ബി.ജെ.പിയില്‍ പൊട്ടിത്തെറി
കോഴിക്കോട്: ശോഭ സുരേന്ദ്രനു പിന്നാലെ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ ഏകാധിപത്യ പ്രവണതക്കെതിരേ തുറന്നടിച്ച് ദേശീയ നിര്‍വാഹക സമിതി അംഗം പി.എം വേലായുധനും രംഗത്തുവന്നതോടെ ബി.ജെ.പി സംസ്ഥാന ഘടകത്തില്‍ പൊട്ടിത്തെറി.
സുരേന്ദ്രന്‍ പാര്‍ട്ടിയില്‍ തന്നിഷ്ടം നടപ്പാക്കുകയാണെന്നാണ് വിമതരുടെ പ്രധാന ആരോപണം. സുരേന്ദ്രനെതിരേ രൂക്ഷമായ വിമര്‍ശനമുയര്‍ത്തിയ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ പി.എം.വേലായുധന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വിങ്ങിപ്പൊട്ടുകയും ചെയ്തു.
പ്രസിഡന്റിനെ കണ്ടെത്താന്‍ നേതാക്കള്‍ക്കിടയില്‍ നടന്ന വോട്ടെടുപ്പില്‍ സ്ഥാനം ഉറപ്പിക്കാന്‍ സുരേന്ദ്രന്‍ പദവികള്‍ വാഗ്ദാനം ചെയ്‌തെന്ന് വേലായുധന്‍ വെളിപ്പെടുത്തി.
തന്നെ തഴഞ്ഞതിലും ഒതുക്കിയതിലുമുള്ള അതൃപ്തി കഴിഞ്ഞ ദിവസം ശോഭാ സുരേന്ദ്രനും പരസ്യമാക്കിയിരുന്നു.
കെ.സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായതിനു ശേഷം പാര്‍ട്ടിയുടെ ഔദ്യോഗിക യോഗങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുന്ന ശോഭ കഴിഞ്ഞ ദിവസം കേന്ദ്ര നേതൃത്വത്തിനു കത്തെഴുതിയിരുന്നു. ഇതിനു പിന്നാലെയാണ് ദലിത് നേതാവായ വേലായുധനും കലാപക്കൊടി ഉയര്‍ത്തിയത്.
മുന്‍പെങ്ങുമില്ലാത്ത വിധത്തിലുള്ള ഭിന്നതയാണ് ഇപ്പോള്‍ ബി.ജെ.പിയില്‍ രൂപപ്പെട്ടത്. സുരേന്ദ്രന്‍ അധ്യക്ഷനായതു മുതലുള്ള പ്രശ്‌നങ്ങള്‍ ഇപ്പോള്‍ പരസ്യ പ്രതികരണത്തിലേക്കെത്തിയിരിക്കുകയാണ്. തങ്ങളുടെ പരാതി ദേശീയ നേതൃത്വത്തിനു മുന്നിലെത്തുന്നത് വി.മുരളീധരന്‍ തടയുന്നുണ്ടെന്ന വിമര്‍ശനവും ശോഭാ സുരേന്ദ്രനടക്കമുള്ളവര്‍ക്കുണ്ട്.
സുരേന്ദ്രന്‍ സംസ്ഥാനത്തെ ബി.ജെ.പിയെ നിയന്ത്രിക്കുന്ന ഏകവ്യക്തിയായി മാറിക്കൊണ്ടിരിക്കുന്നതാണ് ബി.ജെ.പിയിലെ ഇപ്പോഴത്തെ കലാപത്തിന് പ്രധാന കാരണം.
തന്നെ നേരത്തെ അവഗണിച്ച നേതാക്കളെയെല്ലാം പൂര്‍ണമായി വെട്ടിനിരത്തിക്കൊണ്ടാണ് സുരേന്ദ്രന്റെ മുന്നോട്ടു പോക്ക്. ഇതിനെല്ലാം കേന്ദ്രമന്ത്രി വി മുരളീധരന്റെ പിന്തുണയുമുണ്ട്.
പൂര്‍ണമായി അവഗണിക്കപ്പെട്ട ശോഭാ സുരേന്ദ്രന്‍ പരസ്യ പ്രതികരണം നടത്തിയിട്ടും അതൊന്നും മുഖവിലക്കെടുക്കാന്‍ സുരേന്ദ്രന്‍ തയാറായിട്ടില്ല.തന്നെ അനുസരിച്ചു കഴിയുന്നവര്‍ക്ക് തുടരാമെന്നും ശോഭ ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി വിട്ടുപോയാലും ഒരു പ്രശ്‌നവുമില്ലെന്ന നിലപാടിലാണ് സുരേന്ദ്രന്‍.
'സുരേന്ദ്രന്‍ വഞ്ചിച്ചു'
തിരുവനന്തപുരം: കെ. സുരേന്ദ്രന്‍ തന്നെ വഞ്ചിച്ചെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.എം വേലായുധന്‍. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് സുരേന്ദ്രനെ പിന്തുണച്ചയാളാണ് താന്‍.
മക്കള്‍ വളര്‍ന്ന് അവരൊരു നിലയിലെത്തുമ്പോള്‍ അച്ഛനേയും അമ്മയേയും വൃദ്ധസദനത്തില്‍ കൊണ്ടിട്ട പോലെയാണ് ഇപ്പോഴത്തെ അവസ്ഥ. എന്നെപ്പോലെ ഒട്ടേറെ പേര്‍ വീടുകളിലിരിക്കുകയാണ്. ഈ വിഷമം പറയാനാണ് സംസ്ഥാന അധ്യക്ഷനെ നിരന്തരം ഫോണില്‍ വിളിച്ചത്. അദ്ദേഹം ഫോണെടുത്തില്ല. പരാതി കേള്‍ക്കാനുള്ള ബാധ്യത സുരേന്ദ്രനുണ്ടെന്നും പി.എം.വേലായുധന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."