ചിദംബരത്തിന്റെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയ വൈരമെന്ന് കോണ്‍ഗ്രസ്
ചെന്നൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തിന്റെയും മകേെന്റയും വീട്ടില്‍ നടക്കുന്ന റെയ്ഡിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ഏറ്റവും മോശമായ രീതിയിലുള്ള രാഷ്ട്രീയ പകപോക്കലാണ് റെയ്‌ഡെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് പ്രതികരിച്ചു. റെയ്ഡില്‍ അപലപിക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.
നേരത്തെയും ബി.ജെ.പി ഇത്തരം നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് പ്രമോദ് തിവാരി ചൂണ്ടിക്കാട്ടി. അധികാരത്തിലേറിയ ശേഷം ഇത്തരത്തിലുള്ള പ്രതികാര നടപടികളാണ് പാര്‍ട്ടി എടുത്തിട്ടുള്ളത്. വീരഭദ്രന്‍ സിങ്ങ് കേസിലും നാഷനല്‍ ഹെറാള്‍ഡ് കേസിലും ഇത് കാണാം. മന്‍മോഹന്‍ സിങ്ങിനെതിരെയും ബി.ജെ.പി തിരിഞ്ഞിട്ടുണ്ട്. അതു തന്നെയാണ് ഇപ്പോള്‍ ചിദംബരത്തിനെതിരെയും ചെയ്യുന്നത്. അദ്ദേഹത്തിന്റെ സത്യസന്ധത ആര്‍ക്കാണ് അറിയാത്തത്- തിവാരി എ.എന്‍.ഐയോട് പറഞ്ഞു.
തന്നെയും മകനെയും വേട്ടയാടാന്‍ സി.ബി.ഐ അടക്കമുള്ള ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുന്നുവെന്ന് ചിദംബരം കുറ്റപ്പെടുത്തി.
തന്നെ നിശബ്ദനാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്ന് ചിദംബരം ആരോപിച്ചു. പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ക്കെതിരെയും മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയും സന്നദ്ധ സംഘടനകളുടെ നേതാക്കള്‍ക്കെതിരെയും ഇതേ തന്ത്രം തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ പയറ്റുന്നത്. എന്നാല്‍ താന്‍ നിശബ്ദനാകില്ല. എഴുത്തും പ്രസംഗവും തുടരും -ചിദംബരം പറഞ്ഞു.
ചിദംബരത്തിന്റെയും മകന്‍ കാര്‍ത്തി ചിദംബരത്തിന്റെയും ചെന്നൈ നുങ്കംപാക്കത്തെ വസതികളിലും ഇരുവര്‍ക്കും ബന്ധമുള്ള രാജ്യത്തെ മുഴുവന്‍ സ്ഥാപനങ്ങളിലും സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."