റിമാന്‍ഡിലുള്ള പ്രതി ജാമ്യഹരജി നല്കി
തലശ്ശേരി: സി.ഒ.ടി നസീര്‍ വധശ്രമക്കേസിലെ ഗൂഢാലോചനയില്‍ അറസ്റ്റിലായ പ്രതി ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യഹരജി നല്കി. കൊളശ്ശേരി കളരിമുക്കിലെ കുന്നിനേരിമീത്തല് വി.കെ സോജിത്ത് (25) ആണു ഹരജി നല്‍കിയത്. നസീറിനെ ഇയാളാണു ആക്രമിസംഘത്തിനു കാണിച്ചുകൊടുത്തതെന്നാണ് അന്വേഷണസംഘം പറയുന്നത്. കുറ്റകൃത്യത്തില്‍ പങ്കെടുത്ത പൊന്ന്യം പുല്യോടി ചെറിയ പുതിയവീട്ടില്‍ അശ്വന്തിനെയും സോജിത്തിനെയും ഒരുദിവസമാണു അറസ്റ്റുചെയ്തത്. ഇവരില്‍ നിന്നാണു മറ്റു പ്രതികളെക്കുറിച്ചുള്ള വിവരം പൊലിസിനു ലഭിച്ചത്.
കേസില്‍ മൂന്നുപേര്‍ മുന്‍കൂര്‍ ജാമ്യഹരജി നല്‍കിയിരുന്നു. കാവുംഭാഗം മൂക്കള്ളില് മീത്തല്‍ വീട്ടില്‍ ജിതേഷ് (25), കുന്നിനേരി മീത്തല്‍ വീട്ടില്‍ എം.വി വിപിന്‍ (32), ചെറിയാണ്ടി ഹൗസില്‍ സി. മിഥുന് (30) എന്നിവരുടെ മുന്‍കൂര്‍ ജാമ്യഹരജിയാണ് ഇന്നത്തേക്കു പരിഗണിക്കുന്നതിനായി മാറ്റിവച്ചത്. ഇവര്‍ പ്രതിപ്പട്ടികയിലുണ്ടെന്ന് പറയപ്പെടുന്ന സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യഹരജി നല്‍കിയത്. കേസ് ഡയറി പൊലിസ് ഇന്നു ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയാല്‍ മാത്രമേ മൂന്നുപേരുടെ മുന്‍കൂര്‍ ജാമ്യ ഹരജി പരിഗണിക്കാന്‍ പറ്റൂ. നേരത്തെ നല്കിയ അശ്വന്തിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."