വാഴാനി പുഴയിലേക്ക് ഇന്നും കനാലിലേക്ക് നാളെയും വെള്ളം തുറന്നുവിടും
വടക്കാഞ്ചേരി: കാര്‍ഷിക അതിജീവന ദൗത്യം യാഥാര്‍ഥ്യമാക്കാന്‍ വാഴാനി ഇറിഗേഷന്‍ പ്രോജക്ട് അഡൈ്വസറി കമ്മിറ്റി യോഗം കാര്‍ഷിക കലണ്ടറിനനുസരിച്ച് ഇറിഗേഷന്‍ കലണ്ടര്‍ തയ്യാറാക്കി. ഇതിന്റെ ഭാഗമായി ഇന്ന് വൈകീട്ട് വടക്കാഞ്ചേരി പുഴയിലേക്ക് രണ്ടു ദിവസവും നാളെ വൈകീട്ട് വാഴാനി കനാലിലേക്കും വെള്ളം തുറന്നു വിടാന്‍ തീരുമാനമായി.
30ന് നട്ടവസാനിപ്പിക്കേണ്ട മുണ്ടകന്‍ നെല്‍കൃഷി പ്രളയ കെടുതിയെ തുടര്‍ന്ന് ഒക്ടോബര്‍ അഞ്ചിന് നടീല്‍ അവസാനിപ്പിക്കാനാണ് ധാരണ. വാഴാനി ഇറിഗേഷന്‍ കനാല്‍ അവസാനിക്കുന്ന തലക്കോട്ടുകര ഭാഗത്ത് നിന്ന് തുടങ്ങി തെക്കുംകര ഭാഗത്ത് നട്ടവസാനിപ്പിക്കുന്ന രീതിയിലുള്ള കാര്‍ഷിക കലണ്ടറാണ് തയ്യാറാക്കിയിട്ടുള്ളത്. ഇതനുസരിച്ച് ഡിസംമ്പര്‍ 20 വരെ തലക്കോട്ടുകര ഭാഗത്തേക്കും പിന്നീട് മുണ്ടൂര്‍, വേലൂര്‍, മുണ്ടത്തിക്കോട്, പാര്‍ളിക്കാട് ബ്രാഞ്ച് ഭാഗത്തേക്കും ഡിസംബര്‍ 25 വരേയും പാര്‍ളിക്കാട്, തെക്കുംകര ഭാഗത്തേക്ക് ഡിസംബര്‍ 31 വരേയും വെള്ളം തുറന്നു വിടും.
കാര്‍ഷിക കലണ്ടര്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിന് വാഴാനി ഇറിഗേഷന്‍ പ്രോജക്റ്റിന്റെ കീഴിലുള്ള കൃഷി ഓഫിസര്‍മാരുടേയും, പാടശേഖര സമിതി ഭാരവാഹികളുടേയും തൊഴിലുറപ്പ്, അയ്യങ്കാളി തൊഴിലുറപ്പ് അസി. എന്‍ജിനീയര്‍മാരുടേയും, ഓവര്‍സീയര്‍മാരുടേയും യോഗം 17ന് രണ്ടിന് വടക്കാഞ്ചേരി ബ്ലോക്ക് ഓഫിസില്‍ ചേരും.
19ന് രണ്ടിന് പാടശേഖര സമിതി ഭാരവാഹികളുടേയും യോഗം ബ്ലോക്ക് ഓഫിസില്‍ ചേരും. സമയബന്ധിതമായി നട്ടവസാനിപ്പിക്കുന്നതിന് വേണ്ടി ഗ്രീന്‍ ആര്‍മിയുടേയും, തൊഴിലുറപ്പ് തൊഴിലാളികളുടേയും സഹായം തേടും. തൊഴിലുറപ്പില്‍ കൈനാട് അറിയുന്നവരുടെ പ്രത്യേകം യോഗം വിളിച്ച് ചേര്‍ത്ത് ഒറീസയില്‍ നിന്നും , ബംഗാളില്‍ നിന്നും വന്ന തൊഴിലാളികള്‍ നടുന്നതു പോലെ നടുന്നതിനു വേണ്ടി എകദിന പരിശീലനം നടത്തും.
യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാല്‍ അധ്യക്ഷനായി. നഗരസഭ വൈസ്. ചെയര്‍മാന്‍ എം.ആര്‍ അനൂപ് കിഷോര്‍, തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് എം.കെ ശ്രീജ, വേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ലി ദിലീപ് കുമാര്‍, ചൂണ്ടല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് കരീം, ഗ്രീന്‍ ആര്‍മി പ്രസിഡന്റ് പി.ആര്‍ അരവിന്ദാക്ഷന്‍ എന്നിവര്‍ സംസാരിച്ചു.അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ടി.ആര്‍ ജയരാജ് സ്വാഗതവും, അസി. എന്‍ജിനീയര്‍ പി.എന്‍ രാഘവന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."