മുന്നോക്ക സംവരണത്തിനെതിരേ സമരം ശക്തമാക്കി എസ്.എന്‍.ഡി.പി
ആലപ്പുഴ: മുന്നോക്ക സംവരണം നടപ്പിലാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരേ പ്രത്യക്ഷ സമരം ശക്തമാക്കാനുള്ള എസ്.എന്‍.ഡി.പി യോഗത്തിന്റെ തീരുമാനം ഇടതുമുന്നണിക്കും സംസ്ഥാന സര്‍ക്കാരിനും കനത്ത തിരിച്ചടിയാകും. വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഇതു ബാധിക്കുമെന്ന ഭയം ഇടതുമുന്നണിക്കുള്ളിലുണ്ട്.
കഴിഞ്ഞ കുറച്ചുകാലമായി ഇടതുമുന്നണിയോടും സര്‍ക്കാരിനോടും ചേര്‍ന്നുനിന്ന എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സംവരണത്തില്‍ ഉടക്കിയത് യോഗത്തിനു സ്വാധീനമുള്ള മേഖലകളില്‍ മുന്നണിക്ക് കടുത്ത പ്രതിസന്ധിയുണ്ടാക്കും. പ്രത്യേകിച്ച് എസ്.എന്‍.ഡി.പി പ്രത്യക്ഷ സമരത്തിനിറങ്ങിയത് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതിന് തിരിച്ചടിയാകും.
നിലവില്‍ മുന്നോക്ക സംവരണ വിഷയത്തില്‍ സമരരംഗത്തുള്ള മുസ്‌ലിം സംഘടനകളുമായി കൂട്ടുചേര്‍ന്ന് പ്രക്ഷോഭം നടത്തേണ്ടെന്നാണ് എസ്.എന്‍.ഡി.പി തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ വെള്ളാപ്പള്ളിയുടെ നിര്‍ദേശത്തിനു വിരുദ്ധമായി സമരരംഗത്തുള്ള എല്ലാവരുമായി സഹകരിക്കണമെന്ന അഭിപ്രായം യോഗത്തില്‍ ചിലര്‍ക്കുണ്ട്. വെള്ളാപ്പള്ളിയുടെ സ്ഥായിയായ മുസ്‌ലിം ലീഗ് വിരോധം മാത്രമാണ് ഇതിനു വിലങ്ങുതടിയായി നില്‍ക്കുന്നത്.
പലപ്പോഴും നിലപാടുകളില്‍ ഉറച്ചുനില്‍ക്കാത്ത വെള്ളാപ്പള്ളി ഭാവിയില്‍ മറ്റു സംഘടനകളുമായി സഹകരിച്ച് യോജിച്ച പ്രക്ഷോഭത്തിനിറങ്ങുമോ എന്ന ഭയവും സി.പി.എമ്മിനെയും ഇടതുമുന്നണിയെയും അലട്ടുന്നുണ്ട്. എസ്.എന്‍.ഡി.പിക്ക് സ്വാധീനമുള്ള തെക്കന്‍ മേഖലകളില്‍ സംവരണത്തിന്റെ പേരില്‍ ന്യൂനപക്ഷ വോട്ടു കൂടി നഷ്ടമായാല്‍ രാഷ്ട്രീയമായി അത് ഏറ്റവുമധികം ബാധിക്കുന്നത് സി.പി.എമ്മിനെയായിരിക്കും.
അതേസമയം പിന്നോക്ക സംവരണ സംരക്ഷണത്തിനായുള്ള പ്രത്യക്ഷ പ്രക്ഷോഭം കണിച്ചുകുളങ്ങരയില്‍ വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്തു. ഈഴവ മെമ്മോറിയലിനു നേതൃത്വം നല്‍കിയ ഡോ. പല്‍പ്പുവിന്റെ ജന്മദിനമായ നവംബര്‍ രണ്ടിനാണ് സമരത്തിന് തുടക്കം കുറിച്ചതെന്നതും ശ്രദ്ധേയമാണ്. വരുംദിവസങ്ങളില്‍ പ്രക്ഷോഭം ശക്തമാക്കാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."