ഹരിയാന പീഡനം: ഒരാള്‍ അറസ്റ്റില്‍, എസ്.പിയെ സ്ഥലംമാറ്റി
ന്യൂഡല്‍ഹി: ഹരിയാനയില്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ആദ്യ അറസ്റ്റ്. പ്രതികള്‍ക്ക് വാടകയ്ക്ക് സ്ഥലം കൊടുത്തയാളെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ജില്ലാ പൊലിസ് മേധാവിയെ സ്ഥലംമാറ്റുകയും ചെയ്തു.
ഇന്ത്യന്‍ ആര്‍മി സൈനികന്‍ അടക്കം മൂന്നു പ്രധാന പ്രതികളാണ് കേസിലുള്ളത്. രാജസ്ഥാനില്‍ ജോലി ചെയ്യുന്ന സൈനികനാണ് മുഖ്യപ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടും നാലു ദിവസത്തിനിടെ അറസ്റ്റ് ചെയ്യാനായിട്ടില്ല. ഇയാളടക്കമുള്ള പ്രതികളെക്കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് പൊലിസ് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചു.
ഹരിയാന, രാജസ്ഥാന്‍, ഡല്‍ഹി തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഇവര്‍ക്കു വേണ്ടി തെരച്ചില്‍ തുടരുകയാണ്. മറ്റു ചിലരെ ചോദ്യംചെയ്യുകയുമുണ്ടായി.
രണ്ടാം വര്‍ഷം ബിരുദ വിദ്യാര്‍ഥിനിയെയാണ് ബസ്റ്റാന്‍ഡില്‍ നിന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. മൂന്നു പേരാണ് പൊലിസിന്റെ പട്ടികയില്‍ ഉള്ളതെങ്കിലും 8-10 പേര്‍ ചേര്‍ന്നാണ് മകളെ പീഡിപ്പിച്ചതെന്ന് പിതാവ് ആരോപിച്ചു. കാറില്‍ തട്ടിക്കൊണ്ടുപോയി കൃഷിയിടത്തില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചത്. കൃഷിയിടത്തില്‍ ഉള്ളവരും പീഡിപ്പിച്ചുവെന്നാണ് പൊലിസ് പറയുന്നത്.
അതേസമയം, വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരത്തുക അമ്മ മടക്കിനല്‍കി. തങ്ങള്‍ക്ക് പണമല്ല വേണ്ടതെന്നും നീതിയാണ് വേണ്ടതെന്നും അമ്മ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."