ഹറമൈന്‍ ട്രെയിന്‍ നിരക്ക് പുറത്ത്; മക്ക-മദീന യാത്രക്ക് 75 റിയാല്‍
റിയാദ്: പുണ്യനഗരികളെയും ജിദ്ദ, റാബിഗ് നഗരങ്ങളെയും ബന്ധപ്പെടുത്തി പണിപൂര്‍ത്തീകരിച്ച ഹറമൈന്‍ ട്രെയിന്‍ സര്‍വിസിന്റെ ടിക്കറ്റ് നിരക്ക് പുറത്തുവിട്ടു. മക്കയില്‍നിന്ന് മദീനയിലേക്ക് ഇക്കോണമി ക്ലാസില്‍ 75 റിയാലും (1,441 രൂപ) ബിസിനസ് ക്ലാസില്‍ 95 റിയാലുമാണ് (1,825 രൂപ) ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നതെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. ജിദ്ദയില്‍നിന്ന് മദീനയിലേക്ക് ഇക്കോണമിയില്‍ 60 റിയാലും ബിസിനസ് ക്ലാസില്‍ 75 റിയാലുമാണ് നിശ്ചയിട്ടുള്ളത്. എന്നാല്‍, നിരക്ക് അധികൃതര്‍ ഔദ്യോഗികമായി പരസ്യപ്പെടുത്തിയിട്ടില്ല.
ദേശീയദിനത്തോടനുബന്ധിച്ച് ഔദ്യോഗികമായി പ്രവര്‍ത്തനം തുടങ്ങുമെന്നു കരുതപ്പെടുന്ന സര്‍വിസ്, ഹജ്ജ്-ഉംറ തീര്‍ഥാടകര്‍ക്കും മക്ക-മദീന യാത്രികര്‍ക്കും ഏറെ ആശ്വാസം പകരുന്നതാണ്. മക്ക, മദീന പുണ്യനഗരികള്ക്കിടയില് നിലവിലെ ഏഴു മണിക്കൂറില്‍നിന്നു രണ്ടു മണിക്കൂറിനു താഴെയായി യാത്രാസമയം കുറയും. ഏറ്റവും തിരക്കേറിയ ജിദ്ദ-മദീന-മക്ക നഗരങ്ങളെ തമ്മില്‍ ബന്ധപ്പെടുത്തുന്ന എക്സ്പ്രസ് വേകളിലെ തിരക്ക് ലഘൂകരിക്കാനും പരിസരമലിനീകരണം ഒരളവോളം കുറയ്ക്കാനും ട്രെയിന്‍ സര്‍വിസ് കാരണമാകും.
മധ്യ പൗരസ്ത്യ ദേശത്തെ ഏറ്റവും വലിയ ഗതാഗത പദ്ധതികളിലൊന്നായ ഹറമൈന്‍ ട്രെയിന്‍ സര്‍വിസ് യാത്ര മണിക്കൂറില്‍ മുന്നൂറ് കി.മീറ്റര്‍ വേഗതയിലായിരിക്കും. പ്രതിവര്‍ഷം ആറുകോടി യാത്രക്കാരെയാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."