ഇടയ പീഡനം: പ്രക്ഷോഭം സംസ്ഥാനവ്യാപകമാക്കുന്നു
കൊച്ചി: ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സേവ് അവര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കന്യാസ്ത്രീകള്‍ നടത്തിവരുന്ന സമരം പത്താംദിനത്തിലേക്ക് കടക്കുമ്പോള്‍ സമരം സംസ്ഥാനവ്യാപകമാക്കാന്‍ തീരുമാനം. ലൈംഗികാതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കായി 'സേവ് അവര്‍ വുമണ്‍' എന്ന പേരില്‍ മുന്നേറ്റം തുടരാനാണു സമരസമിതിയുടെ തീരുമാനം. കൂടുതല്‍ സ്ത്രീ പങ്കാളിത്തം ഉറപ്പുവരുത്താനാണിത്. ഇതിന്റെ ഭാഗമായി ജില്ലകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തനങ്ങള്‍ നടത്തും.
അതിനിടെ, ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് സമരപ്പന്തലില്‍ നിരാഹാരമിരിക്കുന്ന സ്റ്റീഫന്‍ മാത്യുവിനെ അറസ്റ്റ് ചെയ്ത് ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. പകരം സമരസമിതിയിലെ അലോഷ്യ ജോസഫ് നിരാഹാരസമരം ഏറ്റെടുത്തു.
ഇന്ന് സാമൂഹ്യപ്രവര്‍ത്തക പി. ഗീത നിരാഹാരം അനുഷ്ഠിക്കും. വരുംദിവസങ്ങളില്‍ കന്യാസ്ത്രീയുടെ കുടുംബാംഗങ്ങളും നിരാഹാരമിരിക്കും. 365 ദിവസവും റിലേ സത്യഗ്രഹത്തിനാണ് സേവ് അവര്‍ സിസ്റ്റേഴ്‌സ് ഫോറം ഉദ്ദേശിക്കുന്നത്. അതിനായി ഭിന്നലിംഗക്കാരടക്കം നിരവധിപേര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.
ഒന്‍പതാം ദിവസമായ ഇന്നലെ സാഹിത്യ, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും ജനകീയ സമരനേതാക്കളും സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികളും വിവിധ സംഘടനകളും പിന്തുണയുമായി സമരപ്പന്തലിലെത്തി.
സമരത്തിന് ഐക്യദാര്‍ഢ്യമറിയിച്ച് കെ.ആര്‍ ഗൗരിയമ്മയും കലാമണ്ഡലം കെ.എന്‍ ഗോപി(ഗോപിയാശാന്‍)യും അയച്ച സന്ദേശങ്ങള്‍ സമരപ്പന്തലില്‍ വായിച്ചു. കീഴാറ്റൂര്‍ സമര സമിതി, കാതിക്കുടം ആക്ഷന്‍ കൗണ്‍സില്‍, പശ്ചിമഘട്ട ഏകോപന സമിതി, പുതുവൈപ്പ് ഐ.ഒ.സി വിരുദ്ധ സമിതി, സ്ത്രീകളുടെ എഴുത്ത് കൂട്ടായ്മയായ കോഴിക്കോട് ശബ്ദം പ്രവര്‍ത്തകര്‍, മനുഷ്യാവകാശ സംരക്ഷണ വേദി, യുവകലാസാഹിതി, അധിനിവേശ പ്രതിരോധ സമിതി, ദേശീയപാത ആക്ഷന്‍ കൗണ്‍സില്‍, ആര്‍.എം.പി, സി.പി.ഐ (എം.എല്‍), കേരള വിധവാ സംഘടന തുടങ്ങിയവയുടെ പ്രവര്‍ത്തകര്‍, എഴുത്തുകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, ഇ.എം സതീശന്‍, ഡോ. വത്സലന്‍ വാതുശ്ശേരി, കെ.എം ഷാജഹാന്‍, കുസുമം ജോസഫ്, ഷാനിമോള്‍ ഉസ്മാന്‍, നടി രമാദേവി, ഡോ. ഖദീജ മുംതാസ് തുടങ്ങിയവര്‍ കൊച്ചിയിലെ സമരപ്പന്തലില്‍ നേരിട്ടെത്തി പിന്തുണ പ്രഖ്യാപിച്ചു. ജനകീയ സമരനേതാക്കളുടെ സംഗമം കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.
ബിഷപ്പിനെതിരായ പ്രതിഷേധം സഭാവിശ്വാസികള്‍ക്കിടയിലും ശക്തമാവുകയാണ്. കടവന്ത്ര സെന്റ് ജോസഫ്‌സ് പള്ളി ഇടവകയിലെ 40 പേര്‍ ഇന്നലെ സമരത്തിന് ഐക്യദാര്‍ഢ്യവുമായെത്തി. എറണാകുളം രൂപതയിലെ തിരുനെല്ലൂര്‍ ഇടവകയില്‍ ബിഷപ്പിന്റെ കോലം കത്തിച്ചാണു വിശ്വാസികള്‍ കന്യാസ്ത്രീകള്‍ക്കുള്ള പിന്തുണയറിയിച്ചത്. കീരാല്ലൂര്‍ സല്‍സബീല്‍ ഗ്രീന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും സംസ്ഥാനത്തെ നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ നാടകും സമരവേദിയിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."