കലാപങ്ങളും തെരഞ്ഞെടുപ്പ് രാഷ്ട്രീയവുമായി ബന്ധപ്പെട്ടുള്ള നിരീക്ഷണങ്ങളുമായി പുതിയ പഠനം
ന്യൂഡല്‍ഹി: 1960-2000 വരെയുള്ള കാലയളവില്‍ കോണ്‍ഗ്രസിന്റെ തുടര്‍ച്ചയായ വിജയങ്ങള്‍ ഇന്ത്യയില്‍ വര്‍ഗീയ കലാപങ്ങള്‍ കുറച്ചതായി പഠനം. ഈ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടിരുന്നുവെങ്കില്‍ ഇതുവരെ ഉണ്ടായതിനേക്കാളും 11 ശതമാനം കൂടുതല്‍ കലാപങ്ങളും 46 ശതമാനം മരണങ്ങളും ഉണ്ടാവുമായിരുന്നെന്നാണു പഠനം നിരീക്ഷിക്കുന്നത്. ജേണല്‍ ഓഫ് പൊളിറ്റിക്കല്‍ സയന്‍സ് ആണു പുതിയ പഠന പ്രബന്ധം പ്രസിദ്ധീകരിച്ചത്.
ബെര്‍ക്‌ലി കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോ ആയ ഗാരെത്ത് നെല്ലിസ്, ബോസ്റ്റണ്‍ സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് അസിസ്റ്റന്റ് പ്രൊഫസര്‍ സ്റ്റീവന്‍ റോസന്‍സ്വീഗ്, ഷിക്കാഗോ സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായ മൈക്കല്‍ വീവര്‍ എന്നിവര്‍ ചേര്‍ന്നാണു പ്രബന്ധം തയാറാക്കിയത്. 'സാമുദായിക കലാപങ്ങള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ ഹേതുവാണോ? ഇന്ത്യയില്‍നിന്നുള്ള തെളിവുകള്‍' എന്ന തലക്കെട്ടിലാണു പ്രബന്ധം പ്രസിദ്ധീകരിച്ചത്.
സാമുദായിക അസ്വസ്ഥത നിലനില്‍ക്കുന്ന വിവിധ ജില്ലകളില്‍ കോണ്‍ഗ്രസിന്റെ വിജയമാണു പല കലാപങ്ങളും ഇല്ലാതാക്കിയത്. മുസ്‌ലിംകളുടെ പിന്തുണ ഉറപ്പാക്കാനായി വിജയസാധ്യതയുള്ള സ്ഥലങ്ങളില്‍ കലാപങ്ങള്‍ ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുമെന്നും പഠനത്തില്‍ പറയുന്നു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍, സമാജ്‌വാദി പാര്‍ട്ടി, ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി തുടങ്ങിയ സ്വാധീനമുള്ള മതേതരകക്ഷികളുണ്ടെങ്കിലും രാജ്യത്തുടനീളം ഇന്ത്യയുടെ ബഹുസ്വരത പ്രകടമാവുന്ന എല്ലാവിധത്തിലുമുള്ള ജനവിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന പാര്‍ട്ടി കോണ്‍ഗ്രസാണെന്നും ഈ പശ്ചാത്തലമാണ് അവര്‍ വിജയിക്കുന്നിടത്ത് കലാപങ്ങള്‍ കുറയാന്‍ കാരണമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
1960-2000 കാലത്തിനിടെയുണ്ടായ കലാപങ്ങളുടെ എണ്ണം 998 ആണ്. എന്നാല്‍, കോണ്‍ഗ്രസ് പരാജയപ്പെട്ടിരുന്നെങ്കില്‍ ഇത് 1,114 ആകുമായിരുന്നു. ഇത്രയും കലാപങ്ങളുണ്ടായാല്‍ 30,000 എന്ന ഇപ്പോഴത്തെ മരണനിരക്ക് 43,000 ആയി ഉയരുമെന്നും പഠനം പറയുന്നു. നേരത്തെ കുറഞ്ഞ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസ് പരാജയപ്പെട്ട പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പിന്നീട് ജയിച്ചപ്പോള്‍ അവിടങ്ങളില്‍ 10 ശതമാനം കലാപങ്ങള്‍ കുറഞ്ഞു.
എന്നാല്‍, ഹിന്ദുക്കള്‍ ഭൂരിപക്ഷമായ പ്രദേശങ്ങളില്‍ കലാപമണക്കാന്‍ ചെറിയ ശ്രമമേ കോണ്‍ഗ്രസ് ചെയ്തിട്ടുള്ളൂവെന്നും പഠനം കുറ്റപ്പെടുത്തുന്നു.
നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കലാപങ്ങള്‍ കാരണം കോണ്‍ഗ്രസിനു ശരാശരി 1.3 ശതമാനം എന്ന നിലക്ക് വോട്ടുപങ്കാളിത്തം കുറയുകയും ബി.ജെ.പിക്ക് 0.8 ശതമാനം കൂടുകയും ചെയ്യുന്നതായും പഠനം പറയുന്നു.
അതേസമയം, 1981-2001 കാലത്തെ നിയമസഭാ തെരഞ്ഞെടുപ്പുഫലം വിലയിരുത്തിയ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ശ്രീയ അയ്യറും ആനന്ദ് ശ്രീവാസ്തവയും ഹിന്ദു-മുസ്‌ലിം കലാപങ്ങള്‍ വന്‍തോതില്‍ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നതായും കലാപങ്ങള്‍ കാരണം അഞ്ചുമുതല്‍ ഏഴുവരെ വോട്ട് ശതമാനം ബി.ജെ.പിക്കു വര്‍ധിക്കുന്നതായും നിരീക്ഷിച്ചിരുന്നു. ഇതും പഠനത്തില്‍ ചേര്‍ത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."