HOME
DETAILS

എസ്.എസ്.എല്‍.സി, പ്ലസ് ടു കഴിഞ്ഞു; ഇനിയെന്ത് ?

  
backup
May 16 2017 | 17:05 PM

after-sslc-and-plus-two-wats-next-on-navas-moonnamkai

 

വിദ്യാര്‍ഥിജീവിതത്തിലെ വഴിത്തിരിവായ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷാഫലം പുറത്തുവരുന്നതോടെ ഉപരിപഠനത്തിന്റെ അനന്ത സാധ്യതകള്‍ തേടിയുള്ള പ്രയാണമാരംഭിക്കുന്നു. ഉപജീവനത്തിനുവേണ്ടി ഏതെങ്കിലുമൊരു തൊഴില്‍ എന്ന പഴയ സങ്കല്‍പം അസ്തമിക്കുകയും അവനവന്റെ വ്യക്തിത്വം പ്രകടമാക്കുന്നതും ആത്മസംതൃപ്തി നല്‍കുന്നതുമായ തൊഴിലുകളാണ് ഇന്ന് എല്ലാവരും ആഗ്രഹിക്കുന്നത്.

ഇഷ്ടമുള്ള ജോലി, മികവാര്‍ന്ന ജീവിതസാഹചര്യം ഇവയൊക്കെയാണ് ഏതൊരു വിദ്യാര്‍ത്ഥിയുടെയും സ്വപ്നം. അതിനാല്‍ വ്യക്തമായ കരിയര്‍ ലക്ഷ്യവുമായി സൂക്ഷ്മതയോടെ കോഴ്‌സുകള്‍ തെരഞ്ഞെടുക്കണം. താന്‍ ഭാവിയില്‍ ആരാകണം എന്ന് മുന്‍കൂട്ടി നിശ്ചയിച്ച് അതിന് അനുയോജ്യമായ കോഴ്‌സുകള്‍ക്ക് പ്രാമുഖ്യം നല്‍കണം. വിജയത്തിലേക്ക് നയിക്കുന്ന പ്രധാന പ്രേരകശക്തിയാണ് ആസൂത്രണം. ആസൂത്രണം ചെയ്യുന്നതില്‍ പരാജയപ്പെടുന്നവര്‍, പരാജയപ്പെടാന്‍ വേണ്ടി ആസൂത്രണം ചെയ്യുന്നവരാണ്. കരിയര്‍ രംഗത്തെ വിജയത്തിന് ശാസ്ത്രീയമായ രീതിയിലുള്ള ആസൂത്രണം അനിവാര്യമാണ്.

 

എസ്.എസ്.എല്‍.സി.ക്ക് ശേഷമുള്ള കോഴ്‌സുകള്‍

ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി, ടെക്‌നിക്കല്‍ ഹയര്‍ സെക്കണ്ടറി, പോളിടെക്‌നിക്, ഐ.ടി.ഐ. എന്നീ കോഴ്‌സുകളാണ് എസ്.എസ്.എല്‍.സി. വിജയിച്ചവരെ പ്രധാനമായും കാത്തിരിക്കുന്നത്. എന്‍.ടി.ടി.എഫ്. നടത്തുന്ന ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍, സഹകരണ സ്ഥാപനങ്ങളിലേക്ക് ക്ലറിക്കല്‍ ജോലി ചെയ്യാന്‍ സഹായകമാവുന്ന ജെ.ഡി.സി. കോഴ്‌സുകള്‍, ഫുഡ് ക്രാഫ്റ്റ് കോഴ്‌സുകള്‍ എന്നിവ എസ്.എസ്.എല്‍.സി.ക്ക് ശേഷം കൂടുതല്‍ കാലം പഠിക്കാനാഗ്രഹിക്കാത്തവര്‍ക്ക് തെരഞ്ഞെടുക്കാവുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളാണ്.

പ്ലസ്ടുവിന് ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കാത്തവര്‍ക്ക് ഓപ്പണ്‍ സ്‌കൂളുകളിലൂടെ പ്ലസ്ടു പൂര്‍ത്തിയാക്കാം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിങ്ങ് നിരവധി തൊഴിലധിഷ്ഠിത, ഐ.ടി. അധിഷ്ഠിത വെര്‍ച്വല്‍ കോഴ്‌സുകളും സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളും നടത്തുന്നു. ഇവയ്ക്ക് സി.ബി.എസ്.ഇ., ഐ.സി.സി.ഐ. അംഗീകാരവുമുണ്ട്. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയും എസ്.എസ്.എല്‍.സി. പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ പ്രോഗ്രാമുകള്‍ വിദൂര വിദ്യാഭ്യാസത്തിലൂടെ നടത്തിവരുന്നു. എത്രകാലം പഠനം തുടരും, ഏത് തൊഴില്‍ മേഖലയില്‍ പോകാനാഗ്രഹിക്കുന്നു എന്നിവയെ ആശ്രയിച്ചാണ് കോഴ്‌സുകളുടെ തെരഞ്ഞെടുപ്പ് നടത്തേണ്ടത്.

