ബി.ജെ.പി യോഗം ഇന്ന്: അമിത് ഷാ അധ്യക്ഷസ്ഥാനത്ത് തുടര്‍ന്നേക്കും
ന്യൂഡല്‍ഹി: ബി.ജെ.പി ഭാരവാഹി തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ട്ടി അധ്യക്ഷസ്ഥാനത്ത് തുടര്‍ന്നേക്കും. ഡിസംബറിലായിരിക്കും സംഘടനാ തെരഞ്ഞെടുപ്പ്. ഇന്നു ഡല്‍ഹിയില്‍ ചേരുന്ന ഭാരവാഹികളുടെ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. ജൂണ്‍ 18ന് ജനറല്‍ സെക്രട്ടറിമാരുടെ യോഗവും അമിത് ഷാ വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഈ വര്‍ഷം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഒരുക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.
അമിത് ഷാ ആറുമാസത്തേക്ക് കൂടി അധ്യക്ഷപദവിയില്‍ തുടരുമെങ്കിലും പാര്‍ട്ടിക്ക് ഒരു വര്‍ക്കിങ് പ്രസിഡന്റിനെ നിയമിച്ചേക്കുമെന്നും സൂചനയുണ്ട്. ജെ.പി നദ്ദയുടെ പേരാണ് ഈ സ്ഥാനത്തേക്ക് ഉയര്‍ന്നുവരുന്നത്. 2018 സെപ്റ്റംബറില്‍ ചേര്‍ന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗം ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനിക്കുന്നത് വരെ സംഘടനാ തെരഞ്ഞെടുപ്പുകള്‍ മരവിപ്പിച്ചിരുന്നു. 2014 ജൂലൈ ലാണ് രാജ്‌നാഥ് സിങ്ങിന് പകരക്കാരനായി അമിത് ഷാ ബി.ജെ.പി അധ്യക്ഷപദത്തിലെത്തിയത്.
വി. മുരളീധരന്‍ ഡെപ്യൂട്ടി ചീഫ് വിപ്പ്
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലോക്‌സഭാ കക്ഷി നേതാവാക്കി ബി.ജെ.പി പാര്‍ലമെന്ററി എക്‌സികൂട്ടിവ് കമ്മിറ്റി രൂപീകരിച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങാണ് ലോക്‌സഭയിലെ ബി.ജെ.പി ഉപനേതാവ്. സാമൂഹികനീതിമന്ത്രി താവര്‍ചന്ദ് ഗെലോട്ട് ആണ് രാജ്യസഭയിലെ പാര്‍ട്ടി നേതാവ്. കഴിഞ്ഞവര്‍ഷം അരുണ്‍ജെയ്റ്റ്‌ലിക്കായിരുന്നു ഈ ചുമതല. റെയില്‍വേമന്ത്രി പിയൂഷ് ഗോയലാണ് രാജ്യസഭയിലെ ഉപനേതാവ്. ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന ബി.ജെ.പി പാര്‍ലമെന്ററി യോഗത്തിലാണ് തീരുമാനം.
സഞ്ജയ് ജയ്‌സ്വാള്‍ ആണ് ലോക്‌സഭയിലെ ബി.ജെ.പിയുടെ ചീഫ് വിപ്പ്. നാരായണ്‍ ലാല്‍ പഞ്ചാരിയാണ് രാജ്യസഭയിലെ പാര്‍ട്ടി ചീഫ് വിപ്പ്. കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും കേരളത്തില്‍ നിന്നുള്ള ബി.ജെ.പി നേതാവുമായ വി. മുരളീധരനെ രാജ്യസഭയിലെ ഡപ്യൂട്ടി ചീഫ് വിപ്പായും നിയമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."