കനകപ്പലം 110 കെ.വി സബ് സ്റ്റേഷന്‍ ഇന്ന് കമ്മിഷന്‍ ചെയ്യും
എരുമേലി: കനകപ്പലം 110 കെ.വി സബ് സ്റ്റേഷന്‍ ഇന്ന് കമ്മീഷന്‍ ചെയ്യും. ഇതോടെ എരുമേലിയിലെ വൈദ്യുതി പ്രതിസന്ധിക്കും, വൈദ്യുതി പ്രതിസന്ധിമൂലം മുടങ്ങിക്കിടക്കുന്ന ജലവിതരണ പദ്ധതിക്കും പരിഹാരമാകും.
ഉദ്ഘാടന ചടങ്ങുകളൊന്നുമില്ലാതെ രാവിലെ 10.30ന് വൈദ്യുതി വകുപ്പ് പ്രസരണ നിര്‍മ്മാണ വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കുര്യന്‍ മാത്യു, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അനിത ബാലക്യഷ്ണന്‍, എ.ഇ എന്‍.എസ് പ്രസാദ് എന്നിവരുടെ സാന്നിധ്യത്തില്‍ കനകപ്പലം 110 കെ.വി സബ് സ്റ്റേഷനെ വൈദ്യുതി വിതരണ ശ്യംഖലയുമായി ബന്ധിപ്പിക്കും.
കാഞ്ഞിരപ്പളളി 110 കെ.വി സബ് സേറ്റഷനില്‍ നിന്നും കനകപ്പലത്ത് എത്തുന്ന 110 കെ.വി വൈദ്യുതിയെ 11 കെ.വിയാക്കി മാറ്റുന്നതിന് 12.5 മെഗാവോള്‍ട്ട് ആമ്പിയറിന്റെ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചു. 11 കെ.വിയാക്കി മാറ്റുന്ന ലൈനുകളെ ആറ് 11 കെ.വി ഫീഡറുകള്‍ വഴിയാണ് എരുമേലിയിലും പരിസരപ്രദേശങ്ങളിലുമുളള 11 കെ.വി നെറ്റുവര്‍ക്കുകളുമായി ബന്ധിപ്പിക്കുന്നത്. ഇന്ന് ഇതില്‍ മൂന്നെണ്ണമാണ് കണക്ട് ചെയ്യുക. നിലവില്‍ കാഞ്ഞിരപ്പളളി സബ് സ്റ്റേഷനില്‍ നിന്നും രണ്ട് ലൈനുകളാണ് എരുമേലിയില്‍ എത്തുന്നത്. ഇത് ഭാവിയില്‍ അഞ്ച് ലൈനുകള്‍ വരെയാകും. ഇതോടെ വൈദ്യുതി മുടക്കത്തിനും വോള്‍ട്ടേജ് ക്ഷാമത്തിനും പരിഹാരമാകും. സമീപ പഞ്ചായത്തുകളിലും ആവശ്യമെങ്കില്‍ വൈദ്യുതി എത്തിക്കാന്‍ കഴിയും.
11 വര്‍ഷം മുമ്പ് യു.ഡി.എഫ് ഭരണകാലത്ത് മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദാണ് കനകപ്പലം സബ് സ്റ്റേഷന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചത്.
ഇതിനായി മൂന്നേക്കര്‍ സ്ഥലം എടുത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും വൈദ്യുതി ലൈനുകള്‍ വലിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ വന്നതോടെ പദ്ധതി മുടങ്ങുകയായിരുന്നു. പരാതികള്‍ പരിഹരിച്ച് പത്ത്മാസം മുമ്പാണ് വീണ്ടും പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പേരുകേട്ട എരുമേലിയില്‍ വൈദ്യുതി, കുടിവെളളം പ്രതിസന്ധികള്‍ക്ക് പരിഹാരമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."