സ്വാശ്രയ മാനേജ്മെന്റുകള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കിയെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍, ഡന്റല്‍ കോഴ്സുകളിലെ ഫീസ് വര്‍ധന ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസ്. വി.ടി.ബല്‍റാം എം.എല്‍.എയാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയത്. എന്നാല്‍ സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
സ്വാശ്രയ മാനെജ്മെന്റുകള്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ സംസാരിക്കുന്നത്. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തണം. ഇത്രയും വലിയ ഫീസ് വര്‍ധനയുണ്ടായിട്ടും പ്രതികരിക്കാത്ത എസ്എഫ്ഐയും ഡിവൈഎഫ്ഐയും കാശിക്കാണോ പോയതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയില്‍ പരിഹസിച്ചു.
അതേസമയം, ഫീ റെഗുലേറ്ററി കമ്മിഷന്റെ ഫീസ് ഘടനയില്‍ സംസ്ഥാന സര്‍ക്കാറിന് ഇടപെടാന്‍ സാധിക്കില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ സഭയെ അറിയിച്ചു. ഫീ റെഗുലേറ്ററി കമ്മിഷനാണ് ഫീസിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത്. കമ്മിഷന്റെ ഉത്തരവ് എല്ലാ മാനേജ്മെന്റുകളും നടപ്പാക്കിയിട്ടില്ല. എന്നാല്‍, ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ ഇത് അംഗീകരിച്ചിട്ടുണ്ട്. കമ്മിഷന്റെ ഫീസ്ഘടന അംഗീകരിക്കുകയേ നിര്‍വാഹമുള്ളൂവെന്നും മന്ത്രി ശൈലജ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."