ഒരുകോടിയുടെ നിരോധിത നോട്ടുമായി അഞ്ചുപേര്‍ പിടിയില്‍
നിലമ്പൂര്‍: ഒരുകോടിയുടെ നിരോധിത നോട്ടുമായി അഞ്ചുപേര്‍ പൊലിസ് പിടിയിലായി. തിരുവനന്തപുരം ശ്രീകാര്യം ചവടിക്കോട് സന്തോഷ് ഭവനില്‍ സന്തോഷ് (43), ചെന്നൈ ഭജന കോവില്‍ മുനീശ്വര്‍ സ്ട്രീറ്റിലെ സോമനാഥന് എന്ന നായര്‍ സര് (71), കൊണ്ടോട്ടി സ്വദേശികളായ കൊളത്തൂര്‍ നീറ്റാണി കുളപ്പള്ളി ഫിറോസ് ബാബു (34), ചിറയില്‍ ജസീന മന്‍സിലില്‍ ജലീല്‍ (36), മഞ്ചേരി പട്ടര്‍കുളം എരിക്കുന്നന്‍ ഷൈജല്‍ (32) എന്നിവരെയാണ് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ നിലമ്പൂര്‍ ഇന്‍സ്പെക്ടര്‍ കെ.എം ബിജു അറസ്റ്റു ചെയ്തത്.
ഒരുകോടിയുടെ നിരോധിക്കപ്പെട്ട 1000, 500 രൂപനോട്ടുകളുമായാണ് ഇവരെ നിലമ്പൂര്‍ വടപുറം പാലപറമ്പില്വച്ച് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. 1000ത്തിന്റെ 9,956 നോട്ടുകളും, 500ന്റെ 88 നോട്ടുകളുമാണ് പിടിച്ചെടുത്തത്.
പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നു തൃശൂരും പാലക്കാടും കേന്ദ്രീകരിച്ചാണ് പ്രധാന ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതെന്ന വിവരം ലഭിച്ചിട്ടുണ്ട്. 10 ലക്ഷം രൂപ നല്‍കിയാണു ഒരുകോടിയുടെ നിരോധിത കറന്‍സി ചെന്നൈയില്‍ നിന്നു വാങ്ങിയത്. ഇതില്‍ അഞ്ചുലക്ഷം രൂപ മുന്‍കൂര്‍ നല്‍കിയതായി പ്രതികള്‍ മൊഴി നല്കി.
35 ലക്ഷത്തിനാണ് ഒരു കോടി രൂപയുടെ നിരോധിത നോട്ടുകള്‍ വില്പന നടത്തുന്നത്. ചെന്നൈയില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ഇത്തരത്തില്‍ നിരോധിത നോട്ടുകള്‍ കേരളത്തിലേക്ക് എത്തുന്നുണ്ട്. ജില്ലയില്‍ കൊണ്ടോട്ടി, കോട്ടക്കല്‍ എന്നിവിടങ്ങളില്‍ ചില ഏജന്റുമാര്‍ നിരോധിത നോട്ടുകളുടെ കൈമാറ്റവും വിതരണവും നടത്തുന്നുണ്ടെന്ന് ജില്ലാ പൊലിസ് മേധാവി പ്രതീഷ് കുമാറിന് കിട്ടിയ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഒരുമാസത്തിനിടെ 25 കോടിരൂപയുടെ നിരോധിത നോട്ടുകളാണ് ജില്ലയില്‍നിന്നു പിടികൂടിയത്. പ്രതികളെ നിലമ്പൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."