കർഷക വിരുദ്ധ ബില്ല്; കോർപ്പറേറ്റുകളോടുള്ള ബിജെപിയുടെ പ്രത്യുപകാരം: ഇന്ത്യൻ സോഷ്യൽ ഫോറം
റിയാദ്: വയലോലകളിൽ പകലന്തിയോയോളം വിയർപ്പൊഴുക്കി കോടിക്കണക്കിനാളുകൾക്ക് അന്നം വിളയിക്കുന്ന കർഷക സമൂഹത്തെ കോർപ്പറേറ്റ് മുതലാളിമാർക്ക് മുന്നിൽ വിലകുറച്ചു വിൽപ്പന നടത്തിയാണ് പുതിയ കാർഷിക ബില്ല് പാർലമെന്റിൽ യാതൊരു തത്വദീക്ഷയുമില്ലാതെ ചുട്ടെടുത്തതെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം സഊദി കേരള കോഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് മാത്രം പ്രചാരണം കൊഴുപ്പിക്കാനും വോട്ടുകൾ പെട്ടിയിലാക്കാനും കർഷകരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും ഘോരഘോരം പ്രസംഗിക്കുകയും അധികാരക്കസേരയിലെത്തുമ്പോൾ കുത്തക മുതലാളിമാരുടെ താല്പര്യങ്ങൾക്കു വേണ്ടി നിലകൊള്ളുകയും കർഷകരെ ദുരിതക്കയത്തിലേക്കു തള്ളിവിടുന്നതുമാണ് ദശാബ്ദങ്ങളായി രാജ്യത്ത് നടമാടുന്നത്.
രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ കർഷകരെ തിരിഞ്ഞു കുത്തുന്ന നിർദ്ദയമായ നിയമങ്ങളാണ് മോഡി സർക്കാർ ഇതിനകം പാസാക്കിയിട്ടുള്ളത്.
കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ വിൽക്കുന്നതിനും മിനിമം വില ഉറപ്പാക്കുന്നതിനുമുള്ള സംവിധാനമായി 1951 ൽ സ്ഥാപിതമായ അഗ്രികൾച്ചർ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റി (എ.പി.എം.സി) കർഷകർക്ക് ഉത്പന്നങ്ങൾക്ക് തറവില നിശ്ചയിക്കാൻ ഉതകുമായിരുന്ന മിനിമം സപ്പോർട്ട് പ്രൈസ് (എം.എസ്.പി.) എന്നീ സംവിധാനങ്ങളെ നിർവ്വീര്യമാക്കിക്കൊണ്ടാണ് പുതിയ കാർഷിക ബില്ല് പാർലമെന്റിൽ പാസ്സാക്കിയെടുത്തിട്ടുള്ളത്. എ.പി. എം.സി നിലവിലുണ്ടാകുമ്പോൾ അതിനു കീഴിലുള്ള മാർക്കറ്റുകളിൽ കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ വിൽപ്പന നടത്താനും ന്യായമായ വില ലഭിക്കാനുമുള്ള സാഹചര്യം ഉണ്ടായിരുന്നു. ചില പഴുതുകൾ ഉണ്ടെങ്കിലും അവപരിഹരിച്ചു മുന്നോട്ട് പോകുന്നതിനു പകരം സ്വകാര്യ കുത്തകകളുടെ മാർക്കറ്റുകൾക്ക് അവസരമൊരുക്കിക്കൊടുക്കാൻ എ.പി. എം.സി. സംവിധാനം അപ്പാടെ ഇല്ലാതാക്കുന്ന വിധമാണ് പുതിയ കാർഷിക ബില്ല് പാസ്സാക്കിയിട്ടുള്ളത്.
കാർഷിക മേഖലയെ നശിപ്പിക്കാനും സർക്കാരിന്റെ ചങ്ങാതിമാരായിട്ടുള്ള മുതലാളിമാരെ സഹായിക്കാനുമുതകുകുന്ന കർഷകവിരുദ്ധ ബില്ലിനെതിരെ പൊരുതുന്ന രാജ്യത്തെ സാധാരണക്കാരായ കർഷക സമൂഹത്തിന് എല്ലാവിധ പിന്തുണയും ഐക്യദാർഢ്യവും അറിയിക്കുന്നതായി സോഷ്യൽ ഫോറം സഊദി കേരള നാഷണൽ കോഓർഡിനേറ്റർ ബഷീർ കാരന്തൂർ ഭാരവാഹികളായ ഹനീഫ കഴിശ്ശേരി (ജിദ്ദ), മുഹമ്മദ് കോയ ചേലേമ്പ്ര (അബഹ), മൻസൂർ എടക്കാട് (ദമാം), അൻസാർ ചങ്ങനാശ്ശേരി (റിയാദ്) എന്നിവർ പത്രക്കുറിപ്പിൽ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."