയമ്പത്തൂരിലേക്കുള്ള യാത്രക്കാരാണ് ഝാന്‍സിയില്‍ വെച്ച് മരിച്ചത്. ഒരാളെ ഗുരുതരാവസ്ഥയിലും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുന്ദൂര്‍ പളനിസ്വാമി(80), ബാലകൃഷ്ണ രാമസ്വാമി(69), സുബ്ബരായ(71), ധനലക്ഷ്മി (71) എന്നിവരാണ് മരിച്ചത്.
ആഗ്രയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് എസ്-8, എസ്-9 സ്ലീപ്പര്‍ കോച്ചുകളില്‍ യാത്ര ചെയ്തവരാണ് മരിച്ചവര്‍. ചൊവ്വാഴ്ച ഝാന്‍സിയില്‍ 48.1 ഡിഗ്രി ചൂടാണുണ്ടായിരുന്നത്.
കേരള എക്‌സ്പ്രസ് തിങ്കളാഴ്ച വൈകിട്ട് ഝാന്‍സിയില്‍ എത്തിയപ്പോള്‍ യാത്രക്കാര്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. റെയില്‍വേ ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുന്‍പുതന്നെ മൂന്നുപേരും ആശുപത്രിയില്‍ എത്തിച്ചതിനുപിന്നാലെ നാലാമനും മരിച്ചു. യാത്രക്കാര്‍ക്ക് അസ്വസ്ഥതയുണ്ടെന്ന വിവരം ലഭിച്ചതിന് പിന്നാലെ മെഡിക്കല്‍ സംഘത്തെ അയച്ചതായി റെയില്‍വേ വക്താവ് അജിത് കുമാര്‍ സിങ് പറഞ്ഞു.
പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ കോയമ്പത്തൂരിലേക്ക് കൊണ്ടുപോകുമെന്ന് ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ നീരജ് അംബിഷ് അറിയിച്ചു.
കോയമ്പത്തൂരില്‍ നിന്ന് വാരണാസി, ആഗ്ര എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയ 68അംഗ സംഘത്തിലെ നാലുപേരാണ് മരിച്ചത്.
ആഗ്രയില്‍ നിന്ന് കയറുമ്പോള്‍ത്തന്നെ ട്രെയിനില്‍ അസഹനീയമായ ചൂടായിരുന്നെന്ന് യാത്രക്കാര്‍ പറഞ്ഞു. ശ്വാസ തടസവും ശാരീരികാസ്വസ്ഥതയും ഉണ്ടായതായി യാത്രക്കാര്‍ പറഞ്ഞു. യാത്രാ സംഘത്തിലുണ്ടായിരുന്നവര്‍ ഭൂരിഭാഗവും 65 വയസിന് മുകളില്‍ പ്രായമുള്ളവരാണ്.
കഴിഞ്ഞയാഴ്ച കൊടുംചൂടില്‍ ഖാസിപൂര്‍ സ്വദേശി രാജേഷ് ഗുപ്തയെ കുശിനഗര്‍ എക്‌സ്പ്രസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
ജൂണ്‍ ഒന്നിന് ജനസമ്പര്‍ക്ക ക്രാന്തി എക്‌സ്പ്രസില്‍ സീതയെന്ന പെണ്‍കുട്ടിയെയും കൊടുംചൂടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."