രാജന്റെ ദുരൂഹമരണം: അന്വേഷണം ഇഴയുന്നതായി പരാതി
കൂത്തുപറമ്പ്: ദുരൂഹസാഹചര്യത്തില്‍ മരിച്ച മാങ്ങാട്ടിടം കരിയിലെ പുത്തന്‍പുര രാജന്‍(63) കേസില്‍ അന്വേഷണം ഇഴയുന്നു. പ്രതികളെ കണ്ടെത്താനോ മരണത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തുന്നതിനോ കഴിയാതെ പൊലിസ് ഇരുട്ടില്‍ തപ്പുകയാണ്.
കഴിഞ്ഞ ഫെബ്രുവരി 22നു പുലര്‍ച്ചെയാണ് മാങ്ങാട്ടിടം പഞ്ചായത്ത് ഓഫിസിനടുത്തെ കുഞ്ഞിപ്പറമ്പത്ത് വീട്ടില്‍ പുത്തന്‍പുരയില്‍ രാജനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്നും മുന്നൂറു മീറ്ററകലെ ആളൊഴിഞ്ഞ പറമ്പിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
ആത്മഹത്യ ചെയ്യാന്‍ പോകുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചുവെന്നായിരുന്നു പ്രാഥമിക നിഗമനം. മൂത്രാശയ സംബന്ധമായ രോഗത്തിന് ചികിത്സയിലുമായിരുന്നു ഇയാള്‍. ദുരൂഹതയുള്ളതിനാല്‍ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജാശുപത്രിയില്‍ വെച്ചാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മരണം കൊലപാതകമാണെന്നും ശ്വാസം മുട്ടിച്ചതാണ് മരണ കാരണമെന്നും വ്യക്തമായത്. ഈ കാര്യം പൊലിസ് രാജന്റെ ബന്ധുക്കളെ അറിയിച്ചിരുന്നു. തുടര്‍ന്ന് രാജന്റെ അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടെ ചിലരെ കേസുമായി ബന്ധപ്പെട്ട് പൊലിസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ദിവസങ്ങളോളം ചോദ്യം ചെയ്തു. കേസില്‍ ഉടന്‍ അറസ്റ്റുണ്ടാകുമെന്നായിരുന്നു പൊലിസ് അറിയിച്ചത്. എന്നാല്‍ പിന്നീട് കസ്റ്റഡിയിലുള്ളവരെ പൊലിസ് വിട്ടയച്ചിരുന്നു.
ഇതേ തുടര്‍ന്ന് രാജന്റെ പെണ്‍മക്കളായ അനിഷ, ഷബിന എന്നിവര്‍ ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കി.
കേസന്വേഷണം ഇഴയുന്ന സാഹചര്യത്തില്‍ പ്രദേശത്ത് ആക്ഷന്‍ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. അന്വേഷണം സബന്ധിച്ച് ബന്ധുക്കള്‍ ഡി.ജി.പി.ടി.പിയെ നേരില്‍കണ്ട് പരാതി നല്‍കിയിരിക്കുകയാണ്. കുത്തുപറമ്പ് സി.ഐ.ഓഫീസിനു മുന്നില്‍ നിരാഹാര സമരം നടത്താനാണ് ബന്ധുക്കളുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."