ഇന്ത്യക്ക് തോല്‍വി
കൊളംബോ: ശ്രീലങ്കക്കെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് പരാജയം. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ ആദ്യത്തെ രണ്ട് മത്സരങ്ങളിലും ഇന്ത്യ ജയിച്ചിരുന്നു. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ശ്രീലങ്കക്ക് മികച്ച തുടക്കമാണ് ലഭിച്ചത്.
ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡ് തുറക്കും മുന്‍പേ ഓപണര്‍ ജെമിമാ റോഡ്രിഗസിനെ പ്രബോധനി പുറത്താക്കി. പിന്നീടെത്തിയ സ്മൃതി മന്ദാനയും ക്യാപ്റ്റന്‍ മിതാലി രാജും പിടിച്ചു നിന്നതോടെ ഇന്ത്യ മികച്ച സ്കോര്‍ കണ്ടെത്തി. മിഥാലി രാജ് സെഞ്ച്വറിയും (125*), സ്മൃതി മന്ദാന അര്‍ധ സെഞ്ച്വറിയും(51) നേടി. ഇവരോടൊപ്പം ദീപ്തി ശര്‍മ്മയും(38) ചേര്‍ന്ന് ഇന്ത്യയെ 253-5 എന്ന സ്കോറിലേക്ക് നയിക്കുകയായിരുന്നു. 254 റണ്‍സ് വിജയ ലക്ഷ്യം ലങ്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഒരു പന്ത് അവശേഷിക്കെയാണ് മറികടന്നത്. 156-2 എന്ന നിലയില്‍ ശ്രീലങ്കന്‍ നിരയെ സമ്മര്‍ദ്ദത്തിലാക്കുവാന്‍ ഇന്ത്യയ്ക്കായെങ്കിലും പരമ്പര തൂത്തുവാരുവാന്‍ ടീമിനായില്ല.
അവസാന ഓവറില്‍ വിജയിക്കുവാന്‍ 6 റണ്‍സ് വേണ്ടിയിരുന്ന ശ്രീലങ്ക ആദ്യ നാല് പന്തില്‍ നിന്ന് തന്നെ സ്കോര്‍ ഒപ്പമെത്തിക്കുകയും അഞ്ചാം പന്ത് ബൗണ്ടറി പായിച്ച് വിജയം നേടുകയും ചെയ്തു. ശ്രീപാലി വീരക്കൊടി(14*), കവിഷ ദില്‍ഹാരി(12*) എന്നിവരാണ് ടീമിന്റെ വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നത്. എട്ടാം വിക്കറ്റില്‍ നിര്‍ണായകമായ 16 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്.
നേരത്തെ ക്യാപ്റ്റന്‍ ചാമരി അട്ടപ്പട്ടുവിന്റെ സെഞ്ച്വറിയുടെ ബലത്തിലാണ് (115) ശ്രീലങ്ക വിജത്തിലെത്തിയത്. ഒന്നാം വിക്കറ്റില്‍ ഹസിനി പെരേരയും(45) ചാമരിയും 101 റണ്‍സാണ് നേടിയത്. ഇന്ത്യയ്ക്കായി മാന്‍സി ജോഷി, ജുലന് ഗോസ്വാമി എന്നിവര്‍ രണ്ട് വിക്കറ്റും പൂനം യാദവ്, ദയലന്‍ ഹേമലത എന്നിവര്‍ ഓരോ വിക്കറ്റും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."