ഹയര്‍ സെക്കണ്ടറി

എസ്.എസ്.എല്‍.സി. വിജയിച്ച ഭൂരിഭാഗം വിദ്യാര്‍ത്ഥികളും തെരഞ്ഞെടുക്കുന്ന വിപുലവും പ്രധാനവുമായ ഉപരിപഠനസംവിധാനമാണ് ഹയര്‍സെക്കണ്ടറി. സയന്‍സ് (9), ഹുമാനിറ്റീസ് (32), കൊമേഴ്‌സ് (4) എന്നീ മൂന്ന് ഗ്രൂപ്പുകളിലായി 45 സബ്ജക്റ്റ് കോമ്പിനേഷനുകള്‍ ലഭ്യമാണ്. പാര്‍ട്ട് ഒന്ന് ഇംഗ്ലീഷ് എല്ലാ വിദ്യാര്‍ഥികള്‍ക്കും നിര്‍ബന്ധം. പാര്‍ട്ട് രണ്ടില്‍ നിര്‍ദ്ദേശിക്കപ്പെട്ട 12 ഭാഷകളില്‍ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാം. സയന്‍സ് ഗ്രൂപ്പില്‍ മാത്‌സ്, ഫിസിക്‌സ്, കെമിസ്ട്രി ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ എന്‍ജിനീയറിംഗ്, ടെക്‌നോളജി, ഭൗതിക ശാസ്ത്ര പഠനം, അധ്യാപനം തുടങ്ങിയ മേഖലകളിലേക്ക് കടക്കാം. ബയോളജി, ഫിസിക്‌സ്, കെമിസ്ട്രി ഓപ്ഷനാണെങ്കില്‍ മെഡിക്കല്‍, അഗ്രികള്‍ച്ചര്‍, അധ്യാപനം, ജൈവശാസ്ത്ര മേഖലകള്‍ എന്നിവയിലേക്ക് നയിക്കും.

കണക്കും ബയോളജിയും ഒന്നിച്ചുള്ള ബയോമാത്‌സ് എടുത്താല്‍ പഠനഭാരം വര്‍ദ്ധിക്കും. ബയോളജി വിഷയങ്ങളോടാണ് താല്‍പര്യമെങ്കില്‍ കണക്ക് ഒഴിവാക്കാം. എന്‍ജിനീയറിംഗ് ലക്ഷ്യമിടുന്ന വിദ്യാര്‍ത്ഥി ബയോളജി എടുത്ത് സമയം നഷ്ടപ്പെടുത്തേണ്ടതില്ല. എന്നാല്‍ ബയോമാത്‌സ് എടുക്കുന്നവര്‍ക്ക് ഉപരിപഠനത്തിന്റെ മേഖലയില്‍ നിരവധി കോഴ്‌സുകള്‍ക്ക് ചേരാനുള്ള അവസരം ലഭ്യമാണ് എന്നത് വിസ്മരിക്കരുത്.


സയന്‍സില്‍ താല്‍പര്യമില്ലാത്തവര്‍ക്ക് ഹ്യുമാനിറ്റീസോ, കൊമേഴ്‌സോ തെരഞ്ഞെടുക്കാം. ഇവര്‍ക്ക് ബിരുദതലത്തിലെത്തുമ്പോള്‍ ഒരിക്കലും ശാസ്ത്ര വിഷയങ്ങളിലേക്കോ, എന്‍ജിനീയറിങ്ങ്, മെഡിസിന്‍ തുടങ്ങിയ പ്രൊഫഷണല്‍ മേഖലയിലേക്കോ കടക്കാനാവില്ല. എന്നാല്‍ സയന്‍സുകാര്‍ക്ക് മാനവിക വിഷയങ്ങളിലേക്കോ കൊമേഴ്‌സിലേക്കോ വേണമെങ്കില്‍ പോകാവുന്നതാണ്. കംപ്യൂട്ടര്‍ അധിഷ്ഠിത എന്‍ജിനീയറിംഗ് ലക്ഷ്യമിടുന്നവര്‍ കമ്പ്യൂട്ടര്‍ സയന്‍സ് പഠിക്കുന്നതാണ് നല്ലത്. സിവില്‍ സര്‍വിസ്, ഗവേഷണം, ജേര്‍ണലിസം, അധ്യാപനം മുതലായ സേവനമേഖലകളില്‍ താല്‍പര്യമുള്ളവര്‍ക്ക് ഹ്യുമാനിറ്റീസ് ഗ്രൂപ്പാണ് ഉത്തമം. ചാര്‍ട്ടേഡ് എക്കൗണ്ടന്റ്, ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്, ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനര്‍, ബാങ്കിങ്ങ്, ഇന്‍ഷൂറന്‍സ്, മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലേക്ക് കൊമേഴ്‌സാണ് അഭികാമ്യം.

