തൊടുപുഴ ജില്ലാ ആശുപത്രി പരാധീനതകളുടെ നടുവില്‍; പ്രതിഷേധം പതിവാകുന്നു
തൊടുപുഴ: തൊടുപുഴ താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയെങ്കിലും പരാധീനതകള്‍ക്ക് ഖുറവില്ല. പ്രതിദിനം നൂറുകണക്കിന് രോഗികള്‍ ചികിത്സ തേടിയെത്തുന്ന ജില്ലാ ആശുപത്രിക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ജില്ലാ പഞ്ചായത്ത് നിരന്തരം വീഴ്ചവരുത്തുന്നത് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്നു.
ജീവനക്കാരുടെ കുറവ് അടക്കമുള്ള കാര്യങ്ങള്‍ യഥാസമയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ജില്ലാ പഞ്ചായത്തിന് കഴിയുന്നില്ല. അടിയന്തിര ഘട്ടങ്ങളില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാമെന്നിരിക്കെ, അതിനു പോലും ജില്ലാ പഞ്ചായത്ത് തയാറാകുന്നില്ല. ആശുപത്രിയില്‍ കുടിവെള്ളവിതരണം മുടങ്ങുന്ന സാഹചര്യമുണ്ടായിട്ടും നിഷ്‌ക്രിയത്വം പുലര്‍ത്തുന്നത് പലപ്പോഴും സംഘര്‍ഷത്തിനു വരെ വഴിവെയ്ക്കുന്നു.
നഴ്‌സുമാരുടെ കുറവ് മൂലം രോഗികള്‍ക്ക് മെച്ചപ്പെട്ട സേവനം പലപ്പോഴും നിഷേധിക്കപ്പെടുകയാണ്.
കഴിഞ്ഞ ദിവസം ഡയാലിസിസ് യൂണിറ്റിന് മുന്നില്‍ ആശുപത്രി ജീവനക്കാര്‍ക്കു നേരെ രോഗികള്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഡയാലിസിസ് യൂണിറ്റില്‍ നഴ്‌സുമാരുടെ സേവനം ലഭ്യമാകാത്തതായിരുന്നു പ്രശ്‌നത്തിനു കാരണം. ഇതേത്തുടര്‍ന്ന് നഴ്‌സുമാരെ അധിക ഡ്യൂട്ടിക്ക് അധികൃതര്‍ നിര്‍ബന്ധിച്ചു. ഇവര്‍ സേവനസന്നദ്ധരുമായി. ആവശ്യത്തിന് നഴ്‌സുമാരെ നിയമിക്കാതെ അധിക ഡ്യൂട്ടി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ നഴ്‌സുമാര്‍ പ്രതിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്ന് മൂന്നുപേരെ ഉടനെ ഡയാലിസിസ് യൂണിറ്റില്‍ നിയോഗിക്കാമെന്നായിരുന്നു ഡിഎംഒ നല്‍കിയ ഉറപ്പ്.
തൊടുപുഴ താലൂക്ക് ആശുപത്രിയെ ഒരുവര്‍ഷം മുന്‍പാണ് ജില്ലാ ആശുപത്രിയാക്കി ഉയര്‍ത്തിയത്. എന്നാല്‍, ഇതനുസരിച്ചുള്ള സ്റ്റാഫ് പാറ്റേണ്‍ ഇനിയും ഇവിടെ സാധ്യമായിട്ടില്ല. നിലവില്‍ ഇവിടെ 47 നഴ്‌സുമാരാണുള്ളത്. 127 നഴ്‌സുമാര്‍ വേണ്ടിടത്താണിത്. ആശുപത്രി ശുചീകരണ വിഭാഗത്തിലും ജീവനക്കാരില്ലാത്ത അവസ്ഥയുണ്ട്.
ജില്ലാ പഞ്ചായത്ത് വിചാരിച്ചാല്‍ താല്‍ക്കാലിക തൊഴിലാളികളെ നിയോഗിക്കാവുന്നതേയുള്ളൂ. നൂറുകണക്കിന് രോഗികള്‍ വന്നുപോകുന്ന ആശുപത്രിയില്‍ ഇന്നലെ ഒരാള്‍ മാത്രമാണ് ശുചീകരണജോലിക്കായി ഉണ്ടായിരുന്നത്. ഫിസിഷ്യന്‍ അടക്കമുള്ള ഡോക്ടര്‍മാരുടെ കുറവും ആശുപത്രിയെ അലട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."