രോഗിക്ക് കാന്‍സറെന്ന് ആര്‍.സി.സി; ഇല്ലെന്ന് കോട്ടയം മെഡിക്കല്‍ കോളജ്
ആര്‍പ്പൂക്കര: കാന്‍സര്‍ ബാധിതനാണെന്നതിന് തിരുവനന്തപുരം ആര്‍.സി.സിയില്‍ നിന്നുള്ള പരിശോധന രേഖകളുമായി എത്തിയ രോഗിക്ക് രോഗബാധയില്ലെന്ന് കോട്ടയം മെഡിക്കല്‍ കോളജ്. അര്‍ബുദമില്ലാത്ത രോഗിക്ക് കീമോ ചെയ്തത് വിവാദമായതിനുപിന്നാലെയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ പുതിയ സംഭവവും അരങ്ങേറിയത്.
കാന്‍സര്‍ രോഗമുണ്ടെന്ന ആര്‍.സി.സിയിലെ പരിശോധന രേഖകളുമായി രോഗി കോട്ടയം മെഡിക്കല്‍ കോളജ് ഓങ്കോളജി വിഭാഗത്തിലാണ് ചികിത്സ തേടിയെത്തിയത്. എന്നാല്‍ ഇവിടുത്തെ പതോളജി ലാബിലെ ബയോപ്‌സി റിപ്പോര്‍ട്ടില്‍ അര്‍ബുദ രോഗമില്ലെന്ന് നല്‍കിയതാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്.
എന്നാല്‍ രോഗിയുടെ ആരോഗ്യനില വളരെ മോശമായതും ആര്‍.സി.സിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോകാനാകാത്തതുമായ സാഹചര്യം പരിഗണിച്ച് ഇന്നലെ കൂടിയ അടിയന്തര മെഡിക്കല്‍ ബോര്‍ഡ് ഇയാള്‍ക്ക് അര്‍ബുദ ചികിത്സ ആരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഓങ്കോളജി യൂനിറ്റി ചീഫ് ഡോ.സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് കോട്ടയം മണിമല ഏടേരിക്കപ്പുഴ സ്വദേശിയായ 50 വയസുകാരന് ചികിത്സ നല്‍കി വരുന്നത്. രണ്ടു തരത്തിലുള്ള റിപ്പോര്‍ട്ടിന്റെ പേരില്‍ പരാതികളും പൊലിസ് കേസും നിലനില്‍ക്കുന്ന സാഹചര്യമാണ് ഡോക്ടര്‍മാരെ പ്രതിസന്ധിയിലാക്കിയത്.
അതേസമയം, ആര്‍.സി.സിയില്‍ പരിശോധനക്ക് വിധേയമാക്കിയ സ്ലൈഡ് പുനഃപരിശോധനക്കായി അയക്കാനും ബോര്‍ഡ് തീരുമാനിച്ചു. ഇദ്ദേഹത്തിന്റെ ആമാശയത്തില്‍ അര്‍ബുദം ബാധിച്ചു തുടങ്ങിയെന്നാണ് തിരുവനന്തപുരം റീജ്യനല്‍ കാന്‍സര്‍ സെന്ററില്‍നിന്ന് ലഭിച്ച വിവിധ പരിശോധനാ ഫലങ്ങളില്‍ പറയുന്നത്. യാത്രാ സൗകര്യം പരിഗണിച്ചാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സിച്ചാല്‍ മതിയെന്ന് രോഗിയുടെ ബന്ധുക്കള്‍ തീരുമാനിച്ചത്. അതനുസരിച്ച് രോഗിയുമായി ബന്ധുക്കള്‍ ഇന്നലെ ഓങ്കോളജി യൂനിറ്റ് ചീഫ് ഡോ.സുരേഷ് കുമാറിനെ കണ്ടിരുന്നു. രണ്ടു തരത്തിലുള്ള റിപ്പോര്‍ട്ട് കാരണം കീമോ ചികിത്സ നടത്തിയതിന് പൊലിസ് കേസ് ഉള്‍പ്പെടെ തനിക്കെതിരേ നിലനില്‍ക്കുന്നതിനാല്‍ വ്യക്തമായ പരിശോധനാ ഫലം ലഭിക്കാതെ ചികിത്സ നല്‍കുവാനാവില്ലെന്ന് അദ്ദേഹം ആദ്യം രോഗിയുടെ ബന്ധുക്കളെ അറിയിച്ചിരുന്നു.
തിരുവനന്തപുരത്ത് പോയി ചികിത്സ തുടരുവാന്‍ ബന്ധുക്കളോട് നിര്‍ദേശിച്ചെങ്കിലും അവര്‍ വഴങ്ങിയിരുന്നില്ല. പിന്നീട് മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്നാണ് ചികിത്സ നല്‍കുവാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."