 

എല്‍.എല്‍.ബി, ഹോട്ടല്‍ മാനേജ്‌മെന്റ്, അധ്യാപനം, ട്രാവല്‍ ആന്റ് ടൂറിസം, മാനേജ്‌മെന്റ് സ്റ്റഡീസ്, ജേര്‍ണലിസം, സിവില്‍ സര്‍വിസ് തുടങ്ങിയ മേഖലകളിലേക്ക് പ്ലസ്ടുവിന് ഏത് ഗ്രൂപ്പ് എടുത്തവര്‍ക്കും പോകാവുന്നതാണ്. ബയോടെക്‌നോളജി, ഹോം സയന്‍സ്, ഇലക്‌ട്രോണിക്‌സ്, മനശ്ശാസ്ത്രം, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ജ്യോഗ്രഫി, സോഷ്യോളജി, ഫിലോസഫി, ആന്ത്രോപോളജി, സോഷ്യല്‍ വര്‍ക്ക് മുതലായവ പഠിക്കാനും കോമ്പിനേഷനുകള്‍ ഉണ്ട് എന്ന് ശ്രദ്ധിക്കണം.

ഓരോ ഗ്രൂപ്പിനും സ്‌കൂളുകളിലുള്ള കോമ്പിനേഷനുകള്‍ക്ക് വ്യത്യാസമുണ്ടാകാം. എസ്.എസ്.എല്‍.സി. ക്ക് ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഏക ജാലക സംവിധാനം വഴിയാണ് ഹയര്‍സെക്കണ്ടറി പ്രവേശനം.

 

വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി

ഹയര്‍ സെക്കണ്ടറിക്ക് സമാനമായ തൊഴിലധിഷ്ഠിത കോഴ്‌സാണിത്. ഹയര്‍ സെക്കണ്ടറി വിജയിക്കുന്നവര്‍ക്ക് ലഭിക്കുന്ന എല്ലാ ഉപരിപഠന സാധ്യതകളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിജയിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ലഭിക്കും. കഴിഞ്ഞ വര്‍ഷം മുതല്‍ വി.എച്ച്.എസ്.ഇ. യില്‍ കാതലായ പരിഷ്‌കരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യാന്തര മാനദണ്ഡങ്ങള്‍ പ്രകാരമാണ് കോഴ്‌സുകള്‍ നവീകരിച്ചിട്ടുള്ളത്. കാലഹരണപ്പെട്ട കോഴ്‌സുകള്‍ ഒഴിവാക്കുകയും ചിലത് കൂട്ടിയോജിപ്പിക്കുകയും ചിലത് നവീകരിക്കുകയും ചെയ്തു.

രണ്ടു വര്‍ഷത്തെ കോഴ്‌സ് അഞ്ചു മാസം വീതമുള്ള നാലു മൊഡ്യൂളുകളാക്കി നൈപുണ്യവികസനം (സ്‌കില്‍ ഡവലപ്‌മെന്റ്) ഉറപ്പാക്കുന്നു. സ്‌കില്‍ സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്. പ്രായോഗിക പരിശീലനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുകയും ഓരോ മൊഡ്യൂളിന്റെയും അവസാനം പ്രാക്ടിക്കല്‍ പരീക്ഷയും വര്‍ഷാവസാനം തിയറി പരീക്ഷയും നടത്തും. ഇലക്‌ട്രോണിക്‌സ്, നഴ്‌സിങ്ങ്, ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ്, ഫിസിയോതെറാപ്പി, അക്വാകള്‍ച്ചര്‍ എന്നിങ്ങനെ തിരഞ്ഞെടുക്കുവാന്‍ 35 മേഖലകള്‍ ഉണ്ട്. ടെക്‌നിക്കല്‍ ഇംഗ്ലീഷ്, കമ്മ്യൂണിക്കേഷന്‍ - മാര്‍ക്കറ്റിംങ്ങ് സ്‌കില്‍സ്, സാങ്കേതിക പഠനം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജനറല്‍ ഫൗണ്ടേഷന്‍ കോഴ്‌സില്‍ സ്വന്തമായി സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാനുള്ള ആദ്യപടി എന്ന നിലയില്‍ സംരംഭകത്വ മേഖലയും പരിചയപ്പെടുത്തുന്നു.

ടെക്‌നിക്കല്‍ ഹയര്‍ സെക്കണ്ടറി

ടെക്‌നിക്കല്‍ ഹയര്‍സെക്കണ്ടറി കോഴ്‌സുകള്‍ പ്ലസ്ടുവിന് തുല്യമാണ്. ഫിസിക്കല്‍ സയന്‍സ്, ഇന്റഗ്രേറ്റഡ് സയന്‍സ് എന്നീ രണ്ട് വിഭാഗങ്ങളാണ് ഈ കോഴ്‌സിലുള്ളത്. ഐ.എച്ച്.ആര്‍.ഡി.യുടെ കീഴിലാണ് ടെക്‌നിക്കല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകള്‍.

