വായു ചുഴലിക്കാറ്റ്: ഗുജറാത്തില്‍ രണ്ട് ലക്ഷത്തിലധികം ജനങ്ങളെ ഒഴിപ്പിച്ചു
അഹമ്മദാബാദ്: വായു ചുഴലിക്കൊടുങ്കാറ്റ് ഗുജറാത്ത് തീരത്തേക്കടുത്തതിനെ തുടര്‍ന്ന് തീരമേഖലയില്‍ നിന്ന് 2,15,000 ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. നിലംതൊടുന്നതോടെ അതിരൂക്ഷമായി വീശിയടിക്കാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനത്തിനും മറ്റുമായി കൂടുതല്‍ ദ്രുതകര്‍മ സേനയെ വിന്യസിച്ചിട്ടുണ്ട്.
24 മണിക്കൂറിനുള്ളിലാണ് ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതെന്ന് മുഖ്യമന്ത്രി വിജയ് രുപാണി അറിയിച്ചു. 45 പേരടങ്ങുന്ന 36 ദ്രുതകര്‍മ ടീമുകളെയാണ് വിന്യസിച്ചത്. 11 ടീമുകള്‍ തയാറായി നില്‍ക്കുന്നുണ്ടെന്നും അഡീഷനല്‍ ചീഫ് സെക്രട്ടറി പങ്കജ് കുമാര്‍ പറഞ്ഞു. നിര്‍ണായക സ്ഥലങ്ങളില്‍ ഒന്‍പത് ഹെലികോപ്റ്ററുകളെയും തയാറാക്കിയിട്ടുണ്ട്. ഗുജറാത്ത് സന്ദര്‍ശനത്തിനെത്തിയ വിദേശികളടക്കമുള്ള 10,000 വിനോദ സഞ്ചാരികളെയും മാറ്റിയിട്ടുണ്ട്. സൗരാഷ്ട്ര, കച്ച് മേഖലകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെയും തീരമേഖലയോട് അടുത്ത് താമസിക്കുന്നവരെയുമാണ് പ്രധാനമായും ഒഴിപ്പിച്ചത്. രണ്ട് പ്രത്യേക ട്രെയിനുകളും സര്‍വിസ് നടത്തും. ഓഖയില്‍ നിന്ന് രാജ്‌കോട്ട്, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കാണ് ട്രെയിനുകള്‍ പ്രത്യേക സര്‍വിസ് നടത്തുകയെന്ന് റെയില്‍വേ അറിയിച്ചു. ചീഫ് സെക്രട്ടറി രാജിവ് ഗൗഭയുടെ അധ്യക്ഷതയില്‍ ദേശീയ ദുരന്ത നിവാരണ സേന യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."