പൊലിസിന് തലവേദന സൃഷ്ടിച്ച് തിരൂരില്‍ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാകുന്നു
തിരൂര്‍: പൊലിസിന് തലവേദന സൃഷ്ടിച്ച് മോഷണവും ലഹരിക്കടത്തും അനാശാസ്യ പ്രവൃത്തികളും തിരൂര്‍ കേന്ദ്രീകരിച്ച് വര്‍ധിക്കുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളിലായി തിരൂര്‍ നഗരം കേന്ദ്രീകരിച്ച് നടന്ന മോഷണക്കേസുകളിലെ പ്രതികളെ പിടികൂടാന്‍ പൊലിസിന് കഴിയാത്ത സാഹചര്യത്തില്‍ വീണ്ടും കവര്‍ച്ചയുണ്ടായത് പൊലിസിനെതിരേ പരാതികള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഒട്ടുമിക്ക മോഷണക്കേസുകളിലും പ്രതികളെ പിടികൂടുന്നതില്‍ തിരൂര്‍ പൊലിസ് പരാജയമാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. പാന്‍ ബസാര്‍ പോസ്റ്റ് ഓഫിസില്‍ നിന്ന് പട്ടാപ്പകല്‍ നാല് ലക്ഷം രൂപ കവര്‍ന്നിട്ട് ഒരു വര്‍ഷമാകാറായിട്ടും കേസ് അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. പൊലിസ് സ്റ്റേഷന്‍ പരിസരത്തെ ലോഡ്ജില്‍നിന്ന് ടി.വി മോഷ്ടിച്ച ആളെയും പിടികൂടാനായിട്ടില്ല.
തൃക്കണ്ടിയൂരിലെ വീട്ടില്‍ നിന്നും നാടോടികള്‍ എത്തി സ്വര്‍ണാഭരണം കവര്‍ന്ന കേസിലും തുമ്പുണ്ടാക്കാന്‍ തിരൂര്‍ പൊലിസിന് ഇതുവരെ കഴിയാത്തതും വീഴ്ചയായാണ് വിലയിരുത്തുന്നത്. തിരൂര്‍ ഗള്‍ഫ് മാര്‍ക്കറ്റിലെ കളവുകള്‍ അടക്കമുള്ള മറ്റ് കേസുകളിലും പ്രതികളെ അറസ്റ്റ് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയാത്തതും ആക്ഷേപങ്ങള്‍ക്കിടയാക്കുകയാണ്.
ആലത്തിയൂര്‍ ആലുങ്ങലില്‍ വീട്ടുകാരെ മയക്കി കിടത്തി കവര്‍ച്ച നടത്തിയതോടെയാണ് മുന്‍കാല കവര്‍ച്ചകളെക്കുറിച്ചും പൊലിസ് നടപടികളെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായത്. തിരൂര്‍ സ്റ്റേഷനില്‍ ആവശ്യമായ പൊലിസ് ഉദ്യോഗസ്ഥരെ നിയമിച്ച് കേസന്വേഷണവും തുടര്‍ നടപടികളും കാര്യക്ഷമമാക്കണമെന്ന ആവശ്യം ഇതോടെ ശക്തമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."