വിജിലന്‍സിനെതിരേ രൂക്ഷ വിമര്‍ശനവുമായി ക്രൈംബ്രാഞ്ച്
തൊടുപുഴ: പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ അഴിമതി അന്വേഷിച്ച വിജിലന്‍സിനെതിരേ രൂക്ഷ വിമര്‍ശനവുമായി ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. വ്യാജരേഖ ചമച്ചുള്ള തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ ചെയ്തതിന് സമാനമായ തെറ്റാണ് വിജിലന്‍സിന് സംഭവിച്ചതെന്നാണ് ക്രൈംബ്രാഞ്ച് എസ്.പി സക്കറിയ ജോര്‍ജ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. ക്രമക്കേട് കണ്ടെത്തിയിട്ടും നടപടിയെടുത്തില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നാറിലെ ഭൂമി കൈയേറ്റങ്ങളെക്കുറിച്ചും അഴിമതിയെക്കുറിച്ചും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് എസ്.പിയുടെ ശുപാര്‍ശ.
പള്ളിവാസല്‍ വിപുലീകരണ പദ്ധതിയുടെ ഭാഗമായി 2007ല്‍ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേട് നടന്നതായി ആരോപണമുയര്‍ന്നിരുന്നു. വ്യാജരേഖ ചമച്ച് കെ.എസ്.ഇ.ബിയുടെ കോടിക്കണക്കിന് രൂപ തട്ടിയെന്നാണ് പിന്നീട് കണ്ടെത്തിയത്. ഇതില്‍ അന്വേഷണം ആവശ്യപ്പെട്ട് പാമ്പാടുംപാറ സ്വദേശി ബിജോ മാണിയാണ് വിജലന്‍സിന് പരാതി നല്‍കിയത്. പരാതിയില്‍ വിജിലന്‍സ് ഇടുക്കി യൂനിറ്റ് നടത്തിയ ത്വരിതാന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയെങ്കിലും കൂടുതല്‍ അന്വേഷണത്തിലേക്ക് പോയില്ല. പകരം കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുകയായിരുന്നു. അഞ്ചുലക്ഷത്തിന് മുകളില്‍ ക്രമക്കേട് നടന്നാല്‍ അത് അന്വേഷിക്കേണ്ടത് വിജലന്‍സാണ്. എന്നാല്‍, ഒരുകോടിയില്‍ അധികം രൂപയുടെ ക്രമക്കേട് നടന്നുവെന്ന് പരാതിയുണ്ടായിട്ടും കേസ് ക്രൈംബ്രാഞ്ചിന്റെ തലയില്‍ കെട്ടിവയ്ക്കുകയായിരുന്നുവെന്നാണ് വിമര്‍ശനം. മൂന്നാറിലെ ഭൂമി കൈയേറ്റങ്ങള്‍ക്കും വ്യാജപട്ടയങ്ങള്‍ക്കും ഒത്താശചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് സമാനമായ കുറ്റമാണ് വിജലന്‍സ് ചെയ്തിരിക്കുന്നത്. പള്ളിവാസലില്‍ വ്യാജ പട്ടയവും കൈവശരേഖയും ഉപയോഗിച്ച് പണംതട്ടിയെന്ന് കണ്ടത്തിയിട്ടും വിജിലന്‍സ് യാതൊരു നടപടിയും എടുത്തില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പദ്ധതിയുടെ ഭാഗമായി ഇതുവരെ 6,95,30,791 രൂപയുടെ സ്ഥലമാണ് ഏറ്റെടുത്തത്. 42 പേരില്‍ നിന്നായി ഏതാണ്ട് 11 ഹെക്ടറോളം സ്ഥലം. ഇതിന്റെ വിലയിട്ടതിലും ഭൂമിയുടെ രേഖകള്‍ പരിശോധിച്ചതിലും അടക്കം വലിയ വീഴ്ചയാണ് ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ചത്. ഇത് 2017ല്‍ വിജിലന്‍സ് കണ്ടെത്തിയെങ്കിലും മറ്റ് നടപടികളൊന്നും ഉണ്ടായില്ല. സംസ്ഥാനത്തെ ആദ്യ ജലവൈദ്യുത പദ്ധതിയായ പള്ളിവാസല്‍ 1940ലാണ് കമ്മിഷന്‍ ചെയ്യുന്നത്. ഇതിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനും പഴയ പെന്‍സ്റ്റോക്ക് പൈപ്പുകള്‍ മാറ്റുന്നതിനുമായാണ് പുതിയ പദ്ധതി വിഭാവനം ചെയ്തത്. എന്നാല്‍, കരാര്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ വന്നതോടെ പദ്ധതി ഇന്നും ഇഴയുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."