കോണ്‍ഗ്രസ് മുന്നണിയില്‍ നിന്നാല്‍ ആരെങ്കിലും രക്ഷപ്പെടുമോ, യു.ഡി.എഫിലേക്കില്ലെന്ന് പി.സി ജോര്‍ജ്ജ്
തിരുവനന്തപുരം: യു.ഡി.എഫിലേക്കില്ലെന്ന് പി സി ജോര്‍ജ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനപക്ഷം ഒറ്റക്ക് മത്സരിക്കും. യു.ഡി.എഫില്‍ എടുത്താലും പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഞാന്‍ പോകാന്‍ ഉദ്ദേശിക്കുന്നില്ല. ഇനി അവര്‍ ഞങ്ങളെ എടുക്കേണ്ട. അവരുമായി ഒരു ബന്ധവും ഇനിയുണ്ടാവില്ല. അല്ലെങ്കിലും ആറ് കഷണമായി നില്ക്കുന്നവര് എവിടെ പോയി നില്‍ക്കാനാണ്. അവിടെ പോയാലും അവര്‍ കാലുവാരും. കോണ്‍ഗ്രസ് മുന്നണിയില്‍ നിന്നാല്‍ ആരെങ്കിലും രക്ഷപ്പെടുമോ?', പി.സി ജോര്‍ജ് പരിഹസിച്ചു. കുറഞ്ഞത് 60 സീറ്റുകളിലെങ്കിലും ജനപക്ഷം മത്സരിക്കുമെന്നു പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സനെതിരെയെും പി.സി ജോര്‍ജ് രംഗത്തെത്തി. ജനപക്ഷത്തിന് ഹസന്റെ ഔദാര്യം വേണ്ട. ഒരു മുന്നണിയുടേയും പിറകെ അപേക്ഷയുമായി പോയിട്ടില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. 'ഞാന്‍ ആരോടെങ്കിലും എടുക്കാമോ എന്ന് ചോദിച്ചാലല്ലേ എം.എം. ഹസന് മറുപടി പറയേണ്ടതുള്ളൂ. എന്നെ എടുക്കുന്നതില്‍ എതിര്‍പ്പുണ്ടെന്ന് പറഞ്ഞത് അയാളുടെ വിവരക്കേടാണ്.
ഞാന്‍ പള്ളിക്കൂടത്തില്‍ പഠിച്ചുപാസായതാണ്, കോപ്പിയടിച്ച് ഡിബാര്‍ ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ എം.എം ഹസന്റേത് കോപ്പിയടിച്ച പാരമ്പര്യമാണെന്നും പി.സി ജോര്‍ജ് ആരോപിച്ചു.
യു.ഡി.എഫുമായി പ്രവര്‍ത്തിക്കാന്‍ താല്പര്യമുണ്ടെന്ന് നേരത്തെ പി സി ജോര്‍ജ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം എതിര്‍പ്പ് ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് പി സി ജോര്‍ജ് നിലപാട് വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."