കിരണ്‍ ആരോഗ്യ സര്‍വേ: മരുന്നു പരീക്ഷണത്തിനും കനേഡിയന്‍ ഗവേഷണ ഏജന്‍സി ശ്രമിച്ചു
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കിരണ്‍ ആരോഗ്യ സര്‍വേ വഴി സംസ്ഥാനത്ത് മരുന്നു പരീക്ഷണത്തിനും കനേഡിയന്‍ ഗവേഷണ കമ്പനി ശ്രമിച്ചു. ഏതാണ്ട് പത്തു ലക്ഷത്തിലധികം ആളുകളുടെ ആരോഗ്യ വിവരങ്ങളാണ് കനേഡിയന്‍ ഗവേഷണ ഏജന്‍സിയായ പോപ്പുലേഷന്‍ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (പി.എച്ച്.ആര്‍.ഐ) ശേഖരിച്ചത്.
ഇതിന്റെ ആദ്യഘട്ട ഡാറ്റകള്‍ ലഭ്യമായതോടെയാണ് പി.എച്ച്.ആര്‍.ഐ തലവനും മലയാളിയുമായ ഡോ. സലിം യൂസഫിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ മരുന്നു പരീക്ഷണത്തിന് കളമൊരുക്കിയത്. ജീവിതശൈലീരോഗങ്ങള്‍ കൂടിയ കേരളത്തില്‍ കൊളസ്‌ട്രോളിനും രക്തസമ്മര്‍ദത്തിനും ഹൃദയസംബന്ധമായ പ്രശ്‌നത്തിനും ഉപയോഗിക്കാവുന്ന ഒറ്റ മരുന്ന് എന്ന നിലയില്‍ പോളി പില്‍ എന്ന പുതിയ ഗുളികയ്ക്ക് വലിയ വിപണി ഒരുക്കാനായിരുന്നു നീക്കം. എന്നാല്‍ പോളി പില്‍ എന്ന പേരില്‍ കേരളത്തില്‍ കൊണ്ടുവന്നാല്‍ വിവാദങ്ങളുണ്ടാകുമെന്നും പോളി ഫാര്‍മസി എന്നുപയോഗിച്ചാല്‍ മതിയെന്നും സര്‍വേയുമായി സഹകരിച്ച ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിളിന്റെ ഡോ. വിജയകുമാര്‍ ഡോ. സലിം യൂസഫിന് മെയില്‍ അയച്ചു.
പിന്നീട് മരുന്നു പരീക്ഷണവുമായി ബന്ധപ്പെട്ട് കാനഡയില്‍ സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ അന്നത്തെ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും സര്‍വേയുടെ മുഖ്യ ആസൂത്രകനുമായ രാജീവ് സദാനന്ദനും ഡോ. വിജയകുമാറും ആരോഗ്യ വകുപ്പിലെ ഡോ. ബിപിന്‍ ഗോപാലും പങ്കെടുത്തു.
അതിനു ശേഷമാണ് കാനഡയില്‍ കുറച്ചാളുകളില്‍ പരീക്ഷിച്ച ശേഷം അടുത്ത ഘട്ടം എന്ന നിലയില്‍ ഈ ഗുളിക കേരള സര്‍ക്കാരിന്റെ ആരോഗ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരളത്തില്‍ സൗജന്യമായി നല്‍കാന്‍ നീക്കം നടത്തിയത്. ഇതിനായി വമ്പന്‍ ബഹുരാഷ്ട്ര മരുന്നു കമ്പനികളും രംഗത്തെത്തിയിരുന്നു.
സര്‍ക്കാര്‍ പദ്ധതിയിലുള്‍പ്പെടുത്തി സൗജന്യമായി മരുന്നു നല്‍കിയാല്‍ നിരവധി രോഗികള്‍ അതുപയോഗിക്കും. ഇവരിലെ മാറ്റങ്ങള്‍ കിരണ്‍ സര്‍വേയുടെ മറവില്‍ കനേഡിയന്‍ ഗവേഷണ ഏജന്‍സിക്ക് കൃത്യമായി വിലയിരുത്താനുമാകുമെന്നതായിരുന്നു ഈ നീക്കത്തിനു പിന്നില്‍.