പൊളിടെക്‌നിക്

സാങ്കേതിക തൊഴിലില്‍ താല്‍പര്യമുള്ളവര്‍ക്ക് അനുയോജ്യമായ കോഴ്‌സാണിത്. തൊഴില്‍ നൈപുണ്യവികസനത്തിലൂന്നിയുള്ള സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകളാണ് ഇവിടെയുള്ളത്. കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി., മെക്കാനിക്കല്‍ എന്‍ജിനീയറിംങ്ങ്, സിവില്‍, ഓട്ടോമൊബൈല്‍, ഇലക്ട്രിക്കല്‍ ആന്റ ഇലക്‌ട്രോണിക്‌സ് എന്നിവയില്‍ മൂന്ന് വര്‍ഷ ഡിപ്ലോമ പ്രോഗ്രാമുകളുണ്ട്. സംസ്ഥാന സാങ്കേതിക വകുപ്പിനു കീഴിലുള്ള ഗവണ്‍മെന്റ്, എയ്ഡഡ് പോളിടെക്‌നിക്കുകളിലെ ത്രിവത്സര എന്‍ജിനീയറിംഗ് ഡിപ്ലോമ പ്രവേശനത്തിന് ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

സംസ്ഥാന സര്‍ക്കാറിന്റെ മേല്‍നോട്ടത്തിലുള്ള ഐ.എച്ച്.ആര്‍.ഡി. യുടെ കീഴിലുള്ള മോഡല്‍ പോളിടെക്‌നിക്കുകളില്‍ അപ്ലൈഡ് ഇലക്‌ട്രോണിക്‌സ്, മെഡിക്കല്‍ ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ മെയിന്റനന്‍സ്,് ടെലികമ്മ്യൂണിക്കേഷണല്‍ ടെക്‌നോളജി എന്നീ ബ്രാഞ്ചുകളില്‍ ത്രിവത്സര എഞ്ചിനീയറിങ്ങ് ഡിപ്ലോമ കോഴ്‌സുകള്‍ ലഭ്യമാണ്. പോളിടെക്‌നിക് പാസായവര്‍ക്ക് ലാറ്ററല്‍ എന്‍ട്രി വഴി രണ്ടാം വര്‍ഷ ബി.ടെക്. കോഴ്‌സുകള്‍ക്ക് ചേരാവുന്നതാണ്.

ഐ.ടി.ഐ.

സാങ്കേതിക പഠനരംഗത്ത് പരിശീലനം നല്‍കുന്ന സ്ഥാപനങ്ങളാണ് ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍. എസ്.എസ്.എല്‍.സിക്ക് ശേഷം കൂടുതല്‍കാലം പഠിക്കാതെ തൊഴില്‍ മേഖലയില്‍ പ്രവേശിക്കാനുതകുന്നതാണ് ഇവിടെ നടത്തുന്ന കോഴ്‌സുകള്‍. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലും വിദേശത്തും നല്ല ശമ്പളത്തില്‍ ജോലി ചെയ്യാന്‍ ഈ കോഴ്‌സുകള്‍ സഹായിക്കും. ഒരു വര്‍ഷത്തെ, രണ്ടുവര്‍ഷത്തെ, മൂന്നു വര്‍ഷത്തെ കോഴ്‌സുകള്‍ ലഭ്യമാണ്. എന്‍ജിനീയറിംങ്ങ്, നോണ്‍ എന്‍ജിനീയറിങ്ങ് മേഖലകളില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളുമുണ്ട്. സാങ്കേതിക മേഖലയില്‍ 26 കോഴ്‌സുകളും സാങ്കേതികേതര രംഗത്ത് 5 കോഴ്‌സുകളുമാണുള്ളത്.

എന്‍ജിനീയറിങ്ങ് ഏക മെട്രിക് വിഭാഗത്തില്‍ മെക്കാനിക്ക് ഫോര്‍ജര്‍ ആന്‍ഡ് ഹീറ്റ് ട്രീറ്റര്‍, പ്ലാസ്റ്റിക് പ്രൊസസിംഗ് ഓപ്പറേറ്റര്‍, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, വെല്‍ഡര്‍, കാര്‍പെന്റര്‍ എന്നീ കോഴ്‌സുകളും എന്‍ജിനീയറിങ്ങ് ദ്വിവത്സര മെട്രിക് വിഭാഗത്തില്‍ ഡ്രാഫ്റ്റ്മാന്‍ (സിവില്‍) ഡ്രാഫ്റ്റ്മാന്‍ (മെക്കാനിക്ക്), സര്‍വേയര്‍, ഇലക്ട്രീഷ്യന്‍, റേഡിയോ ആന്റ് ടി.വി. മെക്കാനിക്ക്, ഇലക്‌ട്രോണിക്‌സ് മെക്കാനിക്ക്, ഓട്ടോമൊബൈല്‍ മെക്കാനിക്ക്, ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക് തുടങ്ങിയ കോഴ്‌സുകളുമാണുള്ളത്. നോണ്‍ മെട്രിക് ട്രേഡുകളില്‍ എസ്.എസ്.എല്‍.സി. തോറ്റവര്‍ക്കും അപേക്ഷിക്കാം.

എന്‍.ടി.ടി.എഫ്. കോഴ്‌സുകള്‍

നെട്ടൂര്‍ ടെക്‌നിക്കല്‍ ട്രെയിനിങ്ങ് ഫൗണ്ടേഷന്‍ ഡിപ്ലോമ കോഴ്‌സുകളും സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും നടത്തുന്നുണ്ട്. ടൂള്‍ ആന്‍ഡ് ഡൈ , ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്ങ്, മെക്കാട്രോണിക്‌സ് (ഡിപ്ലോമ കോഴ്‌സുകള്‍) ടൂള്‍ ആന്റ് ഡൈ മേക്കിങ്ങ്, ഇലക്‌ട്രോണിക്‌സ് (സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍) എന്നിവയാണവ.

