വാഗ്ദാനങ്ങള്‍ നല്‍കി ദുരിതബാധിതരെ സര്‍ക്കാര്‍ കബളിപ്പിച്ചു: ചെന്നിത്തല
തിരുവനന്തപുരം: പ്രളയം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുരിതബാധിതര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കി സര്‍ക്കാര്‍ കബളിപ്പിക്കുകയാണ് ചെയ്തത്. പ്രളയബാധിതര്‍ക്ക് 10,000 രൂപ വീതം നല്‍കുമെന്നും വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ അതൊന്നുമുണ്ടായില്ല. തുകയുടെ വിതരണം കാര്യക്ഷമമല്ലാത്തതിനാലാണ് വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാത്തതെന്നും ചെന്നിത്തല പറഞ്ഞു.
പ്രളയത്തില്‍ വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഒരു ലക്ഷം രൂപയും ചെറുകിട വ്യാപാരികള്‍ക്ക് 10 ലക്ഷം രൂപ വരെ പലിശ രഹിത വായ്പയും നല്‍കുമെന്ന് പറഞ്ഞിരുന്നു. ദുരിതാശ്വസ കേന്ദ്രങ്ങളില്‍നിന്ന് മടങ്ങുമ്പോള്‍ നല്‍കുമെന്ന് പറഞ്ഞ കിറ്റ് വിതരണത്തിലും അപാകതയുണ്ട്. ഒരു കിറ്റില്‍ 22 ഇനം സാധനങ്ങളുണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും പത്തിനങ്ങള്‍ മാത്രമാണുള്ളത്. ഇതുതന്നെ ആര്‍ക്കൊക്കെ നല്‍കി എന്നതിനും ഒരു രൂപവുമില്ല.
സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നത് ഗുണ്ടാപ്പിരിവ് മാത്രമാണ്. കേരളത്തിന്റെ ഭരണം ജയരാജന്മാരില്‍ മാത്രമായി ഒതുങ്ങിയിരിക്കുന്നു. ഇവരോട് മന്ത്രിമാര്‍ക്കുള്ള അഭിപ്രായ വ്യത്യാസം പ്രകടമാണ്. ഉത്തരവുകള്‍ ഇറക്കി പിന്‍വലിക്കുന്ന ജോലി മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. ലോകത്തിന് മുന്നില്‍ കേരളം തലകുനിച്ചു നില്‍ക്കേണ്ട ഗതികേടാണ് ഇടതുമുന്നണി സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നത്. സര്‍ക്കാരിന് എന്തൊക്കെയോ ഒളിക്കാനും മറയ്ക്കാനും ഉള്ളതിനാലാണ് പ്രളയദുരിതാശ്വാസത്തിനുവേണ്ടി പ്രത്യേക അക്കൗണ്ട് തുറന്നശേഷം അത് പിന്‍വലിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."