സ്‌കൂള്‍ ഉച്ചഭക്ഷണ വിഭവങ്ങള്‍ തീരുമാനിക്കാന്‍ വിദ്യാര്‍ഥി പ്രതിനിധിയും
കൊച്ചി: സ്‌കൂള്‍ ഉച്ചഭക്ഷണ വിഭവങ്ങള്‍ തീരുമാനിക്കുന്നതിനും ഫണ്ട് വിനിയോഗിക്കുന്നതിനുമുള്ള സ്‌കൂള്‍ കമ്മിറ്റിയില്‍ ഇനി വിദ്യാര്‍ഥി പ്രതിനിധിയും. 2019-20 അധ്യയന വര്‍ഷത്തേക്കുള്ള ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ ഇറക്കിയ പൊതുമാര്‍ഗ നിര്‍ദേശത്തിലാണ് സ്‌കൂള്‍ ഉച്ചഭക്ഷണ കമ്മിറ്റിയുടെ ഘടന പുനഃസംഘടിപ്പിച്ച് അധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കുമൊപ്പം വിദ്യാര്‍ഥി പ്രതിനിധിയെ കൂടി ഉള്‍പ്പെടുത്തി ഉത്തരവായിരിക്കുന്നത്. ഉച്ചഭക്ഷണത്തിന് കുട്ടികള്‍ക്ക് ചോറിനൊപ്പം രണ്ട് കറികള്‍ നിര്‍ബന്ധമായും നല്‍കണമെന്നും കറികളുടെ മെനുവില്‍നിന്ന് രസവും അച്ചാറും ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
പി.ടി.എ പ്രസിഡന്റ് ചെയര്‍മാനും ഹെഡ്മാസ്റ്റര്‍ കണ്‍വീനറുമായ ഉച്ചഭക്ഷണ കമ്മിറ്റിയിലേക്ക് പുതുതായി എയ്ഡഡ് സ്‌കൂളുകളില്‍ മാനേജര്‍മാരെയും അംഗങ്ങളാക്കി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അധ്യാപക അനുപാതം കുറച്ച് രക്ഷകര്‍ത്താക്കളുടെയും അധ്യാപകേതര അംഗങ്ങളുടെയും എണ്ണം വര്‍ധിപ്പിച്ചുകൊണ്ടാണ് പുതിയ കമ്മിറ്റിയുടെ ഘടന. വാര്‍ഡ് മെംബര്‍, മദര്‍ പി.ടി.എ പ്രസിഡന്റ്, എസ്.സി, എസ്.ടി വിദ്യാര്‍ഥികള്‍, ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ എന്നിവരുടെ രക്ഷകര്‍ത്താക്കളുടെ പ്രതിനിധികള്‍, രണ്ട് അധ്യാപകര്‍ (ഒരാള്‍ വനിത), സ്‌കൂള്‍ ഉച്ചഭക്ഷണ പാചകത്തൊഴിലാളി എന്നിവരാണ് മറ്റു അംഗങ്ങള്‍. കൂടാതെ ന്യൂട്രീഷന്‍ വിദഗ്ധര്‍, കൃഷി ഓഫിസര്‍, പ്രദേശത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ എന്നിവരെ പ്രത്യേക ക്ഷണിതാക്കളായി യോഗത്തില്‍ പങ്കെടുപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. അതാത് മാസത്തെ ഉച്ചഭക്ഷണ മെനു മാസ ആരംഭത്തില്‍ തന്നെ കമ്മിറ്റി തയാറാക്കണം. ആഴ്ചയില്‍ ഒരു മുട്ട വീതം പുഴുങ്ങി നല്‍കണമെന്നത് മുട്ടക്കറിയായി നല്‍കാനും പുതിയ സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു. ഉച്ചഭക്ഷണ വിതരണം ചെയ്യുന്നതിന് മുന്‍പായി അധ്യാപകരെ കൂടാതെ ഉച്ചഭക്ഷണ പദ്ധയില്‍ ഉള്‍പ്പെട്ട കുട്ടികളുടെ ഒന്നിലധികം രക്ഷകര്‍ത്താക്കളോ രുചിച്ചു നോക്കണം. സ്‌കൂളുകളില്‍ അടുക്കള പച്ചക്കറിത്തോട്ടം സജ്ജീകരിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ ഒന്നിന് 5,000 രൂപ വീതം നല്‍കും. ഇതോടൊപ്പം സംസ്ഥാന കൃഷി വകുപ്പില്‍നിന്ന് സ്‌കൂള്‍ ഒന്നിന് 5,000 രൂപയുടെ ധനസഹായം കൂടി നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."