ചന്ദ്രയാന്‍ രണ്ടാംഘട്ടത്തിന്റെ വിക്ഷേപണം ജൂലൈ 15ന്
ബംഗളൂരു: ഐ.എസ്.ആര്‍.ഒയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍-2 അടുത്ത മാസം 15ന് വിക്ഷേപിക്കും. പുലര്‍ച്ചെ 2.51ന് ആയിരിക്കും വിക്ഷേപണമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. സെപ്റ്റംബര്‍ ആറിന് ദൗത്യം ചന്ദ്രന്റെ ഉപരിതലത്തില്‍ എത്തും. ജി.എസ്.എല്‍.വി മാര്‍ക്ക്-3 ആണ് വിക്ഷേപണ വാഹനം.
ചന്ദ്രനിലെ രാസഘടനയെക്കുറിച്ച് പഠിക്കുന്നതിനാണ് ചന്ദ്രയാന്‍-2 വിക്ഷേപിക്കുന്നത്. ചന്ദ്രനിലെ ഹീലിയത്തിന്റെ അളവ് എത്രത്തോളമുണ്ട് എന്ന് അറിയുകയാണ് ലക്ഷ്യം. ഒന്നാം ദൗത്യത്തില്‍ ഇതുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ ലഭിച്ചിരുന്നു. ഇതിലുള്ളതിനേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ ആര്‍ജിക്കുകയെന്നതാണ് രണ്ടാം ദൗത്യത്തിന്റെ ലക്ഷ്യം. ചന്ദ്രനിലെ ധാതുക്കളെ വിശകലനം ചെയ്യുന്നതിനും ചന്ദ്രോപരിതലത്തിലെ ദൃശ്യങ്ങള്‍, വെള്ളത്തിനായി തിരയുന്നതിനും സഹായിക്കുന്ന 13 ഉപകരണങ്ങളും ചന്ദ്രയാനില്‍ ഉള്‍പ്പെടുന്നുണ്ട്.
ലാന്‍ഡര്‍, റോവര്‍, ഓര്‍ബിറ്റര്‍ എന്നീ മൂന്നുഘടകങ്ങളാണ് പേടകത്തിലുള്ളത്. ചന്ദ്രോപരിതലത്തില്‍ ലാന്‍ഡര്‍ ഇറക്കി ഐ.എസ്.ആര്‍.ഒ നടത്തുന്ന ആദ്യ പരീക്ഷണമാണിത്. സെപ്റ്റംബര്‍ ആദ്യവാരം ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തും. ഒരു ചാന്ദ്രദിനമാണ് ലാന്‍ഡറിന്റെയും റോവറിന്റെയും ആയുസ്. ഓര്‍ബിറ്ററിന് ഒരു വര്‍ഷത്തെ ആയുസുണ്ട്.ഭാവി ദൗത്യങ്ങള്‍ക്കുള്ള മുന്നൊരുക്കമെന്ന നിലയിലും ചന്ദ്രയാന്‍-2ന്റെ വിക്ഷേപണത്തെ വിലയിരുത്താമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."