കാര്‍ട്ടൂണ്‍ പുരസ്‌കാരം: പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം
ന്യൂഡല്‍ഹി: മതപ്രതീകങ്ങളെ അവഹേളിക്കുന്ന വിധത്തില്‍ ചിത്രീകരിച്ച കാര്‍ട്ടൂണിനെ ലളിതകലാ അക്കാദമി പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തതിനോട് സര്‍ക്കാരിന് യോജിപ്പില്ലെന്നും വിഷയം പുനഃപരിശോധിക്കാന്‍ കേരള ലളിതകലാ അക്കാദമിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍.
സര്‍ക്കാരിന്റെ നടപടി ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കൈകടത്തലല്ലെന്നും മന്ത്രി പറഞ്ഞു. ഡല്‍ഹിയിലെ കേരള ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. തെരഞ്ഞെടുപ്പിന്റെ ജയപരാജയങ്ങളുമായി ഈ അവാര്‍ഡിന് ബന്ധമുണ്ടെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ന്യൂനപക്ഷ സമുദായങ്ങളോട് മാന്യമായ സമീപനമാണ് എക്കാലവും ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ചത്- മന്ത്രി വ്യക്തമാക്കി.
കാര്‍ട്ടൂണില്‍ ബിഷപ് ഫ്രാങ്കോയെ ചിത്രീകരിച്ചതിനോട് സര്‍ക്കാര്‍ വിയോജിക്കുന്നില്ല. അദ്ദേഹത്തിന്റെ ചെയ്തികളെ പൊതുസമൂഹം വിലയിരുത്തിയതാണ്. എന്നാല്‍ അദ്ദേഹത്തെ പൊതുസമൂഹത്തിനു മുന്നില്‍ വരച്ചുകാട്ടാന്‍ പ്രത്യേക മതവിഭാഗത്തിന്റെ ചിഹ്നം അവഹേളിക്കുന്ന രീതിയില്‍ ഉപയോഗിച്ചതിനോടാണ് യോജിക്കാന്‍ കഴിയാത്തത്. ഫ്രാങ്കോയെ പരിഹസിക്കാനായി ഒരു മതവിഭാഗത്തിന്റെ പ്രതീകം ഉപയോഗിച്ചത് വിശ്വാസികളില്‍ ബുദ്ധിമുട്ടുണ്ടാക്കും.
ഇതു സര്‍ക്കാര്‍ പൂര്‍ണമായും അംഗീകരിക്കുന്നു. മതപ്രതീകങ്ങളെ അവഹേളിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്യുന്നത് സര്‍ക്കാര്‍ നയമല്ല. ലളിതകലാ അക്കാദമി ഇത് പുനഃപരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കണം. എന്നാല്‍ ആവിഷ്‌കാര സ്വാതന്ത്യത്തില്‍ തികഞ്ഞ സഹിഷ്ണുതയാണ് ഈ സര്‍ക്കാര്‍ എക്കാലവും കാണിച്ചത്. കഴിഞ്ഞ വര്‍ഷത്തെ കാര്‍ട്ടൂണ്‍ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത് മുഖ്യമന്ത്രിയെ പരിഹസിക്കുന്ന കാര്‍ട്ടൂണായിരുന്നു. മുഖ്യമന്ത്രി തന്നെയാണ് അവാര്‍ഡ് വിതരണം ചെയ്തതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ലളിതകലാ അക്കാദമിയുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാറില്ല. അക്കാദമി ചുമതലപ്പെടുത്തുന്ന സമിതിയാണ് ജൂറിയെ തീരുമാനിക്കുന്നത്. ഇത്തവണ പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളായ പി. സുകുമാര്‍, പി.വി കൃഷ്ണന്‍, മധു ഓമല്ലൂര്‍ എന്നിവരാണ് കാര്‍ട്ടൂണുകള്‍ പരിശോധിച്ച് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തതെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."