ഫുഡ് ക്രാഫ്റ്റ് കോഴ്‌സുകള്‍

ഫുഡ് പ്രോഡക്ഷന്‍, ബേക്കറി ആന്‍ഡ് കണ്‍ഫെക്ഷണറി, ഹോട്ടല്‍ അക്കമഡേഷന്‍ തുടങ്ങിയ കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്ക് ബേക്കറി, ഹോട്ടല്‍, ടൂറിസം മേഖലകളില്‍ തൊഴില്‍ നേടാന്‍ സഹായകമാണ്. പതിനഞ്ച് മാസത്തെ കാലയളവുള്ള ഈ കോഴ്‌സ് ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളാണ് നടത്തുന്നത്.

 


പ്ലസ് ടുവിന് ശേഷമുള്ള കോഴ്‌സുകള്‍


പ്രൊഫഷണല്‍, ടെക്‌നിക്കല്‍, സയന്‍സ്, മെഡിക്കല്‍, അലയഡ് സയന്‍സ്, ഹെല്‍ത്ത് സയന്‍സ്, മാനേജ്‌മെന്റ്, ഫിനാന്‍സ്, ഐ.ടി., ലാംഗ്വേജ്, സോഷ്യല്‍ സയന്‍സ്, അക്കാദമിക്ക്, മീഡിയ തുടങ്ങിയ മേഖലകളില്‍ ധാരാളം കോഴ്‌സുകള്‍ പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ലഭ്യമാണ്.

ഡിപ്ലോമ, ഡിഗ്രി, സര്‍ട്ടിഫിക്കറ്റ്, പി.ജി., ഡോക്ടറല്‍ തുടങ്ങിയ വ്യത്യസ്ത രീതിയിലുള്ള കോഴ്‌സുകളും യഥേഷ്ടമുണ്ട്. പഠനം കഴിഞ്ഞാലുടന്‍ ജോലി ലഭിക്കാവുന്ന മേഖലയാണ് പ്രൊഫഷണല്‍ കോഴ്‌സുകള്‍. ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, വക്കീലന്‍മാര്‍ തുടങ്ങിയവര്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ കഴിഞ്ഞ് പുറത്തുവരുന്നവരാണ്. പ്രൊഫഷണല്‍ കോഴ്‌സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ് മെഡിക്കല്‍ വിഭാഗം. എം.ബി.ബി.എസ്., ബി.ഡി.എസ്., ബിഎച്ച്.എം.എസ്., ബി.എ.എം.എസ്., ബി.വി.എച്ച്.സി. ആന്റ് അനിമല്‍ ഹസ്ബന്ററി, ബി.എസ്.എം.എസ്, ബി.എന്‍.എം.എസ്. മുതലായവ മെഡിക്കല്‍ രംഗത്തെ പ്രധാന കോഴ്‌സുകളാണ്. വൈദ്യശാസ്ത്ര മേഖലയില്‍ പഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ പ്ലസ് ടുവിന് ബയോളജി ഉള്‍പ്പെട്ട സയന്‍സ് ഗ്രൂപ്പ് തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. പുതിയ കണക്കുപ്രകാരം ഇന്ത്യയില്‍ ഇനിയും ആറ് ലക്ഷം ഡോക്ടര്‍മാരെ ആവശ്യമുണ്ട്.

 

വൈദ്യശാസ്ത്ര മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങളുള്ള മേഖലയാണ് പാരാമെഡിക്കല്‍ രംഗം. നേഴ്‌സിംഗ്, ഫാര്‍മസി, മെഡിക്കല്‍ ലാബ് ടെക്‌നോളജി, ഓഡിയോളജി ആന്റ് സ്പീച്ച് തെറാപ്പി, ഒപ്‌ടോമെട്രി, പെര്‍ഫ്യൂഷന്‍ ടെക്‌നോളജി, ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നോളജി, എമര്‍ജന്‍സി കെയര്‍ ടെക്‌നോളജി, റെസ്പിറേറ്ററി തെറാപ്പി ടെക്‌നോളജി, ഫിസിയോ തെറാപ്പി, ഒക്യുപേഷണല്‍ തെറാപ്പി, ന്യൂറോ ടെക്‌നോളജി, ന്യൂക്ലിയാര്‍ മെഡിസിന്‍, കാര്‍ഡിയാക് ലബോറട്ടറി ടെക്‌നോളജി, ഡയാലിസിസ് ടെക്‌നോളജി, ഡെന്റല്‍ മെക്കാനിക്ക്, ഒഫ്താല്‍മിക് അസിസ്റ്റന്റ്, റേഡിയോളജിക്കല്‍ ടെക്‌നോളജി, സൈറ്റോ ടെക്‌നോളജി, ബ്ലഡ്

ബാങ്ക് ടെക്‌നോളജി, ഡയബറ്റോളജി ഇവയെല്ലാം പാരാമെഡിക്കല്‍ മേഖലയിലെ വിവിധ കോഴ്‌സുകളാണ്. പ്ലസ് ടുവിന് സയന്‍സ് വിഷയങ്ങള്‍ പഠിച്ചവര്‍ക്ക് മാത്രമാണ് ഈ കോഴ്‌സുകളില്‍ ചേരാന്‍ കഴിയൂ. ഇന്ത്യയിലും വിദേശത്തും ധാരാളം തൊഴിലവസരങ്ങളുള്ള കോഴ്‌സുകളാണിത്.

സമീപ ഭാവിയില്‍ പത്തു ലക്ഷത്തിലധികം നഴ്‌സുമാരെ രാജ്യത്ത് ആവശ്യമായി വരുമെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്ലസ് ടു തലത്തില്‍ സയന്‍സ് പഠിച്ചവര്‍ക്ക് അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, ഫിഷറീസ്, ഡയറി സയന്‍സ് എന്നീ വിഷയങ്ങളില്‍ ബിരുദ-ബിരുദാനന്തര കോഴ്‌സുകള്‍ ലഭ്യമാണ്.


അവസരങ്ങളുടെ വാതിലുകളാണ് ശാസ്ത്ര വിദ്യാര്‍ഥികള്‍ക്ക് മുന്നിലുള്ളത്. ഫിസിക്‌സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിക്‌സ് തുടങ്ങിയ വിഷയങ്ങളില്‍ ബിരുദ കോഴ്‌സുകളുമുണ്ട്. ഗവേഷണ തല്‍പരരായ വിദ്യാര്‍ത്ഥികള്‍ക്ക് തിളങ്ങാന്‍ കഴിയുന്ന പഠന മേഖലയാണ് അലയഡ് സയന്‍സ്. ബയോ ടെക്‌നോളജി, മൈക്രോ ബയോളജി, നാനോ ടെക്‌നോളജി, ബയോ ഇന്‍ഫര്‍മാറ്റിക്‌സ്, കെമി ഇന്‍ഫര്‍മാറ്റിക്‌സ്, ബയോ കെമിസ്ട്രി, മെഡിക്കല്‍ ബയോ കെമിസ്ട്രി, ഫുഡ് സയന്‍സ്, ഫുഡ് ടെക്‌നോളജി തുടങ്ങിയ വിഷയങ്ങള്‍ അവയില്‍ പ്രധാനപ്പെട്ടതാണ്. ഐ.ടി. മേഖലയിലെ കോഴ്‌സുകളായ സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍, വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍സ്, നെറ്റ് വര്‍ക്കിംഗ് തുടങ്ങിയ മേഖലകളില്‍ ബി.ടെക്, ബി.എസ്.സി., ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ ധാരാളം ലഭ്യമാണ്. ഐ.ടി. മേഖലയില്‍ ഏതെങ്കിലും ഒരു സ്‌പെഷലൈസേഷന്‍ തെരഞ്ഞെടുത്ത ശേഷം ഉപരിപഠനം തുടര്‍ന്ന് തൊഴില്‍ മേഖലയിലെത്തുന്നതാണ് ഉചിതം.


സാങ്കേതിക മേഖലയില്‍ താല്‍പര്യവും ഉന്നതപഠനവും ആഗ്രഹിക്കുന്നവര്‍ക്ക് യോജിച്ചതാണ് എന്‍ജിനീയറിങ്ങ് പഠനം. ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ്, സിവില്‍, കമ്പ്യൂട്ടര്‍ സയന്‍സ്, മെക്കാനിക്കല്‍, പെട്രോളിയം, കെമിക്കല്‍, ബയോമെഡിക്കല്‍, മറൈന്‍, എയ്‌റോനോട്ടിക്കല്‍, ആര്‍ക്കിടെക്ച്ചര്‍ മുതലായവ ടെക്‌നിക്കന്‍ മേഖലയില്‍ വരുന്ന പ്രധാന കോഴ്‌സുകളാണ്. ഈ മേഖലയില്‍ ബി.ടെക്/ബി.ഇ, ഡിഗ്രി, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ ലഭ്യമാണ്. അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിംഗ്, സെറാമിക് എന്‍ജിനീയറിംഗ്, ലെതര്‍ ടെക്‌നോളജി, ഫൂട്‌വെയര്‍ ടെക്‌നോളജി, പ്രിന്റിംഗ് ടെക്‌നോളജി തുടങ്ങിയവയും ജോലി സാധ്യതയുള്ള സാങ്കേതിക മേഖലകളാണ്. പ്ലസ് ടു യോഗ്യതയും മികച്ച കായിക ശേഷിയുമുള്ളവര്‍ക്ക് സൈന്യത്തില്‍ ഉന്നത പദവിയിലെത്താന്‍ ഉതകുന്നതാണ് എന്‍.ഡി.എ. പരീക്ഷ. പ്ലസ് ടു വിന് ഫിസിക്‌സും മാത്‌സും പഠിച്ചവര്‍ക്ക് പൈലറ്റ് കോഴ്‌സിനും ചേരാവുന്നതാണ്.

പ്ലസ് ടുവിന് മാനവിക വിഷയങ്ങള്‍ (ഹ്യുമാനിറ്റീസ്) പഠിച്ചവര്‍ക്ക് നിയമം, സാമ്പത്തിക ശാസ്ത്രം, ആര്‍ക്കിയോളജി, വിദേശ ഭാഷകള്‍, കായിക പഠനം, പബ്ലിക് റിലേഷന്‍സ്, മാധ്യമരംഗം എന്നിവയില്‍ നൂതനവും വേറിട്ടതുമായ ധാരാളം കോഴ്‌സുകളും ഉപരിപഠന സാധ്യതകളുണ്ട്. പ്ലസ്ടുവിന് ശേഷം പഞ്ചവത്സര എല്‍.എല്‍.ബി. കോഴ്‌സിന് ചേരാവുന്നതാണ്. ഇന്ത്യയിലും വിദേശത്തും ഏറെ വളര്‍ച്ചയുള്ള ഒരു വ്യവസായ മേഖലയായി ടൂറിസം രംഗം മാറിയതോടെ ഈ രംഗത്ത് ബിരുദവും, ഡിപ്ലോമകളും നേടുന്നവര്‍ക്ക് നിരവധി തൊഴില്‍ സാധ്യതകളുണ്ട്. ബി.എ. ട്രാവല്‍ ആന്റ് ടൂറിസം മാനേജ്‌മെന്റ്, ബി.ടി.എസ്, ബി.ബി.എ., ട്രാവല്‍ ആന്റ് ടൂറിസം മാനേജ്‌മെന്റ് എന്നീ കോഴ്‌സുകള്‍ ലഭ്യമാണ്. മികച്ച തൊഴിലവസരങ്ങളുള്ള ഹോട്ടല്‍ മാനേജ്‌മെന്റ് രംഗത്ത് നിരവധി ബിരുദകോഴ്‌സുകള്‍ ഉണ്ട്. അധ്യാപനം, ഗവേഷണം, പരിഭാഷ, പത്രപ്രവര്‍ത്തനം, കോപ്പിറൈറ്റര്‍, ലാംഗ്വേജ് എഡിറ്റര്‍, ടെക്‌നിക്കല്‍ റൈറ്റര്‍, ഇന്റര്‍പ്രട്ടര്‍ തുടങ്ങിയ നിരവധി മേഖലകളില്‍ ഭാഷാ പഠനത്തില്‍ ഉന്നത ബിരുദം നേടുന്നവര്‍ക്ക് അവസരങ്ങളുണ്ട്. എഞ്ചിനീയറിങ്ങ്, എം.ബി.എ., മെഡിക്കല്‍ തുടങ്ങിയ ജോലി ലഭ്യത കൂടുതലുള്ള പഠനങ്ങളില്‍ ഭാഷാപഠനവും ഇടം നേടിയിട്ടുണ്ട്.

 

സിനിമ, ടി.വി., കമ്പ്യൂട്ടര്‍ ഗെയിം, പരസ്യം, വിദ്യാഭ്യാസം, ഫാഷന്‍ ഡിസൈന്‍, പബ്ലിഷിങ്ങ് തുടങ്ങിയ മേഖലകളിലേക്ക് അവസരങ്ങളുടെ വാതില്‍ തുറക്കുന്ന കോഴ്‌സാണ് ആനിമേഷന്‍. പഠിച്ച് മികവ് തെളിയിക്കുന്ന സമര്‍ത്ഥരായവര്‍ക്ക് ജേര്‍ണലിസം, മാസ് കമ്മ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ്, അഡ്വേര്‍ടൈസിങ്ങ്, സിവില്‍ സര്‍വ്വീസ്, ആര്‍ക്കിയോളജി, ആര്‍ക്കൈവ്‌സ്, അധ്യാപനം, ഗവേഷണം മുതലായ പല കരിയറുകളിലേക്കും എത്തിച്ചേരാം. മാധ്യമ മേഖലയില്‍ റിപ്പോര്‍ട്ടര്‍, എഡിറ്റര്‍, ന്യൂസ് റീഡര്‍ തുടങ്ങിയ മേഖലകളില്‍ നിരവധി തൊഴിലവസരങ്ങള്‍ രാജ്യത്തിനകത്തും പുറത്തുമുണ്ട്. ഡി.എഡ്, ബി.എഡ്, എം.എഡ്, ലാംഗ്വേജ് ടീച്ചേഴ്‌സ് ട്രെയിനിങ്ങ്, പ്രീപ്രൈമറി ടീച്ചേര്‍സ് ട്രെയിനിങ്ങ് തുടങ്ങിയ കോഴ്‌സുകള്‍ അധ്യാപന മേഖലയിലേക്ക് കടക്കാന്‍ ഉപകരിക്കും. കായികാധ്യാപകന്‍, പരിശീലകര്‍, ഫിറ്റ്‌നസ് മാനേജര്‍ എന്നീ കായിക പരിശീലന മേഖലയിലേക്ക് സിപെഡ്, ബി.പി.ഇ./ബി.പെഡ്, എം.പി.ഇ/എം.പെഡ് എന്നീ കോഴ്‌സുകള്‍ തെരഞ്ഞെടുക്കണം. ഹിസ്റ്ററി, എക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി, ആന്ത്രോപോളജി, റൂറല്‍ ഡവലപ്‌മെന്റ് തുടങ്ങിയ വിഷയങ്ങള്‍ സോഷ്യല്‍ സയന്‍സ് മേഖലയിലെ പ്രധാന പഠനങ്ങളാണ്. ഈ മേഖലയില്‍ ഉപരിപഠനം നടത്തുന്നവര്‍ക്ക് സാധ്യതകളേറെയാണ്.

അനന്ത സാധ്യതകളുള്ള മറ്റൊരു മേഖലയാണ് കൊമേഴ്‌സിന്റെ വഴികള്‍. ബി.കോം കഴിഞ്ഞാല്‍ എം.ബി.എ. അല്ലെങ്കില്‍ സി.എ. എന്നതായിരുന്നു ബിസിനസ് രംഗത്തെക്കുറിച്ചുണ്ടായിരുന്ന മുന്‍ധാരണയെങ്കില്‍ ഇന്ന് അത് മാറിവരുന്നുണ്ട്. ബി.ബി.എ. ആയിരുന്നു ആദ്യം എത്തിയത്. ഇന്ന് ബി.ബി.എം., ബി.ടി.എ. തുടങ്ങിയ കോഴ്‌സുകളുണ്ട്. കോസ്റ്റ് വര്‍ക്ക് അക്കൗണ്ടന്റ്, കമ്പനി സെക്രട്ടറി, മാനേജ്‌മെന്റ്, ടാക്‌സേഷന്‍, മാര്‍ക്കറ്റിംഗ്, ഫിനാന്‍സ്, ഫിനാന്‍ഷ്യല്‍ ആന്റ് ഇന്‍വെസ്റ്റ്‌മെന്റല്‍ അനലിസ്റ്റ്, റിസോര്‍സ് മാനേജ്‌മെന്റ് ഇവയെല്ലാം കൊമേഴ്‌സ് പഠിച്ചവര്‍ക്ക് മുന്നിലെ വാതായനങ്ങളാണ്. ബാങ്കിംഗ്, ഇന്‍ഷൂറന്‍സ്, ഓഹരി വിപണി, സഹകരണ സംഘം തുടങ്ങിയ മേഖലകളിലെല്ലാം ബി.കോം ബിരുദദാരികള്‍ക്ക് ഏറെ അവസരങ്ങളുണ്ട്. ബി.കോമും കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്ങില്‍ പരിശീലനവും നേടുന്നവര്‍ക്ക് ലോകത്തിന്റെ ഏതു കോണിലും അക്കൗണ്ടന്റായി ജോലി ചെയ്യാവുന്നതാണ്.

കോഴ്‌സുകളുടെ തെരഞ്ഞെടുപ്പ്

വ്യക്തിത്വ സവിശേഷതകള്‍, താല്‍പര്യം, കഴിവ്, അഭിരുചി, സാമ്പത്തിക അടിത്തറ, ഭാവിയിലെ സാധ്യതകള്‍, ധാര്‍മ്മിക പിന്‍ബലം എന്നിവ പരിഗണിച്ചാണ് കോഴ്‌സുകള്‍ തെരഞ്ഞെടുക്കേണ്ടത്. കുട്ടിയുടെ അഭിരുചി കണക്കിലെടുക്കാതെ തങ്ങളുടെ താല്‍പര്യങ്ങള്‍ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്ന രക്ഷിതാക്കള്‍ പിന്നീട് ദു:ഖിക്കേണ്ടിവരും. രക്ഷിതാവിന്റെ താല്‍പര്യത്തിന് വഴങ്ങി തനിക്ക് താല്‍പര്യമില്ലാത്ത വിഷയം പഠിക്കേണ്ടിവരുമ്പോള്‍ ഒരു പക്ഷെ കുട്ടിക്ക് പഠനം വിരസമാവുകയും പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവരികയും ചെയ്യുമെന്ന യാഥാര്‍ത്ഥ്യത്തിന് നേരെ മുതിര്‍ന്നവര്‍ കണ്ണടക്കരുത്. തനിക്ക് നേടാന്‍ കഴിയാത്ത സ്വപ്നം തന്റെ മകനിലൂടെ/മകളിലൂടെ നേടണമെന്നാഗ്രഹിക്കുന്ന രക്ഷിതാവ് കുട്ടിയുടെ കഴിവ് പരിഗണിക്കുന്നുണ്ടോ എന്ന് ചിന്തിക്കണം. രക്ഷിതാക്കളുടെയും സുഹൃത്തുക്കളുടെയും താല്‍പര്യം മാത്രം പരിഗണിച്ച് കോഴ്‌സുകള്‍ തെരഞ്ഞെടുക്കുന്നത് ബുദ്ധിയല്ല എന്ന തിരിച്ചറിവുണ്ടാകണം. വ്യക്തമായ ദിശാബോധത്തിന്റെ അഭാവത്തിലുള്ള ഇത്തരം പ്രശ്‌നങ്ങള്‍ തലമുറകള്‍ക്ക് നിരാശയുടെ വിത്തുപാകലാണ് എന്ന ബോധത്തോടെ കോഴ്‌സുകള്‍ തെരഞ്ഞെടുക്കലാണ് അഭികാമ്യമായ മാര്‍ഗ്ഗം.



 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  an hour ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  an hour ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  an hour ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  an hour ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  2 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  3 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  3 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago