പള്ളങ്കോട് ജമാഅത്ത് ഭരണം: സമസ്ത പാനലിന് അംഗീകാരം
കാസര്‍കോട്: പള്ളങ്കോട് ജമാഅത്ത് ഭരണസമിതിക്ക് സമസ്ത പാനലിന് അംഗീകാരം. പള്ളങ്കോട് മുഹ്യുദ്ധീന്‍ ജമാഅത്ത് കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഇന്നലെ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് സമസ്ത പാനല്‍ ഐകകണ്ഠ്യേന തെരഞ്ഞെടുക്കപ്പെട്ടത്. വഖ്ഫ് ബോര്‍ഡിന്റെ നേതൃത്വത്തിലാണ് ജനറല്‍ ബോഡിയോഗം വിളിച്ചു ചേര്‍ത്തത്. വഖ്ഫ് ബോര്‍ഡ് കണ്ണൂര്‍ ഡിവിഷന് ഓഫിസ് ജൂനിയര്‍ സുപ്രണ്ട് സക്കീര്‍ ഹുസൈന്, ബോര്‍ഡ് നിയമിച്ച റിട്ടേണിങ് ഓഫിസര്‍ അഡ്വ. ഫൈസല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. ക്രമസമാധാന പാലനത്തിനായി ആദൂര്‍ സി.ഐ ജോണ്‍, എസ്.ഐ. നിബിന് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലിസ് സന്നാഹം പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു.
മൂന്നു വര്‍ഷം മുന്‍പുണ്ടായിരുന്ന ഭരണസമിതിയുടെ കാലാവധി കഴിഞ്ഞതോടെയാണ് മഹല്ലില്‍ കാന്തപുരം വിഭാഗം തര്‍ക്കങ്ങളുമായി രംഗപ്രവേശം ചെയ്തത്. ഇതേ തുടര്‍ന്ന് അന്ന് ഭരണ സമിതിയിലുണ്ടായിരുന്ന മൂന്നു പേര്‍ക്ക് താല്‍ക്കാലിക ചുമതല നല്കി മഹല്ല് ഭരണം നടന്നു വരികയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം വഖ്ഫ് ബോര്‍ഡിന്റെ നേതൃത്വത്തില്‍ ജനറല്‍ ബോഡി വിളിച്ച് ഭരണ സമിതിയെ തെരഞ്ഞെടുക്കാന്‍ ശ്രമിച്ചെങ്കിലും കാന്തപുരം വിഭാഗം യോഗത്തില്‍ കുഴപ്പം ഉണ്ടാക്കിയതോടെ അത് നടന്നില്ല.
ഇതിനിടയില്‍ ഹൈക്കോടതിഇടപെടലിനെത്തുടര്ന്ന് ഭരണസമിതി തെരഞ്ഞെടുപ്പ് താല്‍ക്കാലികമായി നിലക്കുകയും ചെയ്തു. എന്നാല്‍ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം വഖ്ഫ് ബോര്‍ഡ് ഇന്നലെ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സമസ്ത പാനലിനെ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കുകയായിരുന്നു.
എം. യൂസഫ് ഹാജി പ്രസിഡന്റും കെ.പി സിറാജുദ്ദീന് ജനറല്‍ സെക്രട്ടറിയുമായ കമ്മിറ്റിയെയാണ് തെരഞ്ഞെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."