സ്പാനിഷ് ലാ ലിഗ കിരീട പോരാട്ടം: ഫോട്ടോ ഫിനിഷിലേക്ക്
മാഡ്രിഡ്: സ്‌പെയിനില്‍ കിരീട പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക്. പോയിന്റ് നിലയില്‍ തുല്ല്യത പാലിച്ച് ബാഴ്‌സലോണയും റയല്‍ മാഡ്രിഡ് മത്സരം കടുപ്പിച്ച് വിജയം തുടരുമ്പോള്‍ കിരീട ജേതാക്കളെ അവസാന ദിവസം മാത്രം അറിയാം. നിലവില്‍ 87 പോയിന്റുമായി ബാഴ്‌സലോണ ഒന്നാം സ്ഥാനത്തും ഇത്രയും പോയിന്റുമായി റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. ഗോള്‍ ശരാശരിയില്‍ ബാഴ്‌സലോണ മുന്നില്‍ നില്‍ക്കുമ്പോള്‍ ബാഴ്‌സയേക്കാള്‍ ഒരു മത്സരം കുറച്ച് കളിച്ചതിന്റെ ആനുകൂല്യം മുതലെടുത്ത് കിരീടം പിടിക്കാനുള്ള ഒരുക്കത്തിലാണ് റയല്‍. സെല്‍റ്റ വിഗോയുമായും മലാഗയുമായും ഇനി രണ്ട് മത്സരങ്ങള്‍ റയലിനുണ്ട്. ബാഴ്‌സയ്ക്കാകട്ടെ എയ്ബറുമായി ഒരു മത്സരമാണ് അവശേഷിക്കുന്നത്. രണ്ടില്‍ ഒരു മത്സരം റയല്‍ തോല്‍ക്കുകയും അവസാന മത്സരത്തില്‍ ബാഴ്‌സലോണ വിജയിക്കുകയും ചെയ്താല്‍ ഗോള്‍ ശരാശരിയില്‍ ബാഴ്‌സയ്ക്ക് കപ്പുയര്‍ത്താം. അടുത്ത രണ്ട് മത്സരങ്ങളില്‍ രണ്ട് വിജയവും അല്ലെങ്കില്‍ ഒരു വിജയവും ഒരു സമനിലയും നേടിയാലും കപ്പ് റയലിന് സ്വന്തമാകും.
കഴിഞ്ഞ ദിവസം നടന്ന പോരാട്ടങ്ങളില്‍ ബാഴ്‌സലോണ 4-1ന് ലാസ് പല്‍മാസിനേയും റയല്‍ മാഡ്രിഡ് ഇതേ സ്‌കോറില്‍ സെവിയ്യയേയും വീഴ്ത്തിയതോടെയാണ് മത്സരം ഇഞ്ചോടിഞ്ചായി മാറിയത്. നെയ്മര്‍ നേടിയ ഹാട്രിക്ക് ഗോളുകളുടെ ബലത്തിലാണ് ബാഴ്‌സലോണ വിജയിച്ചത്. 25, 67, 71 മിനുട്ടുകളിലാണ് നെയ്മര്‍ വല ചലിപ്പിച്ചത്. ശേഷിച്ച ഗോള്‍ സുവാരസ് 27ാം മിനുട്ടില്‍ വലയിലാക്കി. സ്വന്തം തട്ടകത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളുകളാണ് വെല്ലുവിളിയാകുമെന്ന് പ്രതീക്ഷിക്കപ്പെട്ട നാലാം സ്ഥാനത്തുള്ള സെവിയ്യയെ കീഴടക്കാന്‍ റയലിന് കരുത്തായത്. കളിയുടെ 23, 78 മിനുട്ടുകളിലാണ് ക്രിസ്റ്റ്യാനോ വല ചലിപ്പിച്ചത്. ശേഷിച്ച ഗോള്‍ പത്താം മിനുട്ടില്‍ നാചോയും 84ാം മിനുട്ടില്‍ ടോണി ക്രൂസും നേടി.
മറ്റൊരു മത്സരത്തില്‍ കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡിനെ റയല്‍ ബെറ്റിസ് 1-1ന് സമനിലയില്‍ തളച്ചു. പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ അടുത്ത സീസണിലെ ചാംപ്യന്‍സ് ലീഗ് ബര്‍ത്ത് ഉറപ്പാക്കി. മറ്റു മത്സരങ്ങളില്‍ ഡിപോര്‍ടീവോ ആല്‍വെസ് 3-1ന് സെല്‍റ്റ വിഗോയേയും സ്‌പോര്‍ടിങ് ഗിജോണ്‍ 1-0ത്തിന് എയ്ബറിനേയും പരാജയപ്പെടുത്തി. മലാഗ- റയല്‍ സോസിഡാഡ് പോരാട്ടം 2-2നും അത്‌ലറ്റിക്ക് ബില്‍ബാവോ- ലെഗാനസ് 1-1നും വിയ്യാറല്‍- ഡിപോര്‍ടീവോ ലാ കൊരുണ മത്സരം ഗോള്‍രഹിത സമനിലയുമായി.
ഇറ്റലിയില്‍ ഇഞ്ചോടിഞ്ച്
മിലാന്‍: ഇറ്റാലിയന്‍ സീരി എയില്‍ പോരാട്ടം ഇഞ്ചോടിഞ്ചായി. ഒന്നാം സ്ഥാനത്തുള്ള യുവന്റസിനെ കഴിഞ്ഞ ദിവസം രണ്ടാമതുള്ള റോമ 3-1ന് വീഴ്ത്തിയതോടെ യുവന്റസിന് കിരീടമുറപ്പിക്കാന്‍ കാത്തിരിക്കണം. രണ്ട് മത്സരങ്ങള്‍ അവശേഷിക്കേ യുവന്റസിന് 85ഉം റോമയ്ക്ക് 81ഉം പോയിന്റ്. അടുത്ത രണ്ട് മത്സരത്തില്‍ യുവന്റസ് തോല്‍ക്കുകയും രണ്ട് മത്സരങ്ങള്‍ റോമ വിജയിക്കുകയും ചെയ്താല്‍ കിരീടം റോമയ്ക്ക് സ്വന്തമാക്കാം.
അടുത്ത രണ്ട് മത്സരങ്ങളില്‍ ഒരു വിജയം മതി യുവന്റസിന് കിരീടമുറപ്പിക്കാന്‍. മൂന്നാം സ്ഥാനത്തുള്ള നാപോളിക്കും നേരിയ സാധ്യതയുണ്ട്. 80 പോയിന്റുള്ള അവര്‍ അടുത്ത രണ്ട് മത്സരങ്ങളും വിജയിക്കുകയും യുവന്റസ്, റോമ ടീമുകള്‍ അടുത്ത രണ്ട് മത്സരങ്ങളും പരാജയപ്പെടുകയും ചെയ്താല്‍ 86 പോയിന്റുമായി നാപോളിക്ക് കിരീടമുയര്‍ത്താം.
മൊണാക്കോ കിരീടത്തിലേക്ക്
പാരിസ്: ഫ്രഞ്ച് ലീഗ് വണില്‍ മൊണാക്കോ കിരീടത്തിലേക്ക്. കഴിഞ്ഞ ദിവസം നടന്ന പോരാട്ടത്തില്‍ മൊണാക്കോ ലില്ലെയെ 4-0ത്തിന് പരാജയപ്പെടുത്തി. നിലവിലെ ചാംപ്യന്‍മാരായ പാരിസ് സെന്റ് ജെര്‍മെയ്ന്‍ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് സെയ്ന്റ് എറ്റീനിനെ വീഴ്ത്തി. 89 പോയിന്റുമായി മൊണാക്കോ ഒന്നാം സ്ഥാനത്തും 86 പോയിന്റുമായി പി.എസ്.ജി രണ്ടാമതും നില്‍ക്കുന്നു.
പി.എസ്.ജിക്ക് ഒരു മത്സരം അവശേഷിക്കുമ്പോള്‍ മൊണാക്കോയ്ക്ക് രണ്ട് മത്സരങ്ങള്‍ ബാക്കിയുണ്ട്. മൊണാക്കോ അടുത്ത രണ്ട് മത്സരം തോറ്റാലും പി.എസ്.ജി അടുത്ത മത്സരം വിജയിച്ചാലും പോയിന്റ് നില തുല്ല്യമാകും. എന്നാല്‍ നിലവില്‍ ഗോള്‍ ശരാശരിയിലും മുന്നിലുള്ളതിനാല്‍ കിരീടം മൊണാക്കോയില്‍ ഭദ്രമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."