അതിനിടെ 10 ലക്ഷം പേരുടെ സമഗ്ര ആരോഗ്യ സര്‍വേ വിവരങ്ങള്‍ കൈമാറിയതിനൊപ്പം 10 വര്‍ഷത്തെ തുടര്‍ സര്‍വേ വിവരങ്ങളും കാനഡയിലെ പി.എച്ച്.ആര്‍.ഐക്ക് നല്‍കാന്‍ ധാരണയുണ്ടാക്കിയതിനു ശേഷമാണ് രാജീവ് സദാനന്ദന്‍ സര്‍വിസില്‍ നിന്ന് വിരമിച്ചത്. ഈ സര്‍വേയുടെ തുടര്‍നടപടിക്കു വേണ്ടിയാണ് മുഖ്യമന്ത്രിയുടെ കൊവിഡ് ഉപദേശകനായി രാജീവ് സദാനന്ദന്‍ വീണ്ടുമെത്തിയത് എന്നും സൂചനയുണ്ട്.
ആദ്യ സര്‍വേയില്‍ പങ്കെടുത്ത കുടുംബങ്ങളെ തുടര്‍ സര്‍വേയില്‍ വര്‍ഷം തോറും സന്ദര്‍ശിച്ചു വിവരങ്ങള്‍ ശേഖരിക്കും. സര്‍വേയുടെ ഏകോപനം നിര്‍വഹിച്ച അച്യുത മേനോന്‍ സെന്റര്‍ ഫോര്‍ മെഡിക്കല്‍ സയന്‍സ് സ്റ്റഡീസിന്റെ രേഖകളിലും 10 വര്‍ഷം തുടര്‍ സര്‍വേയുണ്ടെന്നു വ്യക്തമാക്കിയിട്ടുണ്ട്. പി.എ.എച്ച്.ആര്‍.ഐയുടെ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് സര്‍വേ നടത്തിയത്. സര്‍വേയില്‍ പങ്കെടുത്ത കുടുംബാംഗങ്ങളില്‍ രണ്ടു വയസിനു മുകളിലുള്ളവരുടെ ചികിത്സാ ചരിത്രം, കഴിക്കുന്ന മരുന്നുകള്‍, വിദ്യാഭ്യാസം, തൊഴില്‍, മദ്യപാന ശീലം, പുകയില ഉപയോഗം എന്നീ വിവരങ്ങള്‍ ശേഖരിച്ചു. അടുത്ത 10 വര്‍ഷത്തേക്ക് ഈ വീടുകള്‍ സന്ദര്‍ശിച്ചു വിവരങ്ങള്‍ ശേഖരിക്കാന്‍ രേഖാമൂലം അനുമതിയും വാങ്ങുകയായിരുന്നു.
സര്‍ക്കാര്‍ മേഖലയില്‍ ഈ മരുന്ന് പരീക്ഷിച്ചിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നതെങ്കിലും സ്വകാര്യ മേഖലയില്‍ പരീക്ഷിച്ചോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. അതിനിടെ മരുന്ന് പരീക്ഷണം ആരോഗ്യ സര്‍വേയുടെ ഭാഗമല്ലെന്ന് ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍ ചെയര്‍മാന്‍ ഡോ. വി. രാമന്‍ കുട്ടി പറഞ്ഞു. സര്‍വേ വിവരങ്ങള്‍ ചോരില്ല. ആരോഗ്യ സര്‍വേയില്‍ ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍ പങ്കാളിയല്ല. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കനേഡിയന്‍ ഏജന്‍സി പി.എച്ച്.ആര്‍.ഐയുടെ സഹകരണത്തോടെ നടത്താന്‍ നിശ്ചയിച്ച സര്‍വേയില്‍ ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിളും പങ്കാളിയായിരുന്നു. വിവാദമായതോടെ സംഘടന പിന്മാറി. ഇപ്പോള്‍ നടക്കുന്ന സര്‍വേയില്‍ ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
സര്‍വേയുടെ ഭാഗമായി മരുന്നു പരീക്ഷണ നീക്കം എന്ന ആരോപണവും അദ്ദേഹം തള്ളി. പത്തു ലക്ഷത്തോളം പേരുടെ ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കുകയാണ് ലക്ഷ്യം. ഇതില്‍ എട്ടര ലക്ഷം പേരുടെ വിവരങ്ങള്‍ ശേഖരിച്ചു. ഡാറ്റ വിദേശ കമ്പനികള്‍ക്ക് കൈമാറാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."