യോഗിക്ക് ആരെയും വിമര്‍ശിക്കാം, യോഗിയെ പാടില്ല
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്ത ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവത്തെ സുപ്രിംകോടതി കഴിഞ്ഞ ദിവസം അതിനിശിതമായ ഭാഷയിലാണ് വിമര്‍ശിച്ചത്. കൊലക്കുറ്റമാണോ ജയിലിലടയ്ക്കാന്‍ മാധ്യമ പ്രവര്‍ത്തകനായ പ്രശാന്ത് കനോജി ചെയ്തതെന്ന കോടതിയുടെ ചോദ്യത്തിനു മുന്നില്‍ യു.പി സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന് ഉത്തരമില്ലായിരുന്നു.
എത്രയും പെട്ടെന്ന് പ്രശാന്തിനെ വിട്ടയയ്ക്കണമെന്ന് ഉത്തരവ് നല്‍കിക്കൊണ്ട് സുപ്രിംകോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. 'നേഷന്‍ ലൈവ്' ചാനലിന്റെ മാധ്യമ പ്രവര്‍ത്തകന്‍ അന്‍ഷല്‍ കൗശിക്കിനെയും ചാനലിന്റെ ചെയര്‍മാന്‍ ഇഷികസിങ്, എഡിറ്റര്‍ അനൂജ് ശുക്ല എന്നിവരെയും യോഗിയെ വിമര്‍ശിച്ചതിന്റെ പേരില്‍ യു.പി പൊലിസ് അറസ്റ്റ് ചെയ്തു ജയിലിലടച്ചിരുന്നു. യോഗിയെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശിച്ചു എന്നാണ് ഇവര്‍ക്കെതിരേ ചുമത്തിയ കുറ്റം.
വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്ന നിയമനടപടികള്‍ അംഗീകരിക്കാനാകില്ലെന്നും ഇവിടെ ഒരു ഭരണഘടനയുള്ളത് മറക്കരുതെന്നും കോടതി യു.പി സര്‍ക്കാറിനെ ഓര്‍മിപ്പിച്ചു. യോഗിയെ വിവാഹം ചെയ്യാന്‍ താല്‍പര്യപ്പെടുന്നുവെന്ന് ഒരു സ്ത്രീ മാധ്യമങ്ങളോട് പറയുന്ന ദൃശ്യങ്ങള്‍ പരാമര്‍ശ സഹിതം പ്രശാന്ത് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു എന്നതാണ് അദ്ദേഹത്തിനുമേല്‍ ആരോപിക്കപ്പെട്ട കുറ്റം. ഇത് യോഗിക്ക് അധിക്ഷേപമായി തോന്നിയത്രെ. അറസ്റ്റിലായ പ്രശാന്തിനെ മജിസ്‌ട്രേറ്റ് കോടതി 12 ദിവസത്തേക്ക് റിമാന്റ് ചെയ്യാന്‍ ഉത്തരവിട്ടതും സുപ്രിംകോടതിയുടെ നിശിതവിമര്‍ശനത്തിനു വിധേയമായി. അറസ്റ്റിനും റിമാന്‍ഡിനുമെതിരേ പ്രശാന്തിന്റെ ഭാര്യ ജഗീഷ സുപ്രിംകോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കേസിന് വ്യാപക ശ്രദ്ധകിട്ടിയത്. പ്രശാന്തിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് വമ്പിച്ച പ്രതിഷേധ പ്രകടനങ്ങളാണ് ഡല്‍ഹിയിലടക്കം മാധ്യമപ്രവര്‍ത്തകര്‍ നടത്തിയത്. ഐ.പി.സി 500ാം വകുപ്പ് ചുമത്തിയായിരുന്നു പ്രശാന്തിനെ യു.പി പൊലിസ് അറസ്റ്റ് ചെയ്തിരുന്നത്. മതത്തിനും ദൈവങ്ങള്‍ക്കുമെതിരേ പ്രശാന്ത് പ്രകോപനപരമായ ട്വീറ്റുകള്‍ എഴുതിയിട്ടുണ്ടെന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന്റെ വാദം കോടതി തള്ളിക്കളയുകയായിരുന്നു.
ഐ.പി.സി 500ാം വകുപ്പ് പ്രകാരം മാനഹാനി വരുത്തിയെന്നും ഐ.ടി നിയമത്തിലെ 67ാം വകുപ്പ് പ്രകാരം ഇലക്ട്രോണിക് മാധ്യമത്തിലൂടെ അശ്ലീല വിവരങ്ങള്‍ പങ്കുവച്ചുമെന്നുമാണ് പ്രശാന്തിനെതിരേ ചുമത്തിയ കുറ്റങ്ങള്‍. എന്നാല്‍ ഇതൊന്നും അറസ്റ്റ് ചെയ്യാനുള്ള മതിയായ കാരണങ്ങളല്ലെന്നാണ് സുപ്രിംകോടതി നിരീക്ഷിച്ചത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ക്കെതിരേ സഭ്യേതരവും മതവിദ്വേഷം പ്രചരിപ്പിക്കുന്നതുമായ വിമര്‍ശനങ്ങള്‍ നടത്തിയ ആളാണ് യോഗി. വയനാട് മണ്ഡലത്തില്‍ രാഹുലിനെ പിന്തുണച്ചതിന്റെ പേരില്‍ മുസ്‌ലിം ലീഗ് വൈറസാണെന്നും യോഗി പറഞ്ഞിരുന്നു. ഇതിനെതിരേ മുസ്‌ലിം ലീഗ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയതുമാണ്. ഷാരൂഖ് ഖാന്റെയും സാക്കിര്‍നായിക്കിന്റെയും ശബ്ദം ഒരുപോലെയാണെന്നും യോഗി വിമര്‍ശിക്കുകയുണ്ടായി. മതവിദ്വേഷം പ്രചരിപ്പിച്ചതിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ യോഗിക്ക് 24 മണിക്കൂര്‍ പ്രസംഗവിലക്കും ഏര്‍പെടുത്തിയിരുന്നു. യോഗിക്ക് ആരെയും വിമര്‍ശിക്കാമെന്നും യോഗിയെ ആരും വിമര്‍ശിക്കരുതെന്നും വരുന്നത് വ്യക്തിസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ഭരണഘടനാ വകുപ്പുകളുടെ ലംഘനമാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന വ്യക്തി സ്വാതന്ത്ര്യത്തെ ധിക്കരിച്ചുകൊണ്ടാണ് യു.പി പൊലിസ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തതും ജയിലിലടച്ചതും.
അഭിപ്രായം പ്രകടിപ്പിക്കുന്നവരെ കരിനിയമം ഉപയോഗിച്ച് കല്‍തുറുങ്കിലടയ്ക്കുക എന്നത് പണ്ടുമുതല്‍ക്കേ ഏകാധിപതികളുടെ സ്വഭാവമാണ്. ഭരണാധികാരികള്‍ക്കു നേരെയുണ്ടാകുന്ന വിമര്‍ശനങ്ങള്‍ സഹിഷ്ണുതയോടെ കേള്‍ക്കാന്‍ ഇവര്‍ തയാറാകുകയില്ല. അതിനാലാണ് അസഹിഷ്ണുതയോടെ നടപടികള്‍ക്കു തുനിയുന്നത്. എന്നാല്‍ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ നിലവിലുള്ള നിയമത്തില്‍ ഈ അസഹിഷ്ണുതാ പ്രകടനങ്ങളൊന്നും നിലനില്‍ക്കില്ല എന്ന് യോഗിയെപ്പോലുള്ള ഏകാധിപത്യ പ്രവണതകള്‍ പുലര്‍ത്തുന്ന മുഖ്യമന്ത്രിമാര്‍ ഓര്‍ക്കുന്നത് നല്ലതായിരിക്കും.
മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ചതിന്റെ പേരില്‍ എം.ജി സര്‍വകാലശാലയിലെ ഒരു ജീവനക്കാരന്‍ ഇന്നും സസ്‌പെന്‍ഷനിലാണെന്ന യാഥാര്‍ഥ്യവും ഇതോടൊപ്പം കൂട്ടിവായിക്കാം.
മാധ്യമപ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാനും അവരെ പരസ്യമായി അധിക്ഷേപിക്കാനും ഭരണാധികാരികള്‍ ഉത്സുകരാകുന്നുണ്ടെങ്കില്‍ അവരില്‍ സ്വേച്ഛാധിപത്യം കുടികൊള്ളുന്നു എന്നാണ് മനസിലാക്കേണ്ടത്. വിമര്‍ശനങ്ങള്‍ക്ക് അതീതരാണ് തങ്ങളെന്ന ധാരണ ഭരണാധികാരികള്‍ക്കുണ്ടെങ്കില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് ഭരണഘടന ഉറപ്പ് നല്‍കുന്ന ഒരു രാഷ്ട്രത്തിന് അത് വച്ചുപൊറുപ്പിക്കാനാകില്ല. യോഗിക്ക് ആരെയും വിമര്‍ശിക്കാമെന്നതും യോഗിയെ വിമര്‍ശിച്ചാല്‍ കരിനിയമവും കല്‍ത്തുറുങ്കും എന്നു വരുന്നത് ഇരട്ടനീതിയാണ്. ഒരു ഭരണാധികാരി ആക്ഷേപകരവും വിദ്വേഷം ജനിപ്പിക്കുന്നതുമായ പ്രസംഗം നടത്തിയാല്‍ അതു കേട്ടിരിക്കുന്ന ജനങ്ങളെ സ്വാധീനിക്കാനുള്ള സാധ്യത ഏറെയാണ്. അതിനാല്‍തന്നെ പ്രകോപരമായ പ്രസംഗങ്ങള്‍ നടത്തുന്ന യോഗിക്കെതിരേയായിരുന്നു നിയമ നടപടികളും അറസ്റ്റും ഉണ്ടാകേണ്ടിയിരുന്നത്.
രാഹുല്‍ഗാന്ധിയെ സ്ഥാനത്തും അസ്ഥാനത്തും ഇകഴ്ത്തുകയും ആക്ഷേപിക്കുകയും ചെയ്ത എത്രയോ ട്വീറ്റുകളും വിമര്‍ശനങ്ങളുമാണ് സമൂഹ മാധ്യമങ്ങളിലും വാര്‍ത്താ മാധ്യമങ്ങളിലും സംഘ്പരിവാറിന്റെ ക്വട്ടേഷന്‍ സംഘങ്ങള്‍ പ്രചരിപ്പിച്ചത്. ഇതിനെതിരേ രാഹുല്‍ നിയമ നടപടികള്‍ക്കൊരുങ്ങിയിരുന്നുവെങ്കില്‍ മിക്ക ചാനലുകള്‍ക്കും പത്രസ്ഥാപനങ്ങള്‍ക്കും ജീവനക്കാരുടെ കുറവുണ്ടാകുമായിരുന്നു. സഹിഷ്ണുത എന്താണെന്ന് രാഹുലില്‍ നിന്ന് കണ്ടുപഠിക്കട്ടെ യോഗിയെപ്പോലുള്ള മുഖ്യമന്ത്രിമാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."