വയനാട് വെടിവെപ്പ്: സംഭവസ്ഥലത്ത് കനത്ത സുരക്ഷ; മാധ്യമ പ്രവര്‍ത്തകരെ പോലും തടഞ്ഞ് പൊലിസ്
കല്‍പ്പറ്റ: മാവോവാദി-തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടല്‍ നടന്ന മീന്‍മുട്ടി വെള്ളച്ചാട്ടത്തിന് സമീപമുള്ള ഭാസ്‌ക്കരന്‍ പാറയിലേക്ക് മാധ്യമപ്രവര്‍ത്തകരെ പോലും പൊലിസ് കടത്തി വിടുന്നില്ല. പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഇവിടം കനത്ത പൊലിസ് നിരീക്ഷണത്തിലാണ്.
ആന്റി നക്‌സല്‍ ടെറര്‍ സ്‌ക്വാഡ് മേധാവി ചൈത്ര തെരേസ ജോണ്‍, സബ് കലക്ടര്‍ വികല്‍പ് ഭരദ്വാജ് എ.എസ്.പി അജിത് കുമാര്‍വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആസിഫ് തുടങ്ങിയ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പൊലിസ് വനംവകുപ്പ് തണ്ടര്‍ ബോള്‍ട്ട് സേന ഇവിടെ തമ്പടിച്ചിരിക്കുകയാണ്.
ഏറ്റുമുട്ടലുണ്ടായെന്ന പറയപ്പെടുന്ന സ്ഥലവും വാളാരംകുന്ന് പ്രദേശങ്ങളും മുമ്പും മാവോവാദി സാന്നിധ്യം ഉണ്ടായിരുന്ന ഇടങ്ങളാണ്.
ഇന്ന് രാവിലെ 8.30 നും ഒന്‍പതിനും ഇടയിലാണ് വെടിവെപ്പുണ്ടായതെന്നാണ് പൊലിസ് റിപ്പോര്‍ട്ട്.
മീന്‍മുട്ടി വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്ന് ഈ സമയത്ത് വെടിയൊച്ച കേട്ടതായി നാട്ടുകാരും പറയുന്നു.
വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. തമിഴ്‌നാട് സ്വദേശിയാണ് കൊല്ലപ്പെട്ടത്. ആരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. തമിഴ്‌നാട് ക്യു ബ്രാഞ്ച് എത്തിയ ശേഷമേ സ്ഥിരീകരണം ഉണ്ടാവൂ. സംഘം സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
വനമേഖലയോട് ചേര്‍ന്ന പ്രദേശത്ത് തണ്ടര്‍ ബോള്‍ട്ട് പതിവ് പട്രോളിങ് നടത്തുകയായിരുന്നുവെന്നും ഈ സമയം സായുധരായ മാവോയിസ്റ്റുകള്‍ വെടിവെക്കുകയായിരുന്നുവെന്നും സ്വയരക്ഷക്ക് തണ്ടര്‍ബോള്‍ട്ട് സംഘം തിരിച്ച് വെടിവെച്ചുവെന്നുമാണ് പൊലീസ് ഭാഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."