ബിഹാറില്‍ രാമക്ഷേത്രം പ്രചാരണായുധമാക്കി പ്രധാനമന്ത്രി
പാറ്റ്ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ അയോധ്യയിലെ രാമക്ഷേത്രം പ്രചാരണായുധമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. അയോധ്യയിലെ രാമജന്മഭൂമിയുടെയും രാമക്ഷേത്രത്തിന്റെയും അടിസ്ഥാനം ചോദ്യം ചെയ്തവരെ മറക്കരുതെന്നായിരുന്നു വെസ്റ്റ് ചംപാരനില്‍ നടന്ന പ്രചാരണ യോഗത്തില്‍ മോദി പ്രസംഗിച്ചത്.
ഇപ്പോള്‍ അയോധ്യയില്‍ രാമക്ഷേത്രം യാഥാര്‍ഥ്യമായെന്നു പറഞ്ഞ അദ്ദേഹം, അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് പ്രതിബന്ധമായി നിന്നവരെ വോട്ടുചെയ്യുമ്പോള്‍ മറക്കരുതെന്നും ആവശ്യപ്പെട്ടു. നേരത്തെയും അയോധ്യയിലെ ക്ഷേത്രനിര്‍മാണം സര്‍ക്കാരിന്റെ നേട്ടമായി ചിത്രീകരിച്ച് നരേന്ദ്രമോദി രംഗത്തെത്തിയിരുന്നു. രാമക്ഷേത്രം എവിടേയെന്നും നിര്‍മിക്കുന്ന തിയതി ഏതാണെന്നും നേരത്തേ ചോദിച്ചവര്‍ക്കു ബി.ജെ.പിയും എന്‍.ഡി.എയും മറുപടി നല്‍കിയെന്നായിരുന്നു നേരത്തെ അദ്ദേഹം പറഞ്ഞിരുന്നത്.
നേരത്തെ, ബിഹാറില്‍ അയോധ്യയിലെ ക്ഷേത്രം തെരഞ്ഞെടുപ്പ് പ്രചാരണമാക്കി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും രംഗത്തെത്തിയിരുന്നു.
എന്‍.ഡി.എ സ്ഥാനാര്‍ഥികളെ ജയിപ്പിച്ചാല്‍ അവര്‍ നിങ്ങളെ അയോധ്യയിലെ രാമക്ഷേത്രത്തിലേക്കു കൊണ്ടുപോകുമെന്നായിരുന്നു യോഗിയുടെ വാഗ്ദാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."