'കോച്ചുകള്‍ കൊവിഡ് ചികിത്സക്കായി ഉപയോഗപ്പെടുത്തണം'
കോഴിക്കോട്: കൊവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും മെച്ചപ്പെട്ട ചികിത്സയ്ക്കും പരിചരണത്തിനും റെയില്‍വേ ഐസൊലേഷന്‍, ക്വാറന്റൈന്‍ കോച്ചുകള്‍ പ്രയോജനപ്പെടുത്തണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ റെയില്‍വേ യൂസേഴ്‌സ് അസോസിയേഷന്‍. നിലവിലെ സാഹചര്യത്തില്‍ തന്നെ മതിയായ ഐസൊലേഷന്‍ വാര്‍ഡുകളുടെ പോരായ്മ ചില ജില്ലകളില്‍ അനുഭവപ്പെടുന്നുണ്ട്. ഒരു കോച്ചില്‍ 16 കിടക്കകള്‍ പ്രകാരം 5,000 കോച്ചുകളാണ് രൂപാന്തരപ്പെടുത്തിയത്.
മഹാരാഷ്ട്രയില്‍ പശ്ചിമ റെയില്‍വേ ആറ് കോടിയോളം ചെലവഴിച്ച് 900 സൂപ്പര്‍ കോച്ചുകളും മധ്യ റെയില്‍വേ 482 കോച്ചുകളും ആണ് ഇത്തരത്തില്‍ വാര്‍ഡുകളാക്കി മാറ്റിയത്. ഇതില്‍ നാമമാത്രമായ കോച്ചുകളെ ഉപയോഗപ്പെടുത്തിയിട്ടുള്ളൂ.ഇത്തരം കോച്ചുകള്‍ ഫലപ്രദമായി വിനിയോഗിക്കുന്നതിന് അനുകൂല നിരവധി ഘടകങ്ങള്‍ കേരളത്തില്‍ ഉണ്ടായിട്ടും പ്രയോജനപ്പെടുത്തിയിട്ടില്ല.
ഈ സംവിധാനം ഭൂരിപക്ഷം സംസ്ഥാനങ്ങളും വിനിയോഗിക്കാത്തതു മൂലം വീണ്ടും പണം ചെലവഴിച്ച് കോച്ചുകള്‍ പഴയ സ്ഥിതിയിലേക്ക് മാറ്റുന്ന കാര്യം റെയില്‍വേയുടെ സജീവ പരിഗണനയിലാണ്. അതത് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ ആവശ്യപ്പെട്ടാല്‍ ഇത്തരം കോച്ചുകള്‍ നല്‍കാന്‍ റെയില്‍വേ സന്നദ്ധമാണെന്ന് ആവര്‍ത്തിച്ച് അറിയിച്ചിട്ടും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ താല്‍പര്യം കാണിച്ചിട്ടില്ലന്നും സംഘടന കുറ്റപ്പെടുത്തി.
ദേശീയ ചെയര്‍മാന്‍ ഡോ.എ.വി അനൂപ്, വര്‍ക്കിങ് ചെയര്‍മാന്‍ ഷെവലിയര്‍ സി. ഇ. ചാക്കുണ്ണി, ജനറല്‍ കണ്‍വീനര്‍ എം.പി.അന്‍വര്‍, പി.ഐ. അജയന്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."