വനം വകുപ്പ് അനുമതി നല്‍കി; പൊലിസ് തടഞ്ഞു
പാലക്കാട് : പ്രളയത്തില്‍ റോഡുകള്‍ ഒലിച്ചു പോവുകയും,എണ്‍പതോളം സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടുകയും ചെയ്ത നെല്ലിയാമ്പതിയില്‍ കഴിഞ്ഞ രണ്ടു മാസമായി വിനോദ സഞ്ചാരികള്‍ക്കും, മറ്റും ജില്ലാകലക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയതു് മറികടന്ന് വനംവകുപ്പ് തമിഴ് സിനിമ ചിത്രീകരണത്തിന് അനുമതിനല്‍കിയത് പൊലീസും,നാട്ടുകാരും ചേര്‍ന്ന് തടഞ്ഞു. റവന്യൂ വകുപ്പ് ഇപ്പോഴും ഇവിടേക്കു അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പ്രവേശനം നല്‍കാന്‍ തയാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് ആനകളും, മറ്റുമായി നാല്‍പതംഗ സംഘം പറമ്പിക്കുളം കടുവ സങ്കേതത്തോട് ചേര്‍ന്ന് കിടക്കുന്ന ആനമടയില്‍ സിനിമ സംഘംചിത്രീകരണത്തിന് എത്തിയത്. ഇന്നലെ മുതല്‍ ഷൂട്ടിങ് ആരംഭിക്കാനിരിക്കുകയായിരുന്നു.
നെന്മാറ വനം ഡിവിഷനില്‍പെടുന്ന സ്ഥലമാണ് ആനമട. പകല്‍ സമയത്തു പോലും ആനയും പുലിയും, കടുവയും മാനുമൊക്കെ വിഹരിക്കുന്ന ആനമടയിലെ സ്വകാര്യ എസ്റ്റേറ്റിലെ വിവിധ പ്രദേശങ്ങളിലാണ് ചിത്രീകരണം നടത്താന്‍ തീരുമാനിച്ചിരുന്നത്്. സംഘത്തിന് താമസിക്കാന്‍ ആനമടയിലെ സ്വകാര്യ റിസോര്‍ട്ടിലാണ് താമസസൗകര്യം ഒരുക്കിയിരുന്നു. തമിഴ് ചിത്രത്തിന്റെ സംവിധായകന്‍ പ്രഭു സോളമനാണ്. പുതുമുഖങ്ങളാണ് കൂടുതലും അഭിനയിക്കുന്നത്. ഇരുപതുദിവസത്തെ ഷൂട്ടിങ് നടത്താനാണ് അനുമതി നല്‍കിയത്. വനംവകുപ്പ് ചിത്രീകരണത്തിനായി ഫീസ് വാങ്ങിച്ചാണ് അനുമതി നല്‍കിയിട്ടുളളത്. പറമ്പികുളം കടുവാസങ്കേതത്തോട് ചേര്‍ന്ന് കിടക്കുന്നസ്ഥലമാണ്. പൊലീസും, നാട്ടുകാരും ഇടപെട്ടതോടെ ഷൂട്ടിങ് സംഘം വൈകീട്ടോടെ മടങ്ങിപ്പോയി. കുറച്ചു പേര്‍ രാവിലെ ഷൂട്ടിംഗ് സാമഗ്രികളുമായി എത്തിയത് നാട്ടുകാര്‍ തടസപ്പെടുത്തിയതോടെ ഷൂട്ടിംഗ് നടത്താന്‍ പറ്റാത്ത അവസ്ഥയുണ്ടായതോടെയാണ് വ്യാഴം, വെള്ളി ദിവസങ്ങളിയായി എത്തിയ സംഘം സ്ഥലം വിട്ടത്.
ഇവിടത്തെ സ്വകാര്യ റിസോര്‍ട്ടില്‍ താമസിക്കാനെത്തുന്നവര്‍ക്ക് രാത്രി നൈറ്റ് സഫാരിക്കടക്കം സൗകര്യം ചെയ്തുകൊടുക്കുന്നത് നേരത്തെ വിവാദമായിരുന്നു. രാത്രി പറമ്പിക്കുളം കടുവാ സങ്കേതത്തിന് അടുത്തുവരെ സഞ്ചാരികളെ കൊണ്ടുപോകുന്നത് വന്യമൃഗങ്ങളുടെ സൈ്വരവിഹാരത്തിന് തടസമുണ്ടാക്കുന്നുമുണ്ട്. എന്നാല്‍ കഴിഞ്ഞ ജൂലായ് മാസം മുതല്‍ നെല്ലിയാമ്പതിയിലേക്ക് പോകുന്ന വിനോദ സഞ്ചാരികള്‍ക്ക് വനംവകുപ്പുതന്നെ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോത്തുണ്ടി വനംവകുപ്പ് ചെക്‌പോസ്റ്റില്‍ എത്തുന്ന സഞ്ചാരികളെ തടഞ്ഞു തിരിച്ചയച്ചു കൊണ്ടിരിക്കുമ്പോഴാണ് സിനിമ സംഘത്തിന് കാടിനോട് ചേര്‍ന്ന സ്ഥലത്ത് ചിത്രീകരണം നടത്താന്‍ വനം വകുപ്പ് അനുമതി നല്‍കിയത്. ജൂലായ് മുതല്‍ നെല്ലിയാമ്പതിയില്‍ മലയിടിച്ചിലും, റോഡ് തകര്‍ച്ചയും ഉരുള്‍പൊട്ടലും നടന്നതിനാലാണ് വിനോദ സഞ്ചാരത്തിന് അനുമതി നല്‍കാതിരുന്നത്.
കഴിഞ്ഞ മാസമുണ്ടായ ശക്തമായ മഴയില്‍ പോത്തുണ്ടി നെല്ലിയാമ്പതി റോഡിലെ കുണ്ട്‌റുചോല പാലം ഒലിച്ചു പോയതിനാല്‍ ഇപ്പോള്‍ തല്‍ക്കാലം പാലം ഉണ്ടാക്കിയിട്ടുണ്ട്. ഇതിലൂടെ അത്യാവശ്യ കാര്യങ്ങള്‍ക്കുള്ള ജീപ്പുകള്‍ മാത്രമാണ് കടത്തി വിടുന്നത്. പല എസ്സ്‌റ്റേറ്റുകളിലും ഭൂമി വിണ്ടുകീറലും,സ്ഥലം ഒലിച്ചു പോകലും ഉണ്ടായിട്ടുണ്ട്. മാത്രമല്ല, കൈകാട്ടിയില്‍ നിന്നും ആനമടയിലേക്ക് പോകുന്ന പ്രദേശത്ത് ഉരുള്‍പൊട്ടി മണ്ണ് മുഴുവന്‍ റോഡിലുമാണ് ഇതൊക്കെ മാറ്റിയിടാനുള്ള നടപടികള്‍ തുടങ്ങിയിട്ടുമുണ്ട്. ഇതിനിടയില്‍ സിനിമക്ക് വേണ്ടി വലുതും ചെറുതുമായ ഇരുപതോളം വാഹനങ്ങള്‍ ഓടിയാല്‍ റോഡ് മുഴുവന്‍ തകര്‍ന്നു യാത്രക്ക് തടസമുണ്ടാകുമെന്നും ഇവിടത്തെ ജനങ്ങള്‍ പറയുന്നു. നെല്ലിയാമ്പതിയിലേക്ക് പഴയപോലെ ഗതാഗതം പുനഃസ്ഥാപിക്കണമെങ്കില്‍ ആറുമാസമെങ്കിലും വേണ്ടിവരുമെന്നിരിക്കെയാണ് വിനോദ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. ഇതെല്ലാം മറികടന്ന് സിനിമ ചിത്രീകരിക്കാന്‍ അനുമതി നല്‍കിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും, ഷൂട്ടിങ്ങിനു നല്‍കിയ അനുമതി റദ്ദാക്കണമെന്നും 'എര്‍ത്ത് വാച്ച് കേരളാ